ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ച ഒരു വിദ്യാലയം. അതാണ് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പെട്ട പുതിയങ്ങാടിയിൽ സ്ഥതി ചെയ്യുന്ന കടപ്പുറം ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1952-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടികളാണ് അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഏഴു പതീറ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം.

ഏതൊരു ദേശത്തിന്റേയും സാമൂഹികസാംസ്കാരിക മേഖലയിൽ വിദ്യാഭ്യാസത്തിന് നിർണ്ണായകമായ പങ്കുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടംവരെ ഈ പ്രദേശത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇല്ലായിരുന്നു. ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. അറബി, മലയാളം, ഉറുദു എന്നിവയിൽ പഠനം നടത്താൻ ഓത്തുപള്ളികളും മദ്രസകളും ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. മതത്തോടൊപ്പം മറ്റുവിവരങ്ങളും ഗുരുക്കന്മാർ പഠിപ്പിച്ചിരുന്നു.

19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഈ പ്രദേശത്തെ ആദ്യ സർക്കാർസ്ക്കൂൾ സ്ഥാപിതമായി. 1949 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റ് ആരംഭിച്ച സ്ക്കൂൾ പിന്നീട് 1952 ൽ ഗവൺമെന്റിന് കൈമാറുകയായിരുന്നു.അ‍ഞ്ചങ്ങാടി ഭാഗത്താണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭീച്ചത്. അതിനു ശേഷം കിക്കാസേഠ് തന്റെ വിശ്രമ വസതിയും 1 1/4 ഏക്കർ സ്ഥലവും സ്ക്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു.