ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഏലംകുളം ഗ്രാമപഞ്ചായത്തിലുള്ള ഏക ഗവ. ഹയ‍ സെക്കന്ററി സ്കൂളാണ് ജി എച്ച് എസ് എസ് കുന്നക്കാവ്. 5ാം ക്ലാസ്സ് മുതൽ +2 വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം ആദ്യകാലത്ത് എൽ പി സ്കൂളായിരുന്നു. പിന്നീട് യു പി സ്കൂളായും 1974 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു വരുന്നു.

സ്കൂളിന്റെ ഇന്നലെകൾ

പ്രായത്തിൽ മുത്തശ്ശി എങ്കിലും കർമത്തിൽ യുവത്വം കൈവിടാതെ കുന്നക്കാവ് ഗവ. സ്കൂൾ. ഏകദേശം 110 വർഷത്തിലധികമായി ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. ഗ്രാമ ജീവിത്തിന്റെ നിസ്വാർത്ഥവും നിഷ്കളങ്കവുമായ സേവനതൽപ്പരതയുടെ സംസാരിക്കുന്ന തെളിവായി പുതുമനക്കാർ സൗജന്യമായി നൽകിയ ഭൂമിയിലാണ് സ്കൂൾ നിലനിൽക്കുന്നത്. ആദ്യകാല അധ്യാപകർ പാലത്തോൾ കൃഷ്ണൻ നായർ, സി കെ പങ്ങുണ്ണി നായർ, ഇട്ടീരി നായർ എന്നിവരായിരുന്നു. 1925ൽ ഇവിടെ നിന്നും പടിഞ്ഞാറ് മാറി പ്രവർത്തനം ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളുമായി 1953-54 കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ സെയ്താലിക്കുട്ടി, മൊയ്തീൻ, സി അച്യുതൻ എഴുത്തച്ഛൻ, നാരായണൻ എഴുത്തച്ഛൻ, മലയങ്ങാട്ടിൽ കുഞ്ഞിഹസ്സൻ തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ ഈ സ്ഥാപനം പ്രശസ്തിയിലേക്ക് കുതിച്ചു. 170 നോട് അടുത്ത മാത്രമായിരുന്നു അന്നത്തെ വിദ്യാർഥി സമ്പത്ത്. 1956 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിലുള്ള യു പി സ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കുന്നക്കാവ് ഗവ. യു പി സ്കൂളായി പ്രവർത്തനം തുടർന്നു. 1974ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1998ൽ ഹയർസെക്കന്ററി സ്കൂളായി മാറി.