Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?
പലതരത്തിലുള്ള വൈറസ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നാമെല്ലാവരും . എന്നാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചാൽ മാറാവുന്ന രോഗങ്ങളാണ് ഇവ.രോഗാണുക്കളുടെ പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവാണ് പ്രതിരോധശേഷി .ഇത് എല്ലാ മനുഷ്യരിലും ഒരുപോലെയല്ല . പ്രതിരോധശേഷി കുറഞ്ഞവരിൽ ആണ് വളരെ പെട്ടെന്ന് രോഗങ്ങൾ പിടിപെടുന്നത്.കുട്ടികളിലും പ്രായംചെന്നവരിലും രോഗപ്രതിരോധശേഷി കുറവായിരിക്കും. COVID - 19 എന്ന മാരക വൈറസ് ലോക ജനതയെ ഒന്നടങ്കം കാർന്നുതിന്നുന്ന ഈ സമയത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നമുക്ക് നോക്കാം.
- 1.പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുക.*
പ്രധാനമായും വിറ്റാമിൻ A, B6,C,D, E, എന്നിവയും മാംസ്യവും നാരുകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് നമ്മളെ ഇക്കാര്യത്തിൽ സഹായിക്കുന്നത്.രോഗാണുക്കളോട് പൊരുതുന്നതിന് ആവശ്യമായ ആൻറി ഓക്സിഡൻറുകൾ നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് സഹായകമായ ഭക്ഷണപദാർത്ഥങ്ങൾ ആണ് ഇവ.
കാരറ്റ് ,ബീറ്റ്റൂട്ട്, ഇലക്കറികൾ, പാൽ എന്നിവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു.ഓറഞ്ച്, നാരങ്ങ ,പപ്പായ, നെല്ലിക്ക ,ക്യാപ്സിക്കം, സ്ട്രോബറി തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.സൂര്യ പ്രകാശത്തിലൂടെ നമുക്ക് ലഭിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഡി.കൂടാതെ കൂൺ, മുട്ട ,പാൽ ,മത്തി തുടങ്ങിയ ഭക്ഷണത്തിലും വിറ്റാമിൻ ഡി ഉണ്ട് .വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ ,ഒലിവ് എണ്ണ തുടങ്ങിയ എല്ലാതരം വെജിറ്റബിൾ എണ്ണകളും ബദാം, നിലക്കടല തുടങ്ങിയവയും . എല്ലാത്തരം പച്ചക്കറികളിലും പഴവർഗങ്ങളിലും ധാരാളം ധാതുക്കളും വിറ്റാമിനുകളും ഷുഗറും മാംസ്യവും നാരുകളും അടങ്ങിയിരിക്കുന്നു.ശുദ്ധമായ തേൻ, മഞ്ഞൾ, ഇഞ്ചി വെളുത്തുള്ളി,ചുവന്നുള്ളി,കുരുമുളക് തുടങ്ങിയവയും നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.
ശരീരത്തിൻറെ സുഗമമായ പ്രവർത്തനത്തിന് ധാരാളം വെള്ളം കുടിക്കണം. കൃത്യമായ അളവിൽ വെള്ളം ലഭിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശങ്ങൾ പുറന്തള്ളുകയും അതുമൂലം ഉന്മേഷവും ഉണർവ്വും വർധിക്കുകയും ചെയ്യുന്നു.ശരിയായ രീതിയിലുള്ള ഭക്ഷണക്രമം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമ്പോൾ അമിത ഭക്ഷണവും ശരീരവണ്ണവും രോഗപ്രതിരോധസംവിധാനത്തെ തകരാറിലാക്കുന്നു.
- 2. പ്രതിരോധ ശേഷി കുറയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക*
പഞ്ചസാരയും മൈദയുംഅടങ്ങിയ എല്ലാ ഭക്ഷണപദാർത്ഥങ്ങളും പ്രതിരോധശേഷി കുറയ്ക്കുന്നവയാണ്.കൂടാതെ കൃത്രിമ നിറങ്ങളും രുചി പദാർത്ഥങ്ങളും ചേർത്ത ഭക്ഷണങ്ങളും പ്രതിരോധശേഷി കുറക്കുന്നു.ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ തകർക്കുന്നവയാണ്.ഇവയെല്ലാം നമ്മുടെ ശരീരകോശങ്ങളെ കേടുപാടു വരുത്തുന്ന ഓക്സിഡന്റുകളെ ഉല്പാദിപ്പിക്കുന്നവയാണ്. മദ്യപാനം,പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കും.
ശരിയായ രീതിയിലുള്ള ഭക്ഷണത്തോടൊപ്പം കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.ശരീരത്തിൽ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പുകൾ നീക്കം ചെയ്യാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ഉന്മേഷം ഉണ്ടാക്കാനും വ്യായാമത്തിന് കഴിയും.. ശ്വാസോച്ഛ്വാസത്തിന്റെ വേഗത വർദ്ധിപ്പിക്കാനും രക്തത്തിലെ ഓക്സിജൻ അളവ് കൂട്ടാനും ഓട്ടം, നടത്തം പോലുള്ള വ്യായാമമുറകൾക്ക് സാധിക്കുന്നു.അതുപോലെ ശരീരത്തിന് കരുത്ത് വർദ്ധിപ്പിക്കാനും ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കാനും ബാലൻസ് നിലനിർത്താനും ഒക്കെ വ്യത്യസ്ത വ്യായാമമുറകൾ ശീലിക്കുന്നത് നല്ലതാണ്.എല്ലാ വ്യായാമമുറകളും മനസ്സിനും ശരീരത്തിനും ഉണർവ്വും ഉന്മേഷവും നല്ല ഉറക്കവും നൽകി ജീവിതം കൂടുതൽ സുന്ദരമാക്കുന്നു.
- 4.മാനസിക ആരോഗ്യം സംരക്ഷിക്കുക*
വെറുപ്പ്, വിദ്വേഷം , കോപം ,നിരാശ, ഭയം ,പക ,ആകുലത ,ഉൽക്കണ്ഠ തുടങ്ങിയ നിഷേധാത്മക ചിന്തകളെയും വികാരങ്ങളെയും മനസ്സിൽ സൂക്ഷിക്കാതിരിക്കുക. മാനസിക പിരിമുറുക്കങ്ങൾ പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.എപ്പോഴും ഉണർവും ഉന്മേഷവും സന്തോഷവും ശുഭാപ്തിവിശ്വാസവും നൽകുന്ന ചിന്തകളാൽ മനസ്സ് നിറയ്ക്കുക. വായന, കുടുംബത്തോടൊപ്പമുള്ള ഉല്ലാസം, പൂന്തോട്ട നിർമ്മാണം ,പച്ചക്കറിത്തോട്ടം /കരകൗശല വസ്തു നിർമ്മാണം, തയ്യൽതുടങ്ങി ഓരോരുത്തരുടെയും വാസനയും ഇഷ്ടവും അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇതിന് സഹായിക്കും.
മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ ഉറക്കം ഒരു പ്രധാന ഘടകമാണ്.എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും രാവിലെ ഒരേ സമയത്ത് ഉണരുകയും ചെയ്യണം .രോഗപ്രതിരോധ നത്തിൽ പ്രധാന പങ്കുവഹിക്കുന്ന cytokines ഉൽപാദിപ്പിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്നത് ഉറങ്ങുമ്പോഴാണ് .ഉറക്കം വഴി ലഭിക്കുന്ന വിശ്രമം രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തുകയും ഏകാഗ്രത, ഓർമശക്തി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാനസികാരോഗ്യത്തിനും ഉറക്കം വളരെ അത്യാവശ്യമാണ്. നന്നായി വ്യായാമം ചെയ്യുന്നതും ദൈനംദിന ജോലികൾ സജീവമാകുന്നതും എളുപ്പത്തിൽ ഉറങ്ങാൻ നമ്മെ സഹായിക്കും.വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുന്നതും കഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഉപേക്ഷിക്കുന്നതും ആൽക്കഹോൾ ഒഴിവാക്കുന്നതുംനല്ല ഉറക്കം കിട്ടാനുള്ള വഴികൾ ആണ് .ആരോഗ്യവാനായ ഒരു മനുഷ്യൻ ദിവസം 6 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.
- 6 ശുചിത്വശീലങ്ങൾ പാലിക്കുക*
നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അത്യാവശ്യമാണ്.ദിവസവും രണ്ടു നേരമെങ്കിലും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും പതിവാക്കണം.ശുചി മുറിയിൽ പോയി വന്നാലും വീടിനു പുറത്തു പോയി വന്നാലും കൈകൾ സോപ്പിട്ടു ഇട്ടു കഴുകണം.വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലും രോഗങ്ങളെ അകറ്റാൻ സഹായിക്കുന്നു.
ശരിയായ ഭക്ഷണ രീതിയിലൂടെയും ജീവിത ശൈലിയിലൂടെയും നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുവഴി മാരക രോഗങ്ങളെ ചെറുക്കാനും സാധിക്കും.
നാജിയ ഷിറിൻ പി.വി
|
7 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|