ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ദിനം

ഇന്ന് ഞാൻ വളരെ വിഷമത്തിലാണ് എഴുന്നേറ്റത്. ഇന്ന് മാത്രമല്ല കുറച്ചു ദിവസങ്ങളായി ഇങ്ങനെ തന്നെയാണ്. സ്കൂളില്ല, കൂട്ടുകാരുടെ കൂടെ കളിക്കാൻ പറ്റുന്നില്ല. എന്തിന്! ഒന്ന് പുറത്തിറങ്ങാൻ കൂടി പറ്റുന്നില്ല. വീട്ടിനുള്ളിൽ തന്നെ. ഇത് ഞങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും എനിക്കറിയാം. ലോകത്ത് ഒരുപാട് ആളുകളുടെ ജീവനെടുത്ത കൊറോണ എന്ന വൈറസ് കാരണമാണ് ഞാനിങ്ങനെ വീട്ടിലകപ്പെട്ടുപ്പോയത്. ചെറിയ കുട്ടികളും വയസ്സായവരും വളരെ ശ്രദ്ധിക്കണമെന്ന് എനിക്ക് അറിയാം. ഞാൻ പുറത്തു പോകണമെന്ന് വാശിപിടിക്കുമ്പോൾ ഈ വൈറസിന്റെ ഭീകരാവസ്ഥ ഉമ്മച്ചി എനിക്ക് പറഞ്ഞു തരും. അപ്പോൾ ഞാൻ എന്റെ വാശിയിൽ നിന്നും പിൻവാങ്ങും. ചിത്രം വരച്ചും മൊബൈലിൽ ഗെയിം കളിച്ചും ഞാൻ എന്റെ ദിവസങ്ങൾ തള്ളി നീക്കുകയാണ്. സത്യത്തിൽ സ്കൂൾ ദിവസങ്ങളെ ഞാൻ കൂടുതൽ സ്നേഹിക്കുന്നത് ഇപ്പോഴാണ്. അന്ന് എനിക്ക് മടിയായിരുന്നു. ഇപ്പോഴാണ് കൂട്ടുകാരും കളിയും ചിരിയും പഠിപ്പും എത്രമാത്രം സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നത്. കൂട്ടുകാരുമായി കെട്ടി പിടിച്ചു നടന്ന ദിവസങ്ങൾ എത്ര മനോഹരമായിരുന്നു. ഇനി ഇപ്പോൾ അത് പാടില്ലല്ലോ. ഒരു മീറ്റർ അകലം...വല്ലാത്ത വിഷമം തോന്നുന്നു. ആ ദിനങ്ങളൊക്കെ തിരിച്ചു കിട്ടാൻ എത്ര നാളെടുക്കുമോ ആവോ....

ഞാൻ വിഷമിച്ചിരിക്കുന്നതു കണ്ടിട്ടാവണം ഉമ്മച്ചി വീടിനു പുറകിലുള്ള പുഴയുടെ തീരത്തേക്ക് വൈകിട്ട് എന്നെ കൊണ്ടു പോകാമെന്ന് സമ്മതിച്ചു. എനിക്ക് സന്തോഷം തോന്നി. വീടിനു പുറത്തേക്ക് ഒന്ന് ഇറങ്ങാമല്ലോ. പുഴ കണ്ടപ്പോൾ ആകെ ഒരു വ്യത്യാസം. പുഴയിലെ വെള്ളം വളരെ തെളിഞ്ഞിരുന്നു . ഇതിന് മുമ്പ് ഇത്ര ശുദ്ധമായി കണ്ടിട്ടില്ല. ജീവജാലങ്ങൾക്കും പക്ഷികൾക്കും ഒരു ഉണർവ് കിട്ടിയ പോലെ...

മനഷ്യൻ പ്രകൃതിക്ക് എത്രത്തോളം ദ്രോഹമാണ് ചെയ്തിരുന്നതെന്ന് എനിക്ക് തോന്നി. കുറച്ചു നാൾഎല്ലാവരും വീട്ടിലിരുന്നപ്പോൾ മറ്റ് ജീവജാലങ്ങളും പ്രകൃതിയും എത്രത്തോളം സുന്ദരമായെന്ന് എനിക്ക് മനസ്സിലായി. ഇനി ഇതിന് വേണ്ടിയാണോ ദൈവം കൊറോണ എന്ന ഈ രോഗം ഈ ലോകത്തിന് തന്നതെന്ന് ഞാൻ ഉമ്മച്ചിയോട് ചോദിച്ചു. എനിക്ക് ഒരു പാട് വിഷമങ്ങൾ ഈ രോഗം തന്നിട്ടുണ്ട്. ഗൾഫിലുള്ള ഉപ്പച്ചിയെ കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി. വീട്ടിൽ അടച്ചിരിക്കുന്നു. അങ്ങനെ ഒരു പാട്.... എന്നാലും ഇന്ന് ഈ പുഴയും പരിസരവും ജീവജാലങ്ങളും കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നുന്നു. അവരും കുറച്ചുനാൾ സന്തോഷത്തോടെ സമാധാനത്തോടെ മനുഷ്യനെ പേടിയില്ലാതെ ജീവിക്കട്ടെ...

ഈ വൈറസ് ഇല്ലാതായി മനുഷ്യനും പ്രകൃതിയും ഇഴുകിച്ചേർന്ന് ജീവിക്കുന്ന പുതിയ നാളെ ഞാൻ സ്വപ്നം കാണുന്നു.

അൽഫൗസ്
3 A ജി.എൽ.പി.എസ്.എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം