ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ബാലപ്രതിഭ

Schoolwiki സംരംഭത്തിൽ നിന്ന്

ആസ്വാദനക്കുറിപ്പ്

പുസ്തകം: ദ്രൗപതി

രചന: പ്രതിഭാ റായ്.

ഒറിയൻ സാഹിത്യകാരി പ്രതിഭാ റായ് രചിച്ച പ്രശസ്ത നോവലാണ് ദ്രൗപതി. 2011 ൽ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ നോവൽകൂടിയാണ് ഇത്. ദ്രൗപതി ഭഗവാൻ ശ്രീകൃഷ്ണന് എഴുതുന്ന സുദീർഘമായ കത്തിന്റെ രൂപേണയാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.

സ്വർഗ്ഗത്തിലേക്ക് നടന്നു കയറുന്നതിനിടയിൽ കാൽവഴുതി ഹിമാലയത്തിലെ ഒരു ഗർത്തത്തിൽ വീഴുന്ന ദ്രൗപതി കൊടും തണുപ്പിൽ കിടന്നുകൊണ്ട് തന്റെ പ്രക്ഷുബ്ധമായ ജീവിതം കത്തിലേക്ക് പകർത്തുന്നതാണ് നോവലിന്റെ സന്ദർഭം. തന്നെ രാജകൊട്ടാരത്തിൽ വച്ച് വസ്ത്രാക്ഷേപം ചെയ്തിട്ടും മൂകമായി നിന്ന അഞ്ചു പതിമാരെയും വിട്ടെറിഞ്ഞ് ശ്രീകൃഷ്ണനോടൊത്ത് ഒരു നിമിഷമെങ്കിലും സഖിയായിരിക്കുവാൻ ദ്രൗപതി ആഗ്രഹിച്ചിരുന്നു എന്ന നഗ്നസത്യം ഓരോ വായനക്കാരുടെ മനസ്സിലും ഓളം സൃഷ്ടിക്കുന്ന ഒന്നാണ്. തന്റെ പ്രിയ സഖേതാവായ കൃഷ്ണനു മുൻപിൽ സ്ത്രീത്വം മൂലം ജീവിതം കുരുതിക്കളമായി മാറിയ ഒരു പെണ്ണിന്റെ വിലാപം എന്നതിലുപരി, സമൂഹം സ്ത്രീകളിൽ കെട്ടിപ്പടുത്ത ഒരായിരം സമസ്യകൾക്കെതിരെ പോരാടുന്ന ഒരു പെണ്ണിന്റെ തീഷ്ണതയാണ് കാഴ്ചവെയക്കുന്നത്. വ്യാസന്റെ മഹാഭാരതത്തിൽ ദ്രൗപതി ഒരു ചോദ്യചിഹ്നമായി നിലനിൽക്കവേ... ദ്രൗപദി എന്ന നോവലിലൂടെ ഒരു കൊടും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദ്രൗപതി തന്റെ ജീവിതം മുഴുവൻ ശ്രീകൃഷ്ണനു വേണ്ടി കണ്ണുനീരിൽ ചാലിച്ചെഴുതുന്നു. "പ്രിയ സഖേ.... കൃഷ്ണാ, ഞാൻ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൽ ആഗ്രഹിക്കുന്നില്ല... പകരം ഭാരതം സ്വർഗ്ഗമാകാൻ ആഗ്രഹിക്കുന്നു..."ഈ ഉറച്ച വാക്കകൾ മതിയാകും ദ്രൗപതിയുടെ ദേശസ്നേഹവും,ദുഃഖവും വിവരിക്കുവാൻ...കത്തിന്റെ ഒടുവിൽ ദ്രൗപതി ഇങ്ങനെ കുറിയ്ക്കുന്നു."ഭഗവാനേ... കൃഷ്ണാ... എന്റെ ഈ ജന്മത്തിലെ തെറ്റുകൾ പരിഹരിക്കുവാൻ വീണ്ടും എനിക്ക് ഒരു ജന്മം തരൂ.... ഒരു ദീർഘ ജീവിതം വേണ്ട. ഒരു നിമിഷം... അതു മതി... കർമ്മയോഗിയുടെ കൈയും,ജഞാനിയുടെ കണ്ണും ഭക്തന്റെ മനസ്സും പ്രദാനം ചെയ്യപ്പെട്ട ഒരു ജന്മം... അങ്ങേക്കു വേണ്ടി ജീവിക്കാനുള്ള ഒരു ജന്മം നൽകൂ..." തന്റെ ഭക്തിയിൽ അടിയറവ് വെച്ച് കൊണ്ട് ജീവിതത്തിന്റെ ഒടുവിൽ കത്തിൽ 'ശുഭം' എന്ന് എഴുതുന്നതിനു പകരം 'ആരംഭം' എന്നാണ് ദ്രൗപതി കുറിച്ചത്... കാരണം ഗീതയിൽ പറയുന്നതു പോലെ മരണം വെറും ആരംഭമാണെന്നും തന്റെ സഖേതാവുമൊത്തുളള പാവനമായ ജീവിതമാണെന്നും ദ്രൗപതി വിശ്വസിച്ചിരിക്കണം.ഇവിടെ വ്യാസൻ പോലും എഴുതാൻ മറന്ന ഒരു ജീവിതം വിപ്ലവമാക്കിക്കൊണ്ട് ദ്രൗപതി പ്രതിഭാ റായിയിലൂടെ വീണ്ടും ജന്മം കൊള്ളുന്നു... ഈ പുസ്തകം എല്ലാരും വായിച്ചിരിക്കേണ്ട ഒന്നാണ്... എല്ലാവർക്കും ഇത് വായിക്കുവാനും ആസ്വദിക്കാനും സാധിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാർഥിക്കുന്നു...✍️ അപർണ്ണാ രാജ്.

കാവ്യലോകത്തേക്ക്.

മൂന്നാം ക്ലാസ് മുതലാണ് കാവ്യലോകത്തേക്കുള്ള യാത്ര ആരംഭിച്ചത്... എന്റെ വീട്ടിൽ ഒരു തത്ത ഉണ്ടായിരുന്നു... തർക്കുത്തരം പറയുന്ന ആ തത്തയെ പവിഴം എന്ന് ഞങ്ങൾ വിളിച്ചിരുന്നു... അങ്ങനെയിരിക്കെ അബദ്ധവശാൽ ആ തത്ത കൂടുവിട്ട് പറന്നു പോയി... ആ ചിന്ത എന്റെ മനസ്സിലെ കാവ്യത്തെ ഉണർത്തി... അതാണ് എന്റെ ആദ്യ കവിത "എന്റെ പവിഴം"... ബന്ധുമിത്രാതികൾ അതിനെ പ്രോത്സാഹിപ്പിക്കുകയും ഞാൻ കൂടുതൽ കവിത രചിക്കുകയും ചെയ്തു...

4/11/2017-ൽ വിദ്യാരംഗം കലാസാഹിത്യവേദി ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയുടെ സർഗ്ഗോത്സവം എന്ന പരിപാടിയിൽ വച്ച് കവി സി.വി പ്രസന്നകുമാർ സാറിനെ കണ്ടുമുട്ടുകയും , അതിനുശേഷം അദ്ദേഹം മനോഹരമായ ഒരു കഥ പറഞ്ഞു തരുകയും ചെയ്തു... സ്വർഗ്ഗത്തിൽ നിന്നും ഗന്ധർവ്വൻമാർ ഭൂമിയിൽ അവതരിച്ച കഥ... മനുഷ്യരെ സന്തോഷിക്കുവാനായി ഭൂമിയിലവതരിച്ച ഗന്ധർവ്വൻമാരാണ് കലാകാരൻമാരും സാഹിത്യകാരും എന്നതായിരുന്നു ആ കഥയുടെ ഇതിവൃത്തം...അദ്ദേഹം പറഞ്ഞ ഈ കഥ സ്വർഗ്ഗത്തിൽ നിന്നും അവതരിച്ച ഒരു ഗന്ധർവ്വനാണ് ഞാനും എന്ന തോന്നൽ എന്റെ ഓരോ കവിതയുടെയും ആത്മാവിനെ തൊട്ടുണർത്തീട്ടുണ്ട്...