ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/എന്റെ മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മലയാളം


"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് മലയാളത്തിന്റെ മഹാകവി വള്ളത്തോൾ രചിച്ച വരികളാണിവ.

മാതൃഭാഷയെ പെറ്റമ്മയോട് ഉപമിക്കുകയാണ് കവിയിവിടെ.ഈ വരികളിൽ മാതൃഭാഷയുടെ ജീവൽ പ്രാധാന്യം എന്തെന്ന് വ്യക്തമാകും. ചിന്തയുടെ മാധ്യമമാണ് ഭാഷ. വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ.ഇന്ന് പലരും "എനിക്ക് മലയാളം അറിയില്ല" എന്ന് വളരെ ഗമയോടെ പറയുന്നു. എന്നാൽ അവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. മലയാളമറിയാത്ത മലയാളികൾ മലയാളക്കരയ്ക്ക് തന്നെ അപമാനമാണ്.ഇനിയുള്ള തലമുറയ്ക്ക് മലയാളം ഒരു കേട്ടുകേൾവി മാത്രമായി തീരുന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്. കാരണം, മലയാളം എന്ന പെറ്റമ്മയെ അടുത്തറിയുവാനുള്ള ഭാഗ്യം ഇന്നത്തെ തലമുറയിലുള്ളവർക്ക് ലഭിച്ചു.എന്നാൽ അടുത്ത തലമുറയെ? അത് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളോടെ മലയാളത്തിലെ തനതായ സാഹിത്യഭാഷ രൂപപ്പെട്ടു.ഇതിനു ശേഷമുള്ള കാലത്തെ മലയാളത്തിന്റെ ആധുനിക കാലഘട്ടം ആയി കണക്കാക്കുന്നു. മലയാളഭാഷ ഇന്ന് മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള മലയാളം ചരമമടയുകയാണ് മേഘ സന്ദേശവും, താളിയോലകളും, പത്രത്താളുകളും, എഴുത്തുമെല്ലാം ഇന്റർനെറ്റ്, ഈമെയിൽ,എസ് എം എസ്, മൊബൈൽ എന്നിവയ്ക്ക് മുൻപിൽ വഴിമാറുമ്പോൾ ഇംഗ്ലീഷ് ഭാഷയ്ക്ക് മുന്നിൽ മലയാളഭാഷയും വൈകാതെ തന്നെ കീഴടങ്ങേണ്ടി വരും. മലയാളം നമ്മുടെ അഭിമാനമാണ് അത് നമ്മുടെ സംസ്കാരമാണ്. ലോകത്തുള്ള 2796 ഭാഷകളിൽ 77 ആം സ്ഥാനമാണ് മലയാളത്തിനുള്ളത്.80 ലക്ഷം പേർ മാത്രം സംസാരിക്കുന്ന സ്വീഡിഷ് ഭാഷയ്ക്കും 100 ലക്ഷം പേർ മാത്രം സംസാരിക്കുന്ന ഗ്രീക്ക് ഭാഷയ്ക്കും ലോകത്ത് ഉന്നത സ്ഥാനങ്ങൾ ഉള്ളപ്പോൾ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടിയിരിക്കുന്നു. അവർ മാതൃഭാഷയോട് കാണിക്കുന്ന സ്നേഹവും, ആദരവും നാം കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.മൂന്നര കോടി മലയാളികൾ മലയാള ഭാഷയോട് കാണിക്കുന്ന അനാസ്ഥ മറ്റൊരു ജനതയും കാണിക്കാത്തതാണ്.ഏത് യന്ത്രവൽകൃത ലോകത്തിൽ ജീവിച്ചാലും ഏത് സാങ്കേതികവിദ്യയുടെ ചുവട്ടിൽ കിടന്നാലും മലയാളത്തെയും, സംസ്കാരത്തെയും മറക്കുന്നത് പെറ്റമ്മയെ മറക്കുന്നതിന് തുല്യമാണ്."ആറ് മലയാളിക്ക് നൂറ് മലയാളം അര മലയാളിക്ക് ഒരു മലയാളം ഒരു മലയാളിക്കും മലയാളമില്ല" എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികളെപ്പോലെ ഇന്ന് മലയാളിക്ക് മലയാളം ഇല്ല.മാറുന്ന ജീവിതരീതികളും സാഹചര്യങ്ങളുമാണ് ഇന്ന് മലയാളിക്ക് മലയാളത്തെ അവഗണിക്കാനും, മറക്കുവാനും ഇടയാക്കിയത്.മക്കൾ മലയാളം പറയുന്നത് കുറച്ചിലായി കാണുന്ന മാതാപിതാക്കൾ അവർക്ക് വേണ്ടി ഇന്റർനാഷണൽ സ്കൂളുകൾ തേടിപ്പോകുന്നു. സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു. നമ്മുടെ വിദ്യാഭ്യാസ രീതിക്ക് മാറിയാൽ മാത്രമേ മലയാളത്തിന് മാന്യമായ സ്ഥാനം ലഭിക്കുകയുള്ളൂ. "56 അക്ഷരമല്ലെന്റെ മലയാളം 51 അക്ഷരവുമല്ല മലയാളമെന്ന നാലക്ഷരമല്ല അമ്മ എന്ന ഒരൊറ്റ അക്ഷരമാണ് മണ്ണ് എന്ന ഒരൊറ്റ അക്ഷരംമാണ് എന്റെ മലയാളം" എന്ന് കുഞ്ഞുണ്ണി മാഷ് പാടിയത് പോലെ നമ്മുടെ മലയാളം നമ്മുടെ അമ്മയാണ് മണ്ണാണ് എന്നുള്ള തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം...

ധനശ്രീ.കെ
8 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം