ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
2011-ലാണ് സോഷ്യൽ സയൻസ് അധ്യാപികയായി ജിഎച്ച്എസ്എസ് കൊടുവള്ളിയിലേക്ക് വരുന്നതെങ്കിലും സ്കൂളുമായി എനിക്കുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1990- ലാണ് ഞാൻ 8ാം ക്ലാസുകാരിയായി ജിഎച്ച്എസ്എസ് കൊടുവള്ളിയിൽ ആദ്യമായി വരുന്നത് 7ാം ക്ലാസ് കഴിഞ്ഞപ്പോൾ കൊടുവള്ളിയിൽ ഹൈസ്കൂൾ പഠിക്കാൻ പോവുന്നു എന്നത് വളരെ ജിജ്ഞാസയും ഉത്സാഹവും തോന്നിയിരുന്ന കാലം. അന്നത്തെ സ്കൂളിൽ ഇന്നത്തേതിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. കെട്ടിടങ്ങൾ ഓട് ഇട്ടതായിരുന്നു. ചിലതൊക്കെ ഓലമേഞ്ഞതും ഷീറ്റും ആയിരുന്നു എന്നോഓർക്കുന്നു. ഗ്രൗണ്ടിൽ നിന്നും പടവുകൾ കയറി കയറ്റത്തി ലായിരുന്ന പ്രധാനകെട്ടിടം. ഇന്നത്തെ പോലെ നിരപ്പായിരുന്നില്ല. താഴത്തെ കെട്ടിടത്തിലേക്ക് കുത്തനെ ഇറങ്ങണം. അതിനുള്ളിൽ ഒരു ഇടുങ്ങിയ പടവുകളും ഉണ്ടായിരുന്നതായി ഓർക്കുന്നു. ഇന്നത്തെ പോലെ ടോയ്ലറ്റ് സൗകര്യം ഇല്ലായിരുന്നു. ഇന്നത്തെ ഡൈനിങ് റൂമിന്റെ സ്ഥാനത്തായിരുന്നു സ്റ്റേജ്. സ്കൂളിന്റെ അഭിമാനമായിരുന്നു. അന്നൊക്കെ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഞാൻ പഠിക്കുന്ന സമയത്ത് ഉച്ചവരെ ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അതിനാൽ ട്യൂഷന് പോകുന്ന കുട്ടികൾക്ക് അതൊരു സൗകര്യമായിരുന്നു. സ്കൂളിന്റെ ഓർമ്മകളിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് സ്കൂൾ യുവജനോത്സവമാണ്. യുവജനോത്സവം സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ ഉത്സവമായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും യുവജനോത്സവദിവസങ്ങളിൽ സ്കൂളിൽ എത്തും. തികച്ചും ഒരു ഉത്സവം തന്നെ. സബ്ജില്ലാതലത്തിലും ഒപ്പനയിലും പങ്കെടുത്തതെല്ലാം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. അധ്യാപകരെ കുറിച്ച് ഓർക്കുമ്പോൾ ഇന്നത്തെ പോലെ കുട്ടികളെ പിന്നാലെകൂട്ടണ അധ്യാപകരെന്നും ആയിരുന്നില്ല. അവർ അവരുടെ ജോലി ചെയ്യും. കുട്ടികൾ അകത്ത് തോന്നുംപോലെ വരും പോവും. എങ്കിലും അധ്യാപകരെ വിദ്യാർത്ഥികൾ വളരെ ബഹുമാനത്തോടും ഭവ്യതയോടും കാണുന്നു. ഇന്തം അന്തരം കാണുമ്പോൾ അത്രേ ആദരവും സ്നേഹവും ഉണ്ട്. 1993-ൽ പത്താം ക്ലാസിൽ നിന്നും നല്ല മാർക്കോടെ പാസായി പോരുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ഒരു ടീച്ചറായി സ്കൂളിൽ എത്തുമെന്ന്. തുടർന്ന് പഠിച്ചതും ജോലിക്ക് എന്ന ഉദ്ദേശത്തിൽ ആയിരുന്നില്ല. ജീവിതയാത്രയിൽ സാഹചര്യങ്ങൾ മാറിവരികയും B E D എടുക്കേണ്ടതായി വരികയും ചെയ്തപ്പോൾ ട്രെയിനിങ്ങിന് വന്നതും GHSS കൊടുവള്ളിയിൽ തന്നെ. ഇപ്പോൾ 14 വർഷമായി ജോലി തുടർന്നുപോകുന്നു. ജിഎച്ച്എസ്എസ് കൊടുവള്ളി കൊടുവള്ളി അന്നും ഇന്നും എന്റെ സ്വന്തം. വിദ്യാലയം സെലീന കെ ടി
സോഷ്യൽ സയൻസ് അധ്യാപിക