ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ജീവിതവും വാർത്തെടുക്കുന്നതിന് ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ ഓരോ വർഷവും ആരോഗ്യ ക്ലബ് പുതുക്കി രൂപീകരിക്കുന്നു. ക്ലബ്ബിനു കീഴിൽ നിരവധിയായ വൈവിധ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

പെട്ടെന്നുള്ള അപകടനില തരണം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സ് സ്കൂളിൽ സജീവമായി നിലവിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ ആരോഗ്യ ക്ലബിന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി കണ്ടെത്തുന്നു. ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും കാർസർ ദിനം, എയ്ഡ്സ് ദിനം, എന്നീ പ്രത്യേക ദിനങ്ങളിൽ കുട്ടികൾക്കും വീടുകളിൽ കയറിയിറങ്ങി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.

കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചറും ആയിഷ ഫാത്വിമയും നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2023-2024

ലഹരിക്കെതിരെ

ലോക വ്യാപകമായി ലഹരി മരുന്നുകളുടെ ഉപയോഗം വർധിക്കുന്നത്‌ തടയാൻ  ഒളകര ജി.എൽ.പി സ്കൂളിൽ  വിവിധ പരിപാടികളോടെ  അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.  ബോധവൽക്കരണം, ലഹരി വിരുദ്ധറാലി, പോസ്‌റ്റർ പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ മുറ്റത്ത് കുട്ടികൾ നിരന്ന് ''NO TO DRUGS'' എന്നെഴുതി ലഹരിക്കെതിരെ രംഗത്തിറങ്ങിയതും കൗതുകമുളവാക്കുന്നതായി. പുകവലി, മദ്യം തുടങ്ങിയ ലഹരികളിൽ നിന്നും മാറി ഡിജിറ്റൽ ലഹരിയുടെ പിടിയിലകപ്പെട്ടതും അതിനെ പ്രതിരോധിക്കേണ്ടതിന്റെ മാർഗത്തെ കുറിച്ചും സ്കൂളിൽ പ്രമേയമതരിപ്പിച്ചു. 

പ്രധാനാധ്യാപകൻ കെ ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ ടി, സനിത എ പി, റഹ്മത്ത് പുകയൂർ, വിജിന പി, രാഗിന എം എന്നിവർ സംബന്ധിച്ചു.

2022-2023

ഇനി യോഗ പരിശീലനം സ്കൂളിൽ

ജൂൺ 21 അന്താരാഷ്ട യോഗ ദിനത്തിൽ വേറിട്ട കാഴ്ചയൊരുക്കി സ്കൂളിൽ ഇനി മുതൽ യോഗ പരിശീലനം നടക്കും. "മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ" എന്ന അന്താരാഷ്ട്ര  യോഗാ ദിന മുദ്രാവാക്യവുമായാണ് സ്കൂളിൽ പരിശീലനം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് യോഗ മാറ്റുകളുമായി സ്കൂൾ ഗ്രൗണ്ടിലെത്തിയത്.

എല്ലാ മാസവും വിപുലമായ രീതിയിൽ ഇനി സ്കൂളിൽ യോഗ പരിശീലനം നടക്കും. യോഗ പരിശീലകൻ സോമരാജ് പാലക്കൽ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ. ശശികുമാർ യോഗദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, അധ്യാപകരായ നബീൽ, അഞ്ജു, സമീഹത്ത്, രമ്യ, ആരോഗ്യ ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ലഹരിക്കെതിരെ വിദ്യാർത്ഥികൾ അങ്ങാടിയിൽ

''ഇനി വേണ്ട ലഹരി, ഞങ്ങളിറങ്ങി ഈ വിപത്തിനെതിരെ... '' സ്കൂളിലെ വിദ്യാർത്ഥികളുടെ താക്കീതാണിത്. ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ അങ്ങാടിയിലും വീടുകളിലും വഴിയാത്രക്കാരിലും ലഘുലേഖ വിതരണം ചെയ്തും ഉദ്ബോധനം നടത്തിയും ആചരിച്ചു.

ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. പ്രധാനാധ്യാപകൻ കെ.ശശികുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, നസീറ, സജിത, ആരോഗ്യ ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്യം നൽകി.

ലഹരിക്കെതിരെ കുരുന്നുകളുടെ സംഗീത നൃത്തം

'ഒന്നിക്കാം നോ പറയാം...'' ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി പുകയൂർ അങ്ങാടിയിൽ ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പിച്ചു.. ആരോഗ്യമുള്ള സമൂഹത്തിനായി  ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമായെത്തിയ വിദ്യാർത്ഥികൾ അങ്ങാടിയിൽ കുട്ടിച്ചങ്ങല തീർത്തു.

വിദ്യാർത്ഥി ആഞ്ജലോ ബനഡിക്ട്, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഇബ്രാഹീം മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു. അധ്യാപിക വി.രമ്യ ലഹരി വിരുദ്ധ കവിത ആലപിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ ലഹരിവിരുദ്ധ റാലി  ഫ്ലാഗ് ഓഫ് ചെയ്തു.  അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, നബീൽ എന്നിവർ നേതൃത്യം നൽകി.

പലഹാരമേളയിലൂടെ പാഠം പഠിച്ച് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

വൈവിധ്യ രുചിക്കൂട്ടുകളുമായി ഒളകര ജി.എൽ.പി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ പലഹാര മേള സംഘടിപ്പിച്ചു. നാടൻ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളും പ്രാധാന്യവും നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ അവ വഹിക്കുന്ന പങ്കും കുട്ടികളെ ബോധ്യപ്പെടുത്തലായിരുന്നു മേളയുടെ ലക്ഷ്യം.

ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠ ഭാഗവുമായി ബന്ധപ്പെടുത്തി  വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടു വന്ന വൈവിധ്യമാർന്ന നാടൻ പലഹാരങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മേള രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഒരുക്കിയത്. മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷിക്കാനായി വൈവിധ്യ പലഹാരങ്ങൾ നൽകിയതോടെ വിദ്യാർത്ഥികൾക്കത് നവ്യാനുഭവമായി.

പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ. ശശികുമാർ ഭക്ഷ്യമേളയുടെ പ്രാധാന്യം വിശദീകരിച്ചു. അധ്യാപകരായ സി.കെ പ്രിയ, വി.വിനിത, വി.രമ്യ എന്നിവർ നേതൃത്വം നൽകി.

സദ്യയൊരുക്കി ഭക്ഷ്യമേള

പഴമ രുചിച്ചറിഞ്ഞ് വിദ്യാർത്ഥികൾ

സ്കൂളിൽ രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠ ഭാഗത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവിൽ കുഴച്ച് പഴമയുടെ തനത് രുചിയറിഞ്ഞു. ആരോഗ്യകരമായ ഭക്ഷണം പരിചയപ്പെടുന്നതിനായി കുട്ടികൾ കൊണ്ടു വന്ന അവിൽ, പഴം, ശർക്കര, തേങ്ങ എന്നിവ ഉപയാഗിച്ചായിരുന്നു ഈ രുചിക്കൂട്ട് ഒരുക്കിയത്. ഇത്തരം പാരമ്പര്യ ഭക്ഷണ രീതികൾ പ്രോസാഹിപ്പിക്കൽ കൂടിയാണ് ഈ പരിപാടിയിലൂടെ ആരോഗ്യ ക്ലബ്ബ് ലക്ഷ്യം വെച്ചത്.

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവിൽ കുഴച്ച് വിതരണം ചെയ്യാനായി. ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, സജിത, നസീറ എന്നിവർ നേതൃത്വം നൽകി.

ഇല വൈവിധ്യങ്ങളിലെ കൂട്ടുകൾ

സ്കൂളിൽ വിദ്യാർത്ഥികൾ ഭക്ഷ്യ യോഗ്യമായ ഇലകളിലെ വൈവിധ്യം പരിചയപ്പെട്ട്  ഒരുക്കിയ ഇലക്കൂട്ട് ശ്രദ്ധേയമായി. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന അടുക്കളത്തോട്ടം, സ്കൂളിലെ ജൈവ ഉദ്യാനം, ഔഷധത്തോട്ടം, എന്നിവയിൽ നിന്ന് ശേഖരിച്ച  ഭക്ഷ്യ യോഗ്യമായ ഇലകളുപയോഗിച്ച് തയ്യാറാക്കിയ വിവിധ തരം ഇല ത്തോരനുകൾ, സ്ക്വാഷുകൾ, ഇലക്കറികൾ എന്നിവ പരിചയപ്പെടലും രുചിച്ചറിയലുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.

ആരോഗ്യ ക്ലബ്ബ് സംഘടിപ്പിച്ച ഇലക്കൂട്ടുകൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. ഭക്ഷ്യയോഗ്യമായ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പടുത്തേണ്ടതിന്റെ ആവശ്യകത  ഹെഡ്മാസ്റ്റർ കെ.ശശികുമാർ വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്യോഗ്യ ക്ലബ്ബ് അംഗങ്ങൾ,  അധ്യാപകരായ പി. സോമരാജ്, പ്രിയ, രമ്യ എന്നിവർ നേതൃത്വം നൽകി.

2020-2022

ലഹരിക്കെതിരെ വീട്ടുചങ്ങല

കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം ജൂൺ 1 ന് ഓഫ്ലൈനായി സ്കൂളുകൾ തുറക്കാതിരുന്നിട്ടും വിദ്യാർത്ഥികൾക്ക് ക്ലാസ് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശം നൽകി ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിപാടി വിജയകരമായി പൂർത്തിയാക്കി. ഏറ്റവും മികച്ച രീതിയിൽ വീട്ടു ചങ്ങല തീർത്ത വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ക്ലബ്ബിന് കീഴിൽ സ്കൂൾ പരിസരത്തെ വീട്ടിൽ തീർത്ത ഔദ്യോഗിക വീട്ടു ചങ്ങല സോമരാജ് മാഷ് ഉദ്ഘാടനം ചെയ്തു. റഷീദ് കെ.കെ, ജംഷീദ്.വി, ആരോഗ്യ ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കോവിസ്-19 രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം

ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.

ബോധവൽക്കരണം

നന്മ കെയർ ഫൗണ്ടേഷനും നമ്മുടെ നാട് പുകയൂർ വാട്സാപ്പ് കൂട്ടായ്മയും ഒളകര ജി.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസിന് നേതൃത്വം നൽകി. സോമരാജ് പാലക്കൽ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, ഷാജി പുകയൂർ, പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുഴിക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു.


2019-2020

ലഹരിക്കെതിരെ

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ  ലഹരിക്കെതിരെ 1001 കൈയൊപ്പുകൾ ശേഖരിച്ച് ആരോഗ്യ ക്ലബ്. പുകയൂർ അങ്ങാടിയിൽ എത്തി രക്ഷിതാക്കളിൽ നിന്ന് കയ്യൊപ്പ് ശേഖരിക്കുകയായിരുന്നു ആരോഗ്യ ക്ലബ്ബ്. വിദ്യാർത്ഥികളുടെ കയ്യൊപ്പുകൾ ശേഖരിച്ച ശേഷമായിരുന്നു ക്ലബ് അധികൃതർ പുകയൂർ അങ്ങാടിയിലേക്ക് രക്ഷിതാക്കളുടെ മുന്നിലെത്തിയത്.

എച്ച്.എം വേലായുധൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ.പി സെയ്തലവി കെ.കെ, മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മാസ്റ്റർ എൻ.വേലായുധൻ ഉപഹാരങ്ങൾ നൽകി.

ഫസ്റ്റ് എയ്ഡ് ക്ലാസ്

കൊളപ്പുറം നവകേരളയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവകേരളയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ, ആബുലൻസ് പ്രയോജനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ക്ലബ്ബ് പ്രതിനിധികൾ നവ കേരളയ്ക്ക് നന്ദി പ്രകാശിപ്പിച്ചു.

ബി കൂൾ വിത്ത് ഹെൽത്ത്

ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീസ് ഫൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ ഉവൈസ് അലി ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അദ്ധ്യക്ഷനായി. റഷീദ് കെ.കെ നന്ദി പറഞ്ഞു.

ബോധവൽകരണം വീടുകളിലേക്ക്

നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി. സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ. സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു. കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത്. വിദ്യാർഥികളായ പാർവതി നന്ദ, മിൻഹ, അധ്യാപകനായ പി കെ ഷാജി, പി സോമരാജ് സംസാരിച്ചു.

2018-2019

ഒന്നിക്കാം ലഹരിക്കെതിരെ

സ്കൂൾ വിദ്യാർഥികൾ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു. പി പി സെയ്തുമുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ, പി സോമരാജൻ, പി കെ ഷാജി, പി ജിജിന, സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡോക്ഡേർസ് ഡേ

ജൂലൈ 1 ഡോക്ടേർസ് ഡേയുടെ ഭാഗമായി ഡോ: അജ്മലിനെ ആരോഗ്യ ക്ലബ്ബിന് കീഴിൽ ആദരിച്ചു വിദ്യാർത്ഥികൾ മാതൃകയായി. ഡോ: അജ്മൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസെടുത്തു. ജീവിത അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അദ്ദേഹം ഡോക്ടേർസ് ഡേയുടെ സന്ദേശം നൽകി. ചടങ്ങിൽ ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആയുരാരോഗ്യം തേടി

ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ എത്തിയ വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി

ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ (ക്യാൻപ്) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു. വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുകൾ നടക്കുമെന്നും പ്രഖ്യാപിച്ചു.

എയിഡ്സ് മഹാമാരിക്കെതിരെ

ഡിസംബർ 1 എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ക്ലബ്ബിന് കീഴിൽ വൈവിധ്യ രീതിയിൽ ബോധവൽക്കരണം നടത്തി വിദ്യാർത്ഥികൾ. വിശാലമായ സ്കൂൾ ഗ്രൗഡിൽ പ്രതീകാത്മകമായ ഭീമൻ വല വിരിച്ചായിരുന്നു എയ്ഡ്സ് ദിന സന്ദേശം നൽകിയത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ലോക ഹൃദയ ദിനാചരണം

ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ മാതൃകയൊരുക്കി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഹൃദയമുണ്ടാകൂ എന്ന സന്ദേശം ഉയർത്തിയാണ് മാതൃകയൊരുക്കിയത്. പ്രധാനാധ്യാപകൻ എൻ.വേലായുധൻ ലോക ഹൃദയ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ്, ജോസിന, റംസീന, ഗ്രീഷ്മ, ജിജിന, മുനീറ, ജിഷ എന്നിവർ നേതൃത്വം നൽകി.

കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം

അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ക്ലബ്ബിന് കീഴിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി.എച്ച്.സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ.രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു.

ആയുരാരോഗ്യം

ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. ആരോഗ്യ ക്ലബ്ബ് പ്രത്യേകം ക്ഷണിച്ച് എത്തിയ ഡോക്ടർ ഷീബ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ആയുർവേദത്തിന്റെ ഗുണങ്ങൾ, സാധ്യതകൾ വിദ്യാർത്ഥികൾ അവരിൽ നിന്ന് മനസ്സിലാക്കി. ഡോക്ടർ വക സ്കൂളിന് പ്രധാന ആയുർവേദ ചെടികൾ നൽകി. ഡോക്ടർ അവ നട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, പൂങ്ങാടൻ സൈതലവി, യു.പി സിറാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ലഹരിക്കെതിരെ

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിന റാലി സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഫ്ലാഗ് ഓഫ്ചെയ്തു. പി.കെ ഷാജി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ദിന ക്ലാസെടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.