ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025


ഉദുമ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനു ബാര ഗവൺമെൻറ് ഹൈസ്കൂൾ ഈ വർഷം വേദിയായി . സ്‌കൂൾ പ്രവേശനോത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം കെ വിജയൻ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുഖ്യാഥിതി ശ്രീ രതീഷ് കണ്ടടുക്കം കുട്ടികളുമായി സംവദിച്ചു .എസ് എം സി ചെയർമാൻ സനൽ പി ,എം പി ടി എ പ്രസിഡന്റ് ദീപ ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സുനിൽ കുമാർ, സ്കൂൾ ലീഡർ മിഥുൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് സമ്മാനിച്ചു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി.
വിജയോത്സവം (02/06/2025)
ബാര ഗവൺമെൻറ് ഹൈസ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ ഇനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനവാസ് പാദൂർ വിജയോത്സവം ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾ, എൻ എം എം എസ് വിജയി, എൽ .എസ് .എസ്., യു. എസ്. എസ് വിജയികൾ, അറബിക്, ഉറുദു ,സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികൾ,ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലം വരെ എത്തിയ കുട്ടികൾ,സംസ്ഥാനതല എസ് പി സി ക്യാമ്പിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ ,സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കെടുത്തവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ് ബാരയിൽ പരിസ്ഥിതി ദിനാചരണം നടത്തി. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. എൽ പി വിഭാഗത്തിൽ ജൂൺ അഞ്ചിന് പിറന്നാളാഘോഷിക്കുന്ന വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ സമ്മാനിച്ചുകൊണ്ട് മാതൃകാ പരമയി പിറന്നാൾ ആഘോഷിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഹരിത കർമ്മ സേനാംഗങ്ങൾക്ക് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഹസ്തദാനം നൽകി.

എസ്.പി.സിയുടെ നേതൃത്വത്തിൽ ending Plastic Pollutionഎന്ന മുദ്രാവാക്യവുമായി റാലി നടത്തി. എസ്.പി.സി യുടെയും ബയോ ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി -തരിശു പൂക്കുന്ന ഇടം -എന്ന വിഷയത്തിൽ കവിതാരചന മത്സരം നടത്തി. എൽ പി , യു പി വിഭാഗം കുട്ടികൾ മഷി മുക്കിയ കൈകൾ കൊണ്ട്മരങ്ങൾ തീർത്ത് പ്രകൃതിക്കൊപ്പം അണിനിരുന്നു.പിടിഎ പ്രസിഡണ്ടിനെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.
മധുരം മലയാളം പദ്ധതി

ജി എച്ച് എസ് ബാര സ്കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. പത്ത് ക്ലാസുകളിലേക്ക് മാതൃഭൂമിപത്രം സ്പോൺസർ ചെയ്തത് മൈലാട്ടി സ്വദേശിയായ അംഗോളയിൽ പെട്രോളിയം മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പി കെ നിധീഷ് നമ്പ്യാർ ആണ്. സ്കൂൾ ലീഡർ മിഥുൻ എം കുമാറിന് പത്രം കൈമാറിക്കൊണ്ട് ജൂൺ 11 ന് പദ്ധതിക്ക് തുടക്കം കുറിച്ചു

വായനാ പക്ഷാചരണം
ജി എച്ച് എസ് ബാരയിൽ വായനാ പക്ഷാചരണത്തിന് ഉജ്വലമായ തുടക്കം. വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും മൈത്രി വായനശാലയുടെ യും ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ വായനാദിന പരിപാടി പ്രശസ്ത ചിത്രകാരൻ ഗഫൂർ മാസ്റ്റർ അക്ഷര വെളിച്ചം കൊളുത്തി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻ്റ് എം കെ വിജയൻ അധ്യക്ഷനായി . മുകുന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . മോഹനൻ മാങ്ങാട് വായന മൽസര പുസ്തകങ്ങളെ പരിചയപ്പെടുത്തി . എഴുത്തുകാരികളായ സരസ്വതി മാങ്ങാട് , ബിന്ദു കല്ലത്ത് എന്നിവരെ ആദരിച്ചു . സുധാകരൻ മൊട്ടമ്മൽ ,ഡോ എം കെ അഷ്റഫ് ,കുമാരൻ വെടിക്കുന്ന് ,ദീപ ബാലു ,ശ്രീധരൻ അണിഞ്ഞ ,ഉദയകുമാർ പരുവംകോട് ,അസ്ലം ഉദുമ ,സൂരജ് മാസ്റ്റർ എന്നിവർ സംസാരിച്ചു .പി വി കെ അരമങ്ങാനം , മാലിനി കോര്യോട്ട് , ബിന്ദു കല്ലത്ത് എന്നിവർ കവിതകൾ ആലപിച്ചു. ആരാധ്യ,ആദിമബാബു എന്നീകുട്ടികൾ പുസ്താസ്വാദന കുറിപ്പുകൾ അവതരിപ്പിച്ചു . ജി എച്ച് എസ് ബാരയിലെ അധ്യാപകനും കവിയുമായ ഹരി ശിവരൂർ എഴുതിയ കവിതാ സമാഹരണത്തിൻ്റെ കവർ പേജ് പ്രകാശനം ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു .പ്രധാനാധ്യപിക മീനാകുമാരി സി എം സ്വാഗതവും ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.
വായനാദിനം - പ്രവർത്തനങ്ങൾ

വായനാദിനമായ 19.06.2025 വ്യാഴാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.രാവിലെ 10.00 മണിക്ക് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു.പ്രാർത്ഥനയ്ക്ക് ശേഷം 7.E ക്ലാസ്സിലെ ആദ്യ എന്ന കുട്ടി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശേഷം ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചർ അസംബ്ലിയെ അഭിസംബോധന ചെയ്തു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ടീച്ചറുടെ വാക്കുകൾക്ക് സാധിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് 7 E ക്ലാസിലെ നീലിമ , 5 E ക്ലാസിലെ ആൻവിയ ബാബു,6 C യിലെ വിപഞ്ചിക,ആഗ്മിയ എന്നിവർ സംസാരിച്ചു.ഈ വർഷത്തെ ലൈബ്രറി പുസ്തക വിതരണം 6 ഡി യിലെ ആദ്യ നായർക്ക് നൽകി HM നിർവഹിച്ചു.തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനികളായ ജനിയ( ഒരു കുടയും കുഞ്ഞുപെങ്ങളും),സാൻവി അരവിന്ദ് (ആരാച്ചാർ)എന്നിവർ പുസ്തക പരിചയം നടത്തി.രാവിലെ

ക്ലാസ് തലത്തിൽ സാഹിത്യ ക്വിസ് മത്സരവും , അതിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഉച്ചയ്ക്ക് 1.30 നു സ്കൂൾതല മത്സരവും നടത്തി.ആരാധന ദിനേശൻ (7A) ഒന്നാം സ്ഥാനവും , ഗൗരി കൃഷ്ണ (7A), ആദിൽ (7D) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുട്ടി റേഡിയോ
ജിഎച്ച്എസ് ബാരയിലെ കുട്ടികളുടെ സർഗാത്മകതയ്ക്ക് മാറ്റുകൂട്ടാൻ ഇനി കുട്ടി റേഡിയോയും. 2025 26 അധ്യായന വർഷത്തിലെകുട്ടി റേഡിയോയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് മീനാകുമാരി ടീച്ചറോടൊപ്പം മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ് സംസ്കൃതം ,അറബി ഹിന്ദി തുടങ്ങിയ ഭാഷകളിലായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയുടെ ഡോക്യുമെന്റേഷൻ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ് ഏറ്റെടുത്തു.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു ജി എച്ച് എസ് ബാരയിൽ രാവിലെ പ്രത്യേക അസംബ്ലി നടത്തി . ലഹരി വിരുദ്ധ സന്ദേശം വായിക്കുകയും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. SPC യുടെ നേതൃത്വത്തിൽ സൂംബ ഡാൻസ് പരിശീലനവും കൊളാഷ് നിർമ്മാണവും നടത്തി. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.


.
ചാന്ദ്രദിനം
ജി. എച്ച്. എസ് ബാരയിലെ ചാന്ദ്രദിനം ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. എൽ. പി , യു. പി ഹൈസ്കൂൾ വിഭാഗങ്ങളിലായി നൈമിഷികക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഡോക്യുമെന്ററി പ്രദർശനം , മാഗസിൻ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലേക്ക് ഒരു യാത്ര- വീഡിയോ പ്രദർശനം, പ്രിയപ്പെട്ട അമ്പിളിമാമന് കത്തെഴുതൽ മത്സരം, റോക്കറ്റുകളുടെ മാതൃക നിർമ്മാണവും പ്രദർശനവും , യു. പി ഹൈസ്കൂൾ വിഭാഗങ്ങളിലായി ബഹിരാകാശ യാത്രയുടെ പാനൽ പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.


ലോക സൗഹൃദദിനം

ലോക സൗഹൃദദിനത്തോടനുബന്ധിച്ച് കൂട്ടുകാർക്ക് ബാരയിലെ കുട്ടികൾ കത്തെഴുതി. ബാര ഗവ ഹൈസ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികളാണ് അവരുടെ കൂട്ടുകാർക്ക് സ്നേഹ സൗഹൃദം കത്തിലൂടെ കൈമാറിയത്. ഉദുമ പോസ്റ്റ് ഓഫീസിൽ എത്തിയ കുട്ടികൾ പോസ്റ്റ് ഓഫീസിലെ സംവിധാനങ്ങളെക്കുറിച്ചും ഉപാധികളെക്കുറിച്ചും ഉദ്യോഗസ്ഥരോട് ചോദിച്ച് അറിഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മീനാകുമാരി ടീച്ചർ, അധ്യാപകർ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.


വീട്ടിൽ വളരും ട്രീ ഫ്രണ്ട്
ലോക സൗഹൃദ ദിനത്തിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബാരയിലെ എസ്.പി.സി കേഡറ്റുകൾ. കാസറഗോഡ് ജില്ല ഹരിത മിഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കാഡറ്റുകൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഫലവൃക്ഷച്ചെടികൾ പരിസ്ഥിതി ഗാനം ആലപിച്ച് കൂട്ടുകാർക്ക് കൈമാറി. ഫലവൃക്ഷ പരിപാലനത്തിന് വേറിട്ട പ്രവർത്തന പദ്ധതികളും ഉറപ്പുവരുത്തി. മേല്പറമ്പ് സബ് ഇൻസ്‌പെക്ടർ സബീഷ് സർ എസ്.പി.സി പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു, സ്കൂൾ ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ ട്രീ ഫ്രണ്ട് പരിപാടി ഉൽഘാടനം ചെയ്തു.ഹരിത മിഷൻ കാസർഗോഡ് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.ഡി.ഐ അനീഷ് എം, സി.പി.ഒ സതീശൻ ടി, എ.സി.പി.ഒ സ്മിത വി, മഹേഷ് സാരംഗ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.എസ്.പി.സി കാഡറ്റ് കുമാരി ആവണി ചടങ്ങിന് നന്ദി പറഞ്ഞു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ സമാധാനത്തിന്റെ വെള്ളരിപ്രാവ്- മാതൃക ശ്രദ്ധേയമായി
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ആഗസ്റ്റ് 14ന് നടന്നു.സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ ആയിട്ടാണ് ഈ വർഷം നടത്തിയത്.മൊബൈൽ ഫോൺ വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ പ്രാവശ്യത്തെ ഇലക്ഷൻ നടത്തിയത്. .സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളും നൽകിയിരുന്നു. 8,9 ,10 ക്ലാസുകളിലായി മൂന്ന് പ്രത്യേക ബൂത്തുകൾ ക്രമീകരിച്ചാണ് ഇലക്ഷൻ നടത്തിയത്.ഉച്ചയ്ക്ക് വോട്ടെണ്ണലിനുശേഷം 13 ക്ലാസിലേക്കുള്ള ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുത്തു.
