ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പു


അപ്പുവിനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അച്ഛന് അറിയില്ലാരുന്നു. എന്തു പറഞ്ഞിട്ടും കാര്യമില്ല. അവന്റെ വാശിക്കുമുന്നിൽ നോക്കുകുത്തിയാവാനേ അച്ഛന് കഴിഞ്ഞുള്ളൂ. ഉറങ്ങുവാനും വാശി, ഉണർന്നാലും വാശി. പല്ലുതേക്കാനും, കുളിക്കാനും, എന്തിനേറേ അവനിഷ്ടമുള്ള ചോക്ലേറ്റ് മിട്ടായി പോലും അവനു വേണ്ട. ഫോണിൽ ഗെയിം കളിക്കുന്നതു പോലും അവനിഷ്ടമില്ലാതായിരിക്കുന്നു. അച്ഛൻ വീടിനുള്ളിൽ അവനുവേണ്ടി ഊഞ്ഞാൽ ഇട്ടു കൊടുത്തു. അതിലിരുത്തി ആട്ടി, പാട്ടു പാടി, ആന കളിപ്പിച്ചു... ഒന്നും അങ്ങ് ഏശുന്നില്ല. എപ്പോഴും കരച്ചിൽ തന്നെ. കുഞ്ഞുമനസ്സിന്റെ സങ്കടം അവന്റെ അമ്മയാണ്. ഏറെ നാളായി അവൻ അമ്മയെ കണ്ടിട്ട്. അച്ഛൻ അമ്മയെ ഫോണിൽ കാണിച്ചു കൊടുക്കുമ്പോ അവൻ ഉറക്കെ കരയും. അമ്മ എന്താ എന്റടുത്തുവരത്തെ, അമ്മ വായോ... എന്ന് പറഞ്ഞ് വലിയ ബഹളം തന്നെയാവും. അച്ഛാ എനിക്ക് അമ്മേടടുത്ത് പോകണം. അപ്പുവിനറിയില്ലല്ലോ അവന്റെ അമ്മ കൊറോണ രോഗികളെ പരിപാലിക്കുന്നതിനാൽ വീട്ടിലേക്കുള്ള സന്ദർശനം നിഷേധിക്കപ്പെട്ട മാലാഖയാണെന്ന്. ഇങ്ങനെ നിരവധി മാലാഖമാർ നമുക്ക് വേണ്ടി നമ്മുടെ നാടിനുവേണ്ടി രാപ്പകലില്ലാതെ കൊറോണ രോഗികളെ പരിപാലിക്കുന്നു അവരെ നമ്മൾ മാലാഖമാർ എന്നു തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്. കൊറോണ എന്ന മഹാമാരിയെ തോൽപിക്കാനുള്ള പ്രയത് നത്തിലാണവർ. കുടുംബത്തെയും കുഞ്ഞുങ്ങളെയും നെഞ്ചിലേറ്റി, ഒരു പിടി സ്നേഹ നൊമ്പരവുമായി അവർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു. തന്റെ കുഞ്ഞിനെ നെഞ്ചോടുചേർത്ത് താരാട്ട് പാടി ഉറക്കാനും കൊഞ്ചിക്കാനും അവരും കൊതിക്കുന്നു. പക്ഷെ, വിധി കൊറോണ എന്ന മഹാമാരിയുടെ രൂപത്തിൽ നമ്മുടെ നാടിനെ,ഈ ലോകത്തെ തന്നെ വിഴുങ്ങികൊണ്ടിരിക്കുന്നസന്ദർഭത്തിൽ ഇങ്ങനെയും ചില നോവുകൾ നമുക്ക് കാണേണ്ടി വരുന്നു. കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ അപ്പു അമ്മക്കിളിയുടെ വരവും കാത്തിരിക്കുന്നു. "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" എന്ന് വള്ളത്തോൾ പാടിയതുപോലെ അപ്പുവിന് ചുറ്റും തീർത്ത കാഞ്ചന കൂടുതകർത്ത് അമ്മ കിളിയുടെ അരികിലെത്താൻ കഴിയട്ടെ. വെള്ളയുടുപ്പിട്ട എല്ലാ മാലാഖമാരെയും ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച എല്ലാ നേഴ്സ്മാർക്കും, ഡോക്ടർമാർക്കും വേണ്ടി എന്റെ ഈ കൊച്ചു കഥ സമർപ്പിക്കുന്നു.

ശിവ നന്ദന. കെ ആർ
6 സി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ