ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസത്ര പഠനം ലളിതമാക്കുന്നതിനും, കുഞ്ഞുങ്ങളിൽ യുക്തിചിന്ത വളർത്തുന്നതിനും വേണ്ടി ഒളകര ഗവ:എൽ.പി സ്കൂളിൽ വിവിധ പരിപാടികളാണ് ഗണിത ശാസ്ത്ര ക്ലബ്ബായ ഗൂഗോളിൻ്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും ആവിഷ്ക്കരിച്ച് നടപ്പാക്കാറുള്ളത്.

മാറുന്ന കാലത്തിനൊപ്പം  യുക്തി ചിന്തയുടെ പുത്തനറിവുകൾ നാമ്പിടുന്ന കുഞ്ഞു കുരുന്നുകളെ സൃഷ്ടിക്കുക എന്നതാണ് ഗൂഗോളിൻ്റെ  പ്രവർത്തനത്തിലൂടെ ഉന്നം വെയ്ക്കുന്നത്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള രമ്യ ടീച്ചറും സിദ്ര ഫാത്വിമ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2022-23

വിദ്യാർത്ഥികളുടെ മാത്തമാജിക്ക്

പെരുവള്ളൂർ: ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി.സ്കൂളിൽ  ഗൂഗോൾ ഗണിത ക്ലബ്ബ് സംഘടിപ്പിക്കുന്ന മാത്തമാജിക്ക് ഗണിത വാരാചരണത്തിന് തുടക്കമായി.

ആദ്യഘട്ടമെന്ന നിലയിൽ പ്രത്യേകം പരിശീലനം നൽകിയ ശേഷം വിദ്യാർത്ഥികൾ അതി മനോഹരമായി, വേറിട്ട രീതിയിൽ  തയ്യാറാക്കിയ   പാറ്റേണുകളുടെ പ്രദർശനം ശ്രദ്ദേശമായി.വിദ്യാർത്ഥികളുടെ കലയിലും ഗണിതത്തിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു പ്രദർശിപ്പിച്ച അതിമനോഹരമായ കുരുന്നുകളുടെ ജ്യോമട്രിക്കൽ ചാർട്ടുകളും ത്രെഡ് പാറ്റേണുകളും.

ചടങ്ങ് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ  റംസീന ഗണിണ ദിന സന്ദേശം നൽകി.

വാരാഘോഷവുമായി ബന്ധപ്പെട്ട് ഗണിത പസിൽ, സുഡാക്കു, ജ്യാമിതീയ രൂപങ്ങളുടെ നിർമാണം തുടങ്ങിയ വിവിധ മത്സരങ്ങൾ വരും ദിവസങ്ങളിൽ സ്കൂളിൽ സംഘടിപ്പിക്കും. അധ്യാപകരായ ഹരിത, സുഷിത, റംസിന, രമ്യ, ഗണിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

2021-22

ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി. ഗണിത കോർണർ രൂപീകരിച്ചു. ജ്യാമിതീയ രൂപങ്ങൾ, ബി.എം.ഐ കണ്ടെത്തൽ തുടങ്ങിയ  പരിശീലനങ്ങൾ നൽകി വിദ്യാർത്ഥികള ഗണിതത്തിലേക്ക് ആകർഷിച്ചു. ജ്യാമിതീയ റോക്കറ്റ് നിർമാണം ഇക്കാലയളവിലെ പ്രധാന പ്രവർത്തനമായിരുന്നു.

ജ്യാമിതീയ റോക്കറ്റ്

ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഭീമൻ ജ്യാമിതീയ റോക്കറ്റ് വിക്ഷേപിച്ച് ഒളകര ജി.എൽ.പി.സ്കൂൾ. ജ്യാമിതീയ രൂപങ്ങളായ വൃത്ത സ്തംഭം, ത്രികോണസ്തംഭം, ചതുര സ്തംഭം, സമചതുര സ്തംഭം തുടങ്ങിയവ ചേർത്തു വെച്ചാണ്  നമ്പർ 1729 റോക്കറ്റിൻ്റെ നിർമ്മിതി. ആധുനിക ഭാരതത്തിലെ പ്രശസ്ത ഗണിത ശാസത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ അയ്യങ്കാറിൻ്റെ ജൻമദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. പരിപാടിയിൽ ഗണിത ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം,ക്വിസ് മത്സരം എന്നിവ നടന്നു. കുഞ്ഞു പ്രായത്തിൽ കുട്ടികൾക്ക് ഗണിത രൂപങ്ങൾ പരിചയപ്പെടുന്നതിനൊപ്പം ഗണിത ആശയങ്ങൾ  സ്വായത്തമാക്കുക എന്നതു കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. റോക്കറ്റിൻ്റെ നിർമ്മിതി കുട്ടികൾക്ക് നവ്യാനുഭവമൊരുക്കി. സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബായ ഗൂഗോൾ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഹെഡ്മാസ്റ്റർ ശശികുമാർ മാസ്റ്റർ ഗണിത ശാസ്ത്ര ദിന സന്ദേശം നൽകി.

2019-20

ഗണിത വീട് നമ്പർ 1729

ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഗണിതവീടൊരുക്കി ഒളകര ഗവ എ ൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികൾ. വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ സ്വന്തമായി നിർമിച്ച ഗണിതോപകരണങ്ങളും ഗണിത ചിഹ്നങ്ങളും ഭാരതീയ ഗണിത ശാസ്ത്രകാരന്മാരുടെ ചിത്രങ്ങളും ഗണിത പുസ്തകങ്ങളും പ്രദർശിപ്പിച്ചു. പഠന പ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത്. വിദ്യാലയത്തിലെ ഗണിത ക്ലബ് " ഗൂഗോൾ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി.