ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1880 ൽ മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു മൊല്ലയെ കൊണ്ടുവന്നു. മൊയ്തീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീർഘ കാലം പൊന്മുണ്ടം സ്കൂളിൽ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടിൽ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീൻ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ 2006 മുതൽ ഹൈസ്കൂളായും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഈ സ്ക്കൂളിന് 130 വർഷത്തെ പഴക്കമുണ്ട്. അന്ന് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടിൽ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടിൽ കായൽ മഠത്തിൽ അബ്ദുള്ളക്കുട്ടി ഹാജി നൽകിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിർബന്ധിത സ്ക്കൂളായിരുന്നു. സ്കൂൾ പ്രായമായ കുട്ടികൾ നിർബന്ധമായും സകൂളിൽ വരണം. ഇല്ലങ്കിൽ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം. ബ്രിട്ടീഷ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര്. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം തരം വരെ സ്ലേറ്റും ഒരു പുസ്തകവും മാത്രമായിരുന്നു വിദ്യാർത്ഥികൾക്ക്. സൂപ്രണ്ട് വന്നാണ് പരീക്ഷ നടത്തുക. ഓടായപ്പുറം ചേക്കുട്ടി മാസ്റ്ററുടെ കോമള പാഠാവലി എന്ന പുസ്തകവും, കാരുണ്യ പുണ്യനേ ..... എന്ന് തുടങ്ങുന്ന പ്രാർത്ഥനയും ഇന്നും പ്രായം ചെന്നവരുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന് പ്രകീർത്തിച്ച് ഗാനങ്ങൾ പാഠാറുണ്ടായിരുന്നു. 1956 ലാണ് ഈ സ്കൂൾ യു.പി ആയി ഉയർത്തിയത്. 50 വർഷങ്ങൾക്ക് ശേഷം 2006 ൽ ഹൈസ്കൂളാക്കി ഉയർത്തി. 2008 ൽ പ്രഥമ SSLC ബാച്ച് 128 വിദ്യാർത്ഥികളിൽ 127 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

ചിത്രശാല

ചിത്രം കാണുക

രേഖാചിത്രം