ജലപിശാച്

അങ്ങ് ദൂരെ ഒരു കൊച്ചുഗ്രാമത്തിൽ അധികം വിദ്യാഭ്യാസവും പുരോഗതിയും ഇല്ലാത്ത പാവം ചില മനുഷ്യർ ഉണ്ടായിരുന്നു. അവർ ലളിതമായ ജീവിതം നയിക്കുന്നവരും സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കാനും ചതിച്ചാൽ ചങ്ക് കീറി പൊളിക്കാനും മടിയില്ലാത്തവരാണ്.ഇവർ ഒഴിവു സമയങ്ങളിൽ എപ്പോഴും ആൽത്തറയിലും പീടിക വരാന്തയിലും കൂട്ടംകൂടി നിന്ന് ചർച്ചയിൽ പങ്കാളികളാകും. പക്ഷേ, കൊച്ചുരാമേട്ടൻ വരുന്നതു കണ്ടാൽ എല്ലാവരും ഒരു കൈ അകലം പാലിച്ചേ നിൽക്കൂ. കൊച്ചുരാമേട്ടൻ ആ ഗ്രാമത്തിലെ ഏറ്റവും വലിയ വൃത്തിക്കാരനായിരുന്നു. എപ്പോഴും കൈയ്യിൽ ഒരു തൂവാല ഉണ്ടാകും. കൈ അതിലൊരച്ചോണ്ടെ അയാൾ നടക്കൂ. വീടിൻ്റെ മുറ്റത്തേക്കിറങ്ങിയാൽ കൈയ്യും കാലും തേച്ചുരച്ച് കഴുകിയെ അകത്തേക്കു അയാൾ കയറാറുള്ളൂ. അയ്യോ! എവിടെയെങ്കിലും പോയാൽ പറയും വേണ്ട. കുളത്തിൽ മുങ്ങിക്കുളിച്ചേ വീടിനകത്തു കയറാറുള്ളൂ. നാട്ടുകാർ കൊച്ചുരാമേട്ടനെ ജലപിശാച് എന്നാണ് വിളിക്കുന്നത്. നാട്ടുകാരുടെ ഇന്നത്തെ ചർച്ച കൊച്ചുരാമേട്ടനെ കുറിച്ചായിരുന്നു.കുട്ടൻ പറഞ്ഞു: "എന്തൊരു വൃത്തിക്കാരനാണ് കൊച്ചുരാമേട്ടൻ. ഒരു ജലപിശാച് തന്നെ." കൂടെയുള്ളവർ അതെ എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചു. അപ്പോഴാണ് കൊച്ചുരാമേട്ടൻ്റെ വരവ്. "ശ്ശെ !എന്തായീ കാണണത്. ഒട്ടീട്ടല്ലാതെ ഈ ചെക്കന്മാര് ഇരിക്കില്ല്യാ. അയ്യേ! ഇവിറ്റങ്ങൾടെ കാല് കണ്ടില്ല്യേ ചളി പിടിച്ചിട്ട്. അസത്ത്ക്കള് എന്നെ കൂടി അശുദ്ധമാക്കാനാ ഇവിടെ ഇരിക്കണത്. "കുട്ടൻ പറഞ്ഞു: "ഞങ്ങൾ ഇവിടെ ഇരിക്കണതല്ലെ രാമേട്ടന് പ്രശ്നം? ഞങ്ങള് പൊയ്ക്കോളാം. വാടാ നമുക്ക് പോകാം." "അതേയ് !എല്ലാവരും അവിടെ നിന്നേ." പല ചരക്കു കടക്കാരൻ ബാബു വേട്ടൻ വിളിച്ചു. "എന്താ! എന്താ പ്രശ്നം?" എല്ലാവരും ചോദിച്ചു. ബാബുവേട്ടൻ പറഞ്ഞു: "TV യിൽ ഒരു വർത്ത.ഏതോ ഒരു രാജ്യത്ത് തൊട്ടു കഴിഞ്ഞാൽ പകരുന്ന ഒരു സൂക്കേട് ഉണ്ടത്രേ! കൊണോറ എന്നോ കൊറോണ എന്നൊക്കെ പറയണത് കേട്ടു. ഇനി ആ സാധനം ഇങ്ങോട്ടെപ്പഴാണാവോ വര്യാ ".ബാബുവേട്ടൻ്റെ വാക്കുകൾ ഫലിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം TV യിൽ ഒരു വാർത്ത." നമ്മുടെ നാട്ടിലും ആ സൂക്കേട് വന്നത്രേ!"ബാബുവേട്ടൻ പറഞ്ഞു.ജനങ്ങളെല്ലാം പരിഭ്രാന്തരായി.പോലീസുകാർ എന്തൊക്കെയോ പറഞ്ഞ് ജനങ്ങളെ വീടിനകത്താക്കി. പക്ഷേ, അവർക്കതൊന്നും ശീലമില്ലാത്തതിനാൽ അവർ വീണ്ടും കടകളിലും ആൽത്തറയിലുമെല്ലാം പോയി ഇരുന്നു.അങ്ങനെ ആ ഗ്രാമം മുഴുവൻ ഈ രോഗത്തിൻ്റെ കൈ പിടിയിലായി. പക്ഷേ, ഒരാൾ മാത്രം ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന മട്ടിൽ നാളുകൾ കഴിച്ചുകൂട്ടി.ദിവസങ്ങൾ കഴിയുംതോറും ഗ്രാമത്തിലെ മനുഷ്യരുടെ എണ്ണവും കുറഞ്ഞു വന്നു. എന്നാൽ കൊച്ചുരാമേട്ടനെ മാത്രം ഇതൊന്നും ബാധിച്ചില്ല.അതാണ് കൊച്ചുരാമേട്ടൻ.

അനശ്വര.എം.പി
8 C ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ