ചരിത്രം പ്രൗഢോജ്ജ്വലം

            ജൂൺ ഒന്നാം തിയ്യതി നിറമരുതൂർ സ്കൂളിലെ പ്രധാന അധ്യാപകനായി ചുമതലയേൽക്കുമ്പോൾ,കേരളത്തിലെ മറ്റേതൊരു സർക്കാർപള്ളിക്കൂടത്തേയും പോലെ ഒരു പള്ളിക്കൂടം എന്നാണ്  ഞാൻ ധരിച്ചത്.അന്നു ഞാനറിഞ്ഞില്ല  ഞാനാദരിക്കപ്പെട്ടിരിക്കുന്നുവെന്ന്.ദിവസങ്ങൾക്കുശേഷം സ്കൂളിന്റെ ചരിത്രം അറിഞ്ഞപ്പോഴാണ് ഞാൻ എത്രമാത്രം ആദരിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്.ഒരു അധ്യയനവർഷം കുറഞ്ഞകാലയളവാണ്.എങ്കിലും നിറമരുതൂർ സ്കൂളിന്റെ പ്രധാനധ്യാപകൻ എന്ന പദവി എന്നെ ആവേശഭരിതനാക്കുന്നു. ചെറുതായെങ്കിലും ഞാനൊരു അഹങ്കാരിയായി മാറുന്നില്ലേ എന്നൊരു തോന്നൽ.
              പ്രധാനധ്യാപകനിൽ മാത്രമല്ല   ഏതൊരു ജീവനക്കാരനിലും,വിദ്യാർത്ഥിയിലും അഹങ്കാരം ജനിപ്പിക്കുന്നതാണ് ഈ സ്കൂളിന്റെ ചരിത്രം.കേരളത്തിന്റെനവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം.രാഷ്ട്ര പിതാവായ മഹാത്മജിയുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേയും മനുഷ്യമനസ്സിലെ മതിലുകൾക്കെതിരേയും സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം.അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന നമ്മുടെ ഗ്രാമത്തിലും എത്തിച്ചേർന്നു. സാംസകാരിക നവോത്ഥാനത്തിൽ വിദ്യാഭാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമുഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ ശ്രമിച്ചപ്പോൾ ,സ്വാഭാവികമായുണ്ടായ എതിർപ്പുകളെ പരാജയപ്പെടുത്തി ജന്മം കൊണ്ട ഒരു മഹത്തായസ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാം ഓരോരുത്തരും.
              1921-ൽ നിറമരുതൂർ വള്ളിക്കാഞ്ഞിരം പ്രദേശത്ത് മലബാർലോക്കൽ ബോഡിയുടെ കീഴിൽ ഒരുസ്കൂൾ നിലനിന്നിരുന്നു.പറവന്നൂർ പണിക്കന്മാരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സവർണവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുമാത്രമേ അന്നവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളു.
               "പഠിക്കാനുള്ള അവകാശം സവർണനുമാത്രമല്ല,എല്ലാ മനുഷ്യർക്കുമുണ്ട്. അതിനാൽ സവർണ അവർണ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള അവസരം ഒരുക്കണം .”
                നമ്മുടെ ദേശിയ നേതാക്കളുടെ ത്യാഗോജ്ജ്വലമായ സഹനസമരത്തിന്റെ ഫലമായി അന്നത്തെ ഭരണകൂടത്തിന് ഇത്തരത്തിലൊരുത്തരവ് പുറപ്പെടുവിക്കേണ്ടിവന്നു. എല്ലാവിഭാഗം കുഞ്ഞുങ്ങൾക്കും പഠനസൗകര്യമൊരുക്കണമെന്ന നിർദ്ദേശം കെട്ടിട ഉടമകളായിരുന്ന പറവന്നൂർ പണിക്കന്മാർ നിഷ്കരുണം തള്ളിക്കളഞ്ഞു.ജാതിമത ഭേദമെന്യേ എല്ലാ കുട്ടികളേയും പഠിപ്പിക്കാൻ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി സമീപിച്ച അന്നത്തെ പ്രധാനധ്യാപകൻ ശ്രീ ഗോപാലൻ നായരോട് "അത് ഇവിടെ നടക്കില്ല മറ്റൊരുസ്ഥലം അന്വേഷിച്ചോളൂ"എന്ന്നിർലജ്ജം, നിഷ്കരുണം മൊഴിയുമ്പോൾ ഒരു ചരിത്രരചനക്കുള്ള സന്ദർഭം ഒരുങ്ങുകയാണെന്ന് പറഞ്ഞവരും, കേട്ടവരും കരുതിയില്ല.
                  പരിഹാസത്തിന്റെ  കൂരമ്പുകളേറ്റ് തകർന്നമനസ്സോടും,തന്റെ ജീവനോപാധി നഷ്ടപ്പെടുന്നതിലുള്ള ദുഃഖത്തേടും,നമ്രശിരസ്കനായി നിറമരുതൂരിന്റെ ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങിയ അന്നത്തെ പ്രധാനധ്യാപകൻ ഭാഗ്യവശാൽ ചെന്നു പെട്ടത്ഗാന്ധിയനും, മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ മങ്ങാട്ടു കൃഷ്ണൻനായരുടെ മുന്നിലായിരുന്നു.
 "എന്താ മാഷേ മുഖത്തൊരു വല്ലായ്മ " എന്ന ചോദ്യം കേട്ട് തലയുയർത്തി നോക്കിയ ഗോപാലൻനായർണ്ടത് ഒരു അവതാരപുരുഷനെത്തന്നെയാണ്.തന്റെ മനോവിഷമം വിവരിച്ച ഗോപാലൻനായരോട് കുട്ടിക്കൃഷ്ണൻ നായർ പറഞ്ഞ മറുപടി ഇന്നും ഇവിടെ മുഴങ്ങുന്നില്ലേ? അല്ലെങ്കിൽ മുഴങ്ങേണ്ടതല്ലേ എന്ന് ഞാൻ ന്യായമായും സംശയിക്കുന്നു.
 “ചിലരുടെ തലയിൽ വെളിച്ചം വീഴാൻ ഇനിയും സമയമെടുക്കും. കുഞ്ഞുങ്ങളെ പഠിപ്പിക്കുകയെന്നത് നമ്മുടെ കർത്തവ്യമാണ്.അതിനുനമുക്ക്സൗകര്യമൊരുക്കാം.”
                        തന്റെ തറവാടുവക സ്ഥലത്ത് വീടിനോട് ചേർന്ന് സ്കൂൾ പ്രവർത്തിക്കാൻ അനുമതിനൽകിയ കുട്ടിക്കൃഷ്ണൻനായർ ഒരു ചരിത്രം രചിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങിയ സ്കൂളിൽ പഠിക്കാനെത്തിയത് 12 കുട്ടികൾ മാത്രമായിരുന്നു. എങ്കിലും വർഗ്ഗീയഭ്രാന്തൻമാർ മനുഷ്യമനസ്സിൽ പണിതുയർത്തിയ മതിലുകൾ തകർത്തെറി‍ഞ്ഞ്,സമത്വസുന്ദരമായ ഒരു നാളെയസ്വപ്നംകണ്ട്, പീഢിതരോടോപ്പം ചേർന്നിരുന്നു പഠിക്കാൻ തയ്യാറായ മഹത്തുക്കളെ സ്മരിക്കാതിരുന്നാൽ അതൊരു നന്ദികേടായിപ്പോകും.
                            1922-ൽസ്കൂൾ ,മലബാർ ലോക്കൽബോഡി ഏറ്റെടുത്തു.മങ്ങാട്ടു വക പറമ്പിൽ പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം സ്കൂൂൾ പ്രവർത്തിച്ചു തുടങ്ങിയത്.മനുഷ്യസ്നേഹികളും നവോത്ഥാന നായകരുമായിരുന്ന ആദ്യകാല അധ്യാപകരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ ഇപ്പോൾ യു പി വിഭാഗം പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി സർക്കാരിനു സമർപ്പിച്ചു പ്രസ്തുതസ്ഥലത്ത് സർക്കാർനിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റപ്പെട്ടു.1957-ൽ യു പി സ്കൂളായും,1981-ൽ ഹൈസ്കൂളായും 2004-ൽ ഹയ‍‍ർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.ഇപ്പോൾ ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം ഇന്നാട്ടിലെ സുമനസ്സുകളായ കുടുംബങ്ങൾ സ്കൂളിന് സംഭാവന നൽകിയതാണെന്നത് ഇന്നാട്ടുകാരുടെ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമാണ്.
                            നിറമരുതൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന അധ്യാപകരും പ്രധാനധ്യാപകരും നിരവധിയാണ്.ശ്രീ ഗോപാലൻ നായർ,ശ്രീമതി.വി.സി കമലം, സർവശ്രീ.കുഞ്ഞിബാവ,രാജഗോപാലൻ നായർ, ബഷീർ,സുകുമാരൻ,അബ്ദുറഹിമാൻകുന്നത്ത്,മുഹമ്മദ്അസ്ലം,ശ്രീമതി മല്ലിക എന്നീ പ്രതിഭാധനരും ,മനുഷ്യസ്നേഹികളുമായ അധ്യാപകരുടെ സേവനം എന്നെന്നും സ്മരിക്കപ്പെടേണ്ടതാണ്.സ്കൂളിന്റെ പുരോഗതിക്കായി സ്തുത്യർഹമായ സംഭാവനകൾ   നൽകിയ ശ്രീ ബാവാക്ക,ശ്രീ പി ഇസ്മായിൽ എന്നീ പി ടി എ പ്രസിഡന്റ്മാരുടെ  സേവനവും സ്മരണീയമാണ്.
                           ഇന്ത്യയുടെ കായിക ഭൂപടത്തിൽ നിറമരുതൂരിന് ഒരു മഹനീയ സ്ഥാനം  നേടിക്കൊടുക്കുന്നതിന് കാരണക്കാരനായ കായികാധ്യാപകൻ ശ്രീ സാം തോമസിനേയും  ഇത്തരുണത്തിൽ സ്മരിക്കുന്നു. അനേകമനേകം ഖൊ-ഖൊ താരങ്ങളെരാജ്യത്തിനും സംസ്ഥാനത്തിനും സംഭാവന ചെയ്യാൻ നമ്മുടെ സ്കൂളിനെ പ്രാപ്തമാക്കിയത് അദ്ദേഹമാണ്.
                               സ്വാതന്ത്ര്യ സമരത്തിന്റേയും നവോത്ഥാന മുന്നേറ്റത്തിന്റേയും ചരിത്രമാണ് നമ്മുടെ സ്കൂളിന്റെ ചരിത്രമെന്നത് ഈസ്കൂളിന്റെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച ഓരോ അധ്യാപകനേയും,  അനധ്യാപകനേയും മാത്രമല്ല ഓരോ വിദ്യാർഥിയേയും അഭിമാനാർഹരാക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണെന്ന് നാം തിരിച്ചറിയണം.സാമൂഹ്യ വിരുദ്ധരുടെ ആക്രമണങ്ങളെ പ്രതിരോധിച്ച്,ഈ മഹത്തായ വിദ്യാലയത്തെ കണ്ണിലെ കൃഷ്ണമണി പോലെ  സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നമ്മുടെ സ്കൂളിന് പറയാനുള്ളത് മനുഷ്യസ്നേഹത്തിന്റെ ചരിത്രമാണ് .ഇവിടെ നിന്നും നമുക്ക് പഠിക്കാനുള്ളത് ഒരുമയുടെ,സാഹോദര്യത്തിന്റെ ,സ്നേഹത്തിന്റെ ,ക്ഷമയുടെ ,  നവോത്ഥാനത്തിന്റെ ,മതേതരത്വത്തിന്റെ ,സമന്വയത്തിന്റെ പാഠങ്ങളാണ്.