ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/ഒന്നിച്ച് മുന്നേറാം

ഒന്നിച്ച് മുന്നേറാം

"എന്താണിത്? കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. ഈ ഭൂമിയിലെ ജന‍‍ങ്ങളെല്ലാം എവിടെയാണ്? വീടുകളുടെ പുറത്ത് ആരെയും കാണുന്നില്ലല്ലോ?
ഇവർക്കെല്ലാം ഇതെന്തു പറ്റി? അല്ലെങ്കിൽ ആളും ബഹളവുമായി അടുക്കാൻ പറ്റാറില്ലല്ലോ? കടയിലൊന്നും തിരക്കില്ലല്ലോ?"
ഇങ്ങനെ അന്തം വിട്ട് നില്ക്കുന്ന മിട്ടു കാക്കയുടെ അടുത്തേക്ക് കണ്ണൻ കാക്കയെത്തി ചോദിച്ചു "നീ എന്താ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത്?”
മിട്ടു ചോദിച്ചു "ഇവരൊന്നും എന്താ പുറത്തിറങ്ങാത്തത്? ഈ മനുഷ്യര്, വണ്ടികൾ ഒന്നും പോകുന്നത് കാണാനില്ലല്ലോ? ഇവർക്കെല്ലാം എന്ത് പറ്റി?”
"അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ? എങ്കിൽ എന്റെ കൂടെ വാ". മിട്ടു ഒന്നും മനസ്സിലാകാതെ കണ്ണനൊപ്പം പറന്നു.
കണ്ണൻ പറഞ്ഞു "ദേ ആ നിൽക്കുന്നയാളെ കണ്ടോ? ആ വീടിന്റെ ഉള്ളിൽ”
"കണ്ടു. അയാളെന്താണ് മുഖവും കൈയ്യും മറച്ചിരിക്കുന്നത്? അയാൾക്ക് ചുറ്റും ദേഹമാസകലം മറച്ച് നിൽക്കുന്നവർ ആരാണ്? അവരുടെ വീടിനു മുൻപിൽ എന്താണ് ഒരു ആംബുലൻസ്? അയാൾക്ക് എന്ത് പറ്റി?” മിട്ടു തന്റെ സംശയങ്ങളുടെ പെട്ടി പൊട്ടിച്ചു.
"അയാൾ വിദേശത്തു നിന്ന് വന്നയാളാണ്.അയാളെ ടെസ്റ്റിനു വേണ്ടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയാണ്. അതിനുവേണ്ടി വന്നവരാണ് അയാൾക്ക് ചുറ്റും" കണ്ണൻ പറഞ്ഞു.
"എന്ത് ടെസ്റ്റ്?” മിട്ടു ചോദിച്ചു.
"അതൊക്കെ വഴിയെ പറയാം, ഇപ്പോൾ നമുക്കാ ആംബുലൻസിനു പിന്നാലെ പോകാം, വാ" ഇങ്ങനെ പറഞ്ഞ് അവർ രണ്ട് പേരും ആംബുലൻസിനു പിന്നാലെ മെഡിക്കൽ കോളേജിലെത്തി.
നേരത്തെ കണ്ടയാളെ ആശുപത്രിയുടെ അകത്തേക്ക് കൊണ്ട് പോയി. മിട്ടുവും കണ്ണനും അവർക്കു പിന്നാലെ ആരുടെയും ശ്രദ്ധയിൽ പെടാതെ പറന്നു.
ഐസൊലേഷൻ വാർഡ് എന്നെഴുതിയ ഒരു മുറിക്കകത്തേക്ക് അയാളെ കൊണ്ടുപോയി. വാതിൽ അട‍ഞ്ഞു. മിട്ടുവും കണ്ണനും അവിടെ നിന്ന് പുറത്തിറങ്ങി ഒരു മരക്കൊമ്പിൽ ഇരുന്നു. സൂര്യൻ ഉച്ചിയിലെത്തി നിൽക്കുന്നുണ്ടായിരുന്നു.
"ഇനി പറ അയാൾക്കെന്താ പ്രശ്നം?” മിട്ടു സംശയപ്പെട്ടി വീണ്ടും തുറന്നു.
"അയാൾക്ക് കോവിഡ്-19 എന്ന രോഗം ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യാൻ വന്നിരിക്കുകയാണ് " കണ്ണൻ പറഞ്ഞു.
"അതെന്താണ് ഈ കോവിഡ്-19?” മിട്ടു ചോദിച്ചു.
"കൊറോണ വൈറസ് ഡിസീസ് എന്നാണ് പൂർണ്ണരൂപം. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും ഈ രോഗത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്.
ഇതുവരെ ഇതിന് ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസ് ശരീരത്തിൽ കയറിയാൽ രണ്ടാഴ്‍ചയോളം ഒന്നും മനസ്സിലാകില്ല”.
"ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?”
"പനി, ജലദോശം, തൊണ്ടവേദന, വരണ്ട ചുമ അങ്ങനെ എന്തുമാകും. ഇത് ബാധിച്ചവരുമായി മറ്റുള്ളവർ ഇടപഴകുമ്പോൾ അവർക്കും ഈ രോഗം വരാം" കണ്ണൻ പറഞ്ഞു.
"ഇതെവിടെയാ കണ്ണാ ആദ്യമായി കണ്ടെത്തിയത്?”
"ചൈനയിലെ വുഹാനിലാണ് ഇതാദ്യം സ്ഥിരീകരീക്കുന്നത്. അവിടത്തെ മാംസ മാർക്കറ്റിലെ ഒരു ജോലിക്കാരനായിരുന്നു ആദ്യം രോഗം കണ്ടത്.
പിന്നീട് ആ മാർക്കറ്റ് സന്ദർശിച്ച ഒരുപാട് പേർ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു”. കണ്ണൻ പറഞ്ഞു.
"അപ്പോൾ ഈ മാർക്കറ്റിൽ നിന്നാണോ രോഗം വന്നത്?” മിട്ടു ചോദിച്ചു.
"അതേ ആ മാർക്കറ്റ് സാധാരണ മാർക്കറ്റുകളെ പോലെയല്ല. പാമ്പ് മുതൽ ഈനാംപേച്ചിയെ വരെ മാംസമാക്കി വിൽക്കുന്നുണ്ടവിടെ”.
"അയ്യോ! അങ്ങനെയാണെങ്കിൽ നമ്മളെങ്ങാൻ അവിടെയായിരുന്നെങ്കിൽ നമ്മളെയും അവർ കൊല്ലുമായിരിക്കും അല്ലേ?” മിട്ടു പേടിയോടെ ചോദിച്ചു.
"അറിയില്ല മിട്ടൂ. ഈനാംപേച്ചിയിലൂടെയാണത്രേ വൈറസ് മനുഷ്യരിലേക്കെത്തിയത്”. "ആ മാർക്കറ്റ് ഏതായാലും അടച്ചു. പക്ഷേ...” കണ്ണൻ പകുതി വെച്ച് നിർത്തി.
"എന്തുണ്ടായി പറ കണ്ണാ?”. മിട്ടു അടക്കാനാവാത്ത ആകാംക്ഷയോടെ ചോദിച്ചു.
"അതുകൊണ്ട് ഫലമുണ്ടായില്ല. പുതുവത്സരാഘോഷങ്ങൾക്കായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ചൈനയിലുള്ള മറ്റു രാജ്യക്കാർ, കൊണ്ടുപോയിരുന്ന പെട്ടിയെ കൂടാതെ തങ്ങളുടെ കൂടെ ഈ വൈറസും പോന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞില്ല. അങ്ങനെ അവരിലൂടെ കൊറോണ ലോകമെമ്പാടും പരന്നു. ചൈനയിൽ ആദ്യമായി ഒരു അറുപത്തിയൊന്നുകാരൻ മരണപ്പെട്ടു.
പല രാജ്യങ്ങളിലും കൊറോണ തന്റെ കൈയ്യൊപ്പ് ചാർത്തി. ചൈനയിൽ മരണ സംഖ്യ കൂടി. ഒടുവിൽ നമ്മുടെ കൊച്ചുകേരളത്തിലുമെത്തി. കേസുകൾ കൂടിയതോടെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു”.
അതെന്താണ് ലോക്ഡൗൺ? മിട്ടു ചോദിച്ചു.
"ഇപ്പോഴുള്ള ഈ അവസ്ഥ തന്നെ. ഇനി മെയ് 17 വരെ അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളെല്ലാം 5 മണി വരെ.
മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചു. കല്ല്യാണങ്ങളില്ല, സൽക്കാരങ്ങളില്ല. എല്ലാവരും വീടുകളിൽ ഒതുങ്ങുന്നു”. കണ്ണൻ പറഞ്ഞു.
"അല്ലാ നമ്മുടെ കേരളത്തിൽ ആരെങ്കിലും മരിച്ചോ?” മിട്ടു ചോദിച്ചു. "ങും, അതാണ് ഏറ്റവും സങ്കടം. 4പേർ മരിച്ചു.
എങ്കിലും ഒരുപാട് പേർ ഈ രോഗത്തെ അതിജീവിക്കുന്നു എന്നത് സന്തോഷമാണ്. കേരള സർക്കാർ ഈ വൈറസിനെതിരെ ശക്തമായി പരിശ്രമിക്കുന്നുണ്ട്.
നിപ്പയെ തുരത്തിയ പോലെ ഈ മനുഷ്യർ കൊറോണയെയും തുടച്ചു നീക്കും".
"അല്ല ഈ വൈറസ് നമ്മളെയും ബാധിക്കുമോ?”
"സാധ്യത കുറവാണ്”.
"ഇത് വരാതിരിക്കാൻ മനുഷ്യന് എന്തെല്ലാം ചെയ്യാം?”
"പുറത്തേക്ക് പോകുമ്പോൾ മാസ്‍കും കൈയ്യുറകളും ധരിക്കണം. കൈകൾ ഇടയ്‍ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തികൾ തമ്മിൽ അകലം പാലിക്കണം.
പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല. അയാളുടെ റിസൾട്ട് വന്നിട്ടുണ്ടാകും. ഓഹ്! അയാൾക്ക് നെഗറ്റീവ് ആണ് "കണ്ണൻ പറഞ്ഞു.
"ഓ അപ്പോൾ അയാൾക്ക് രോഗമില്ലേ?”
"ഉറപ്പിക്കാനായിട്ടില്ല. ഇനി രണ്ട് ടെസ്റ്റ് കൂടിയുണ്ട്. എന്തായാലും നിന്റെ സംശയങ്ങൾ എല്ലാം തീർന്നില്ലേ. ഇതിലൂടെ എന്ത് മനസ്സിലായി?” കണ്ണൻ ചോദിച്ചു.
"ഭയമല്ല വേണ്ടത്, ജാഗ്രതയാണ്”. എങ്കിൽ ഒരുമിച്ച് പറയാം

"Stay Home, Stay Safe and Break The Chain"
രഹ്‍ന ഷെറിൻ
8 ബി ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - കഥ