ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.വർണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ നവാഗതരെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.പുല്ലുർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കെ അരവിന്ദൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്സ്
ശ്രീമതി സുമതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. സത്യൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു.തുടർന്ന് കോമഡി സ്റ്റാർ ഫെയിം കലാഭവൻ രഞ്ജീവ് കുമാർ കെ.സി നടത്തിയ കോമഡി ഷോയും നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.ഹരീപ്രിയടീച്ചർ ചങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
2025-26 അദ്ധ്യയനവർഷത്തെ ജി എച്ച് എസ് എസ് പെരിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പ് രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ എസ് ഐ അഖിൽ സെബാസ്‍റ്റ്യൻ പദ്ധതികൾ വിശദീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി സുമതി ടീച്ചർ പരിപാടിയെ അഭിസംബോധനചെയ്തു സംസാരിച്ചു.വ്യാപാരി പ്രതിനിധികൾ,ഓട്ടോതൊഴിലാളിപ്രതിനിധികൾ,അധ്യാപകർ,സ്കൂൾ ലീഡർ,ജനമൈത്രി ബീറ്റ് ഓഫീസർ സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.എസ് പി ജി കോഡിനേറ്റർ വിനു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയടീച്ചർ നന്ദിയും പറഞ്ഞു.
വായനാദിനം ജൂൺ 19
GHSS പെരിയ സ്കൂളിൽ ജൂൺ 19 വായന ദിനം വിദ്യാരംഗം കല സാഹിത്യ വേദിയുടേയുടേയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെ സമുചിതമായി .ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായന എങ്ങനെ മനുഷ്യരെ മാറ്റുന്നുവെന്നും വായനയുടെ ആവശ്യകതയെ കുറിച്ചും സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ കുട്ടികളുമായി സംവദിച്ചു. വായനാ ദിന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി ഉറുദു കവിയും കേരള കേന്ദ്ര സർവകലാശാല പെരിയയിലെ ഹിന്ദി വിഭാഗം പ്രൊഫസറുമായ ശ്രീ മനു അവർകൾ നിർവഹിച്ചു. SPC പെരിയ യൂണിറ്റിന്റെ ഭാഗമായി 'അക്ഷര ദീപം തെളിയിക്കൽ' പ്രത്യേക പരിപാടിയും നടന്നു. അസംബ്ലിയിൽ SPC സ്റ്റേറ്റ് ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ കേഡറ്റ് രാം ദ്രൗപദിനെ അനുമോദിച്ചു. D I ശ്രീ സുജിത്ത് സർ, PTA പ്രസിഡന്റ് സത്യൻ മഠത്തിൽ, അനൂപ് മാഷ്, സരീഷ് മാഷ്, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ് എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.
റോബോട്ടിക് ക്ലാസ്സ്
പെരിയ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു. ഇലക്ട്രോണിക്ക് ഘടകങ്ങളെ പരിചയപ്പെടൽ, പ്രോഗ്രാം കോഡ് തയ്യാറാക്കൽ, എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ ഏഴ് പ്രോജക്ടുകൾ ചെയ്തു. റോബോട്ടിക് വിദഗ്ദൻ ശ്രീനന്ദ് കെ രാജ് ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ടിങ്കറിങ് ലാബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.ശ്രീ രാജീവൻ മാസ്റ്റർ നേതൃത്വം നൽകി.
ചാന്ദ്രദിനാചരണവും സയൻസ് ക്ലബ്ബ് ഉദ്ഘാടനവും
പെരിയ:-ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പെരിയയിൽ ചാന്ദ്രദിനാചരണവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. 1SRO റിട്ടയേഡ് ശാസ്ത്രജ്ഞൻ ശ്രീ.വി.പി ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സത്യൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് സുമതി പി സ്വാഗതവും സയൻസ് ക്ലബ് കോർഡിനേറ്റർ സിനി കെ.വി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഹരപ്രിയ വി എം. ആശംസ അറിയിച്ചു സംസാരിച്ചു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 14/08/2025 ന് നൂതനസാങ്കേതികവിദ്യയുടെ സഹായത്താൽ മാതൃകാപരമായി നടത്താൻ സാധിച്ചു.ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ സഹായത്താൽ യഥാർത്ഥ വോട്ടെടുപ്പിനെ അനുസ്മരിക്കും വിധം വളരെ വിപുലമായ സജ്ജീകരണത്തോടെയാണ് വോട്ടെടുപ്പ് നടന്നത്.നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 08/08/2025 ആയിരുന്നു.ആഗസ്റ്റ് 14 ന് നടന്ന വോട്ടെടുപ്പിൽ 5B,5C,6A,6D,7B,7C,8A,8D,8F,9A,9D,9E,10D,10E എന്നിവ പെൺകുട്ടികൾക്ക് സംവരണം ചെയ്ത ക്ലാസ്സുകൾ ആയിരുന്നു.സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം 14-ാം തീയതി വൈകിട്ട് 3 മണിക്ക് നടന്നു.തികച്ചും സമാധാനപരമായും രാഷ്ട്രീയപ്പാർട്ടികളുടെ ഇടപെടൽ ഇല്ലാതെയും വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും ഐക്യവും സാഹോദര്യവും വളർത്തിയെടുക്കാൻ സഹായകരമായ വിധത്തിൽ വൻവിജയത്തോടെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു
സ്വാതന്ത്ര്യദിനാഘോഷം
പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് വിശ്വംഭരൻ സർ പതാക ഉയർത്തി.എസ് പി സി കുട്ടികളുടെ പരേഡ് നടന്നു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.കഴിഞ്ഞ അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്കൂളിന്റെ അനുമോദനം സംഘടിപ്പിച്ചു.പെരിയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അനുമോദനവും മധുരവിതരണവും നടന്നു.
സയൻസ് ലാബ് ഉദ്ഘാടനം
കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം അനുവദിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം. സ്പോർട്‍സ് കിറ്റ് വിതരണം, ദിനപത്രങ്ങളുടെ വിതരണോദ്‍ഘാടനം, പെരിയ സൗഹൃദവേദിയുടെ അനുമോദനം എന്നിവയും നടന്നു. പ്രിൻസിപ്പാൾ കെ വി വിശ്വംഭരൻ, ഹെഡ്‍മിസ്‍ട്രസ്സ് പി സുമതി, സ്റ്റാഫ് സെക്രട്ടറി വി എം ഹരിപ്രിയ, സി ശശിധരൻ, അനിത, ഡോ:സപ്‍ന പി സി, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
സോഫ്റ്റ്‍വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ലിറ്റിൽ കൈറ്റ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രത്യേക അസംബ്ളിയിൽ ഹെഡ്‍മിസ്‍ട്രസ്സ് സുമതി ടീച്ചർ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് വിശദീകരിച്ചു.ലിറ്റിൽ കൈറ്റ്‍സ് 2025-28 യൂണിറ്റ് ലീഡർ അൻഷിക സ്വാതന്ത്ര്യദിന പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.
ഉപജില്ല ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേള
ജി എച്ച് എസ് എസ് പള്ളിക്കരയിൽ വെച്ച് നടന്ന ഉപജില്ല ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര ഐ ടി മേളയിൽ പെരിയ സ്കൂൾ മികച്ച വിജയം നേടി. ഗണിതശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേളയിൽ എന്നിവയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി.ശാസ്ത്രമേളയിലും ഐ ടി മേളയിലും കുട്ടികൾ ജില്ലാമത്സരത്തിന് അർഹത നേടി.
ഉപജില്ല കലോത്സവം
ബേക്കൽ ഫിഷറീസ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഈ വർഷത്തെ ഉപജില്ലാകലോത്സവത്തിൽ പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും യു പി ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.കലോത്സവ കൺവീനർമാരായ ദീപേഷ് മാഷ്,അനഘ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് പെരിയയെ വിജയത്തിലേക്ക് നയിച്ചത്.
കലോത്സവ വിജയികൾക്ക് അനുമോദനം
ഉപജില്ലയിൽ മികച്ച വിജയം നേടിയ പെരിയയുടെ പ്രതിഭകൾക്ക് പി ടി എ യുടേയും സ്റ്റാഫിന്റേയും നേതൃത്വത്തിൽ അനുമോദനം ഏർപ്പെടുത്തി.കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളേയും ആനയിച്ച് പെരിയ ടൗണിലൂടെ ആഹ്ലാദപ്രകടനം നടത്തി.ഹെഡ്‍മിസ്‍ട്രസ്സ് സുമതി ടീച്ചർ, പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി
ജില്ലാശാസ്‍ത്രമേള
ജി എച്ച് എസ് എസ് കക്കാട്ട് വെച്ച് നടന്ന ജില്ലാശാസ്ത്രമേളയിലും പെരിയ സ്കൂൾ മികച്ച വിജയം ആവർത്തിച്ചു.ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്കൂളിൽ നിന്നും പത്തോളം കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുക്കാൻ അർഹത നേടി.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
ജി എച്ച് എസ് എസ് പെരിയയുടെ പെരുമയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ.അർപ്പണബോധത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ഓർമപ്പെടുത്തലായ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിത് രാജ് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്‍ട്രസ് പി സുമതി ടീച്ചർ സ്വാഗതം പറഞ്ഞു.ക്ലബ്ബ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം DEO സർ നിർവഹിച്ചു.ക്ലബ്ബ് കോർഡിനേറ്റർ സുനന്ദ ടീച്ചർ നന്ദി പറഞ്ഞു.
സംസ്ഥാനപ്രതിഭകൾക്ക് അനുമോദനം
സംസ്ഥാന ശാസ്ത്രമേളയിലും ജി എച്ച് എസ് എസ് പെരിയ മികച്ച വിജയം ആവർത്തിച്ചു.ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനം പെരിയ സ്കൂൾ നേടി.കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനവും.ഗ്രൂപ്പ് പ്രൊജക്റ്റിൽ പ്രാർത്ഥന, മറിയം റൈഹാന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.പ്യുവർ കൺസ്‍ട്രക്ഷനിൽ ധനുസ്സ്, ജിയോജിബ്ര പ്രസന്റേഷനിൽ ആവണി നായർ എന്നിവർ എ ഗ്രേഡ് നേടി. പ്രവൃത്തിപരിചയമേളയിൽ മെറ്റൽ എംബോസ്സിങ്ങിൽ അഭിനന്ദ് കൃഷ്ണ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി.ഇക്കണോമിക് ന്യൂട്രീഷ്യസ് ഫുഡ് ഐറ്റം -സഞ്ജന ഭീമനഗൗഡ്ര, പപ്പറ്റ് മേക്കിങ്ങ് - അശ്വിൻകൃഷ്ണ എന്നിവർ എ ഗ്രേഡ് നേടി.സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായ പ്രതിഭകൾക്ക് സ്റ്റാഫും പി ടി എ യും ചേർന്ന് അനുമോദനം ഏർപ്പെടുത്തി.ചടങ്ങിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ രോഹിൻ രാജ് സർ വിജയികൾക്ക് ഉപഹാരം നൽകി.
സ്കൂൾ ചുമരുകളിൽ വർണചിത്രങ്ങളൊരുക്കി ആർട്‍സ് ക്ലബ്
ചോക്കും കരിക്കട്ടയും കൊണ്ട് വിദ്യാലയചുമരുകൾ ആകർഷകമാക്കാമെന്ന് തെളിയിക്കുകയാണ് പെരിയയിലെ വിദ്യാർത്ഥികൾ.സ്കൂളിലെ ചുമരുകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഗാന്ധിജി, ജവഹർലാൽ നെഹ്‍റു, ബി ആർ അംബേദ്കർ എന്നീ ചരിത്ര പുരുഷൻമാരുടേയും പ്രകൃതി ദൃശ്യങ്ങളുടേയും ചിത്രങ്ങളാണ്.വെറുതേ കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിന്റേയും പാഴ്‍വസ്തുക്കളുടെ പുനരുപയോഗത്തിന്റെ സാധ്യതകളേയും കുറിച്ച് പുതിയ പാഠങ്ങൾ പകർന്നു നൽകുന്നു.വിലകൊടുത്ത് പെയിന്റ്, ബ്രഷ് എന്നിവ വാങ്ങാതെ സ്കൂളിൽ ലഭ്യമാകുന്ന ചോക്ക്, വിറകുകരി എന്നിവ മാത്രം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.വിദ്യാലയചുമരുകളിൽ അധികം കാണാത്ത വാർളി ചിത്രങ്ങളും ശ്രദ്ധേയമാണ്.സ്കൂളിലെ ആർട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ സരീഷ് വടക്കിനിയിൽ, ആദർശ് കടമ്പൻചാൽ, ബിജു മന്ത്രവാദി എന്നിവരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.