ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ

(ജി.എച്ച്. എസ്. എസ്. കൊട്ടോടി/Details എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികൾ ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ഓഫീസ് മുറി

വളരെ പരിമിതമായ സൗകര്യങ്ങളാണ് സ്കൂൾ ഓഫീസിനുള്ളത്.സ്കൂൾ രേഖകൾ സൂക്ഷിക്കുന്നതിനോ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് അത്യാവശ്യം വിശ്രമിക്കുന്നതിനോ ഉള്ള സൈകര്യം ഓഫീസിലില്ല.മാത്രമല്ല പ്രധാനാധ്യാപകനെ സന്ദർശിക്കുന്ന സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ഇടവും ഇല്ല.ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്.കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നീ ഐ.ടി അനുബന്ധ ഉപകരണങ്ങൾ ഓഫീസിലുണ്ട്.ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്.


ഹയർസെക്കന്ററി വിഭാഗം ഓഫീസും സ്റ്റാഫ് മുറിയും ഒരുമുറിയിലാണ് പ്രവർത്തിക്കുന്നത്.സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയാണ് ഹയർസെക്കന്ററി ഓഫീസും

സ്റ്റാഫ് മുറി

1 മുതൽ 10 വരെ ക്ലാസ്സുകളിലെ ഇരുപതോളം അദ്ധ്യാപകർ സൗകര്യങ്ങൾ കുറവുള്ള ചെറിയൊരു മുറിയാണ് സ്റ്റാഫ് മുറിയായി ഉപയോഗിക്കുന്നത്.അദ്ധ്യാപകരുടെ പഠനോപകരണങ്ങൾ സൂക്ഷിക്കുന്നതിനോ എല്ലാ അദ്ധ്യാപകർക്കും ഒരേ സമയം ഇരിക്കുന്നതിനോ ഉള്ള സൗകര്യം സ്റ്റാഫ് മുറിയിൽ ഇല്ല.

പ്രൈമറി വിഭാഗം എൽ.പി കെട്ടിടം

 

പഴക്കമേറിയ ഓടിട്ട കെട്ടിടത്തിലാണ്ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നത്. സ്റ്റാഫ് മുറിക്ക് ഇരുവശത്തുമുള്ള മുറികളാണ് ഒന്നും രണ്ടും ക്ലാസ്സ് മുറികൾ.രണ്ട് ക്ലാസ്സ് മുറികളും ടൈലുകൾ പാകി പൊടി രഹിതമാക്കിയിട്ടുണ്ട്.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കനുയോജ്യമായ ഇരിപ്പിടങ്ങളാണ് ഒന്നാം ക്ലാസ്സിൽ സജ്ജീകരിച്ചിരിക്കുന്നത്.ഫാൻ രണ്ടുക്ലാസ്സു മുറികളിലും ഉണ്ട്.

പ്രൈമറി വിഭാഗം യു.പി കെട്ടിടം

 

മൂന്നാം ക്ലാസ്സുമുതൽ ആറാം ക്ലാസ്സുവരെ രണ്ട് കെട്ടിടങ്ങളിലായി മുറികൾ ക്രമീകരിച്ചിട്ടുണ്ട്.

ഹൈസ്കൂൾ കെട്ടിടം

 

എൻഡോസൾഫാൻ പാക്കേജിൽ അനുവദിച്ചു കിട്ടിയ പുതിയ കെട്ടിടത്തിൽ 10 ക്ലാസ്സു മുറികളാണുള്ളത്.7 ക്ലാസ്സുമുറികൾ ഹൈസ്കൂൾ ക്ലാസ്സുമുറികളായും 1 മുറി കമ്പ്യൂട്ടർ ലാബായും 2 ക്ലാസ്സു മുറികൾ 7ാം ക്ലാസ്സിനും (7എ,7ബി)നൽകിയിരിക്കുന്നു. ബിൽഡിംഗ് പണി പൂർത്തീകരിച്ചു കിട്ടിയെങ്കിലും വൈദ്യുതീകരണം നടത്തിക്കിട്ടിയില്ല.പി.ടി.എയുടെയും അധ്യാപകരുടെയും ശ്രമഫലമായി ഹൈടെക് മുറികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഭാഗികമായി വൈദ്യുതീകരിച്ചു.കെട്ടിടം പൂർണ്ണമായും വൈദ്യുതീകരണം നടത്താനാവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്നോ മറ്റോ ലഭിക്കേണ്ടതുണ്ട്.

സ്കൂൾ ബസ്

 

കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ സ്കൂളിന് അനുവദിച്ചതാണ് സ്കൂൾ ബസ്.കൊട്ടോടി പ്രദേശത്തെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരു പരിധിവരെ സ്കൂൾ ബസ് സഹായിച്ചിട്ടുണ്ട്.സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കിലോമീറ്ററുകളോളം നടന്നാണ് സ്കൂളിലെത്തുന്നത്.ബസ് ലഭിച്ചതോടെ ചെറിയ ആശ്വാസം വിദ്യാർത്ഥികൾക്ക് ലഭിച്ചു.പക്ഷേ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ബസിനെ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നത് ഒരു പ്രശ്നമാണ്.ചുള്ളിക്കരയിൽ നിന്നും കുട്ടികൾ ഓട്ടോയിലാണ് സ്കൂളിലെത്തുന്നത്.

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും സർക്കാർ നിർദ്ദേശിച്ചതുപോലെ ടൈലുകൾ പാകി പൊടിരഹിതമാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സുമുറികളിലും ഹൈടെക് പദ്ധതി പ്രകാരം ലഭ്യമായ പ്രൊജക്ടറുകളും ലാപ്‌ടോപ്പുകളും നിർദ്ദേശാനുസരണം ക്രമീകരിച്ചിട്ടുണ്ട്.എല്ലാ അദ്ധ്യാപകർക്കും ഈ ഉപകരണങ്ങൾ ക്ലാസ്സ് റൂം പഠന പ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.കൂടാതെ ലിറ്റിൽ കൈറ്റ് യൂണിറ്റും എല്ലാ ക്ലാസ്സ് ലീഡർമാർക്കും ക്ലാസ്സ് അധ്യാപകർക്കും ഹൈടെക് ഉപകരണങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകി.സാമ്പ്രദായികമായ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുറച്ചുകൂടി ഫലപ്രദമാണ് നിലവിലെ ഹൈടെക് ക്ലാസ്സുമുറി പഠനം എന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും സമ്മതിക്കുന്നു.

സയൻസ് ലാബ്

ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം സയൻസ് ലാബുണ്ടെങ്കിലും ആവശ്യമുള്ളത്ര വലിപ്പം മുറികൾക്കില്ല.മാത്രമല്ല ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിങ്ങനെ വെവ്വേറെ ലാബുകൾ വേണ്ടിടത്ത്ഹയർ സെക്കന്ററി ലാബ് ഒറ്റമുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതുപോലെ തന്നെയാണ് ഹൈസ്കൂൾ ലാബും.ശാസ്ത്രപഠനം ഫലപ്രദമാകണമെങ്കിൽ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടലാബുകളും വേണ്ടതാണ്.

സ്കൂൾ ഗ്രന്ഥശാല

 

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.പ്രത്യേക ലൈബ്രേറിയൻ ഇല്ലെങ്കിലും സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് ഹൈസ്കൂളിലേയും പ്രൈമറിയിലേയും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓരോ ആഴ്ചയിലും കുട്ടികൾക്ക് പുസ്തകങ്ങൾ വായനക്കു ശേഷം മാറ്റിയെടുക്കാവുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.അധ്യാപകരെ കൂടാതെ കുട്ടി ലൈബ്രേറിയന്മാരും പുസ്തകവിതരണത്തിന് സഹായിക്കുന്നു.പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കുന്നു.അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.

കമ്പ്യൂട്ടർ ലാബ്

 

ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ്

16 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഐ.ടി.ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.16 കമ്പ്യൂട്ടറുകളിൽ 8 എണ്ണം ലാപ്‌ടോപ് കമ്പ്യൂട്ടറുകളും 8 എണ്ണം ഡെസ്ക്‌ടോപ് കമ്പ്യൂട്ടറുകളുമാണ്.20 കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയുള്ളു.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ ലാബ്

20 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമുള്ള മുറിയല്ല ഇപ്പോഴുള്ളത്.ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയണമെങ്കിൽ വലിയമുറി സൗകര്യമുള്ള ലാബ് ആവശ്യമാണ്.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ട്

 
 

മുമ്പ് സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ പോലും പങ്കെടുപ്പിച്ച് വിജയികളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മികച്ച രീതിയിലുള്ള ഗ്രൗണ്ടായിരുന്നു സ്കൂളിനുണ്ടായിരുന്നത്.അശാസ്ത്രീയമായ രീതിയലുള്ള കെട്ടിടം നിർമ്മാണം സ്കൂൾ ഗ്രൗണ്ട് ഇല്ലാതാക്കി.ചെറിയൊരു ഭാഗം മാത്രമാണ് ഗ്രൗണ്ടായി നിലവിലുള്ളത്.ശരിയായ രീതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനോ കളിക്കുന്നതിനോ സ്കൂൾ ഗ്രൗണ്ട് ഇന്ന് പര്യാപ്തമല്ല.

സ്കൂൾ ഹാൾ

സ്കൂളിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം നവീകരിച്ചാണ് സ്കൂൾ ഹാളായി ഉപയോഗിക്കുന്നത്.പഴമയെ നിലനിർത്താനുള്ള ഒരു ശ്രമം കൂടി ഇതിനു പിറകിലുണ്ട്.നേരത്തേ ക്ലാസ്സുമുറിയും ഹാളുമായി ഉപയോഗിച്ചിരുന്ന ആസ്‌ബസ്റ്റോസ് മേൽക്കൂര കെട്ടിടം പൊളിച്ചുമാറ്റി എൻഡോസൾഫാൻ പാക്കേജിൽ അനുവദിച്ച കെട്ടിടം പണിതപ്പോൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താൻ സൗകര്യം ഇല്ലാതായപ്പോഴാണ്.പ്രൈമറി വിഭാഗം പഴയകെട്ടിടം നവീകരിച്ച് ഹാളായി ഉപയോഗിക്കാൻ തീരുമാനിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും ആത്മാർത്ഥമായ പരിശ്രമം ജനലുകളോ സുരക്ഷിതത്വ ഇല്ലാതിരുന്ന സ്കൂൾ ഹാൾ ഇരുമ്പ് ഗ്രില്ലുകൾ പിടിപ്പിച്ച് സുരക്ഷിതമാക്കി മാറ്റാൻ സഹായിച്ചു.അതിനുള്ള ഫണ്ട് വിവിധ ആളുകളിൽ നിന്നും സ്വരൂപിച്ചു.പൊതു മീറ്റിംഗുകൾ നടത്തുന്നതിനും അസംബ്ലി സംഘടിപ്പിക്കുന്നതിനും ഇന്ന് ഹാൾ ഉപയോഗിക്കുന്നു.കൂടാതെ മൾട്ടി മീഡിയാ സംവിധാനങ്ങൾ കൂടി ഹാളിൽ ഒരുക്കിയിട്ടുണ്ട്.

പാചകപ്പുര

ഒരു സ്റ്റോർ മുറിയും പാചകമുറിയും ഉൾപ്പെടുന്നതാണ് സ്കൂൾ പാചകപ്പുര.ഗ്യാസ് അടുപ്പുകളാണ് പാചകപ്പുരയിൽ ഉപയോഗിക്കുന്നത്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരാളെയാണ് വച്ചിരിക്കുന്നത്.ഭ ക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും കുട്ടികൾക്ക് ഇരുന്നു കഴിക്കാനുള്ള ഡൈനിംഗ് ഹാൾ ഇല്ല.

ശുചിമുറികൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ശുചിമുറികൾ ഉണ്ട്

മഴവെള്ള സംഭരണികൾ

 

ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും ഓരോ മഴവെള്ളസംഭരണികൾ പണികഴിപ്പിച്ചിട്ടുണ്ട്.പുഴയുടെ അടുത്താണ് സ്കൂളെങ്കിലും മാർച്ച് അവസാനമാകുമ്പോഴേക്കും കിണറിലെ വെള്ളം കുറഞ്ഞുതുടങ്ങും.അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് മഴവെള്ള സംഭരണി സ്ഥാപിച്ചത്.

കുടിവെള്ള ശുദ്ധീകരണി

കുടിവെള്ളം ഫിൽട്ടർ ചെയ്തുപയോഗിക്കാൻ സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.

ഫോട്ടോസ്റ്റാറ്റ് മെഷീൻ

ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമുള്ള പഠനകുറിപ്പുകളുടെയോ,ടീച്ചിംഗ് മാന്വലുകളുടെയോ കോപ്പി എടുക്കുന്നതിന് ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ വാങ്ങിയ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഹൈസ്കൂൾ ഓഫീസിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പി.ടി.എ വാങ്ങിയ ഫോട്ടോസ്റ്റാറ്റ് മഷീൻ ഹയർസെക്കന്ററി വിഭാഗത്തിലും സ്ഥാാപിച്ചിരിക്കുന്നു.