ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/കഥപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

അവൾ

ഉറുമ്പു കടിയേറ്റ് ആയിരുന്നു അവൾ ഉണർന്നത്. സമയം നാലുമണി ആയിട്ടില്ല.  ഒന്നുകൂടെ ഉറങ്ങണം എന്ന് തോന്നി. വായിൽ നിറഞ്ഞിരിക്കുന്ന ഉമിനീർ അതിനു സമ്മതിച്ചില്ല. ദൈവത്തിനോടും ഉറുമ്പിനോടും പിന്നെ ഉമിനീരിനോടും നന്ദി പറഞ്ഞ് അവൾ എണീറ്റു.എനിട്ട് പ്രഭാതകൃത്യങ്ങളും ഈശ്വര പ്രാർത്ഥനയും നടത്തി. ഇനി എന്തെങ്കിലും കുറച്ചു വായിക്കാം. "നിങ്ങൾ മരിക്കുമ്പോൾ ആര് കരയും" എന്ന റോബിൻ ശർമയുടെ പുസ്തകം. ഞാൻ മരിക്കുമ്പോൾ ആരെങ്കിലും എന്നെ ഓർത്ത് കരയാൻ ഉണ്ടാകുമോ? മക്കൾ ഉണ്ടാകുമായിരിക്കും. രണ്ടു പേജ് വായിക്കാൻ അരമണിക്കൂർ.വായന ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ നടത്തമാരംഭിച്ചു.ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും. അപ്പോഴാണ് മഴയുടെ ശബ്ദം അവളുടെ കാതിൽ എത്തിയത്.  മഴത്തുള്ളി ഓരോ പ്രതലത്തിൽ തട്ടുന്നതും പ്രത്യേകം പ്രത്യേകം മനസ്സിലാകുന്നുണ്ട്.മഴ അവളെ ഒരു ടൈം മെഷീൻ പോലെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി. അന്ന് ഒരു ജൂലൈ മാസത്തിൽ തോട് കവിഞ്ഞ് പാടവും തോടും ഒന്നായി മാറിയപ്പോൾ ബസിന്റെ ട്യൂബ് വെള്ളത്തിലിട്ട് അതിൽ കയറി പാടം ചുറ്റിയത് .എന്തു രസമായിരുന്നു ആ യാത്ര. മുന്തസുംശിഹാബും പിന്നെ അവളും .അപ്പോഴും മഴ പാടത്ത് കുമിളകൾ പടർത്തുന്നുണ്ടായിരുന്നു. തവളകൾ ഊളിയിടുന്നതും നീർക്കോലികൾ നീന്തുന്നതും ഇടയ്ക്ക് കാണാം പേടി കൂട്ടിആസ്വദിച്ച നിമിഷങ്ങൾ.ഇടക്ക് കാലിൽ എന്തെങ്കിലും ഉടക്കും. കാലുയർത്തി പാദസരം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തും.

പിന്നെ ചൂണ്ടയിടാൻ പോയതും അവളോർത്തു.

ഇക്കാക്കക്ക് 'പുയര'യെ തൊടാൻ മടിയാണ്.അതിനാണ് അവളെ കൂട്ടുന്നത്. പുയരെയെ പിടിച്ച് ചേമ്പിലയിൽ  ഇട്ട് കുറച്ച് മണ്ണും കൂട്ടി മുറുക്കിപ്പിടിച്ച് അവൾ അവനെ പിറകിൽ ആയി നടക്കും. പിടിയുടെ മുറുക്കത്തിൽ ഇല കീറി മണ്ണിര കയ്യിൽ  ഇക്കിളി ആക്കും.പിന്നെ അതും കൊണ്ട് അരിച്ചാലിന്റെ അടുത്തേക്ക് ഒറ്റ ഓട്ടം വച്ചു കൊടുക്കും ഇരയെ ഒരുവിധം ചൂണ്ടയിൽ കോർത്ത് മുറിച്ച് ബാക്കി ഇലയിൽ തന്നെ നിക്ഷേപിക്കും. അതിന്റെ മണവും കാഷ്ഠവും ഒന്നും അവൾക്ക് ഇഷ്ടമില്ല. അത് ചെയ്തു കൊടുത്തില്ലെങ്കിൽ പിന്നെ കൊണ്ടുപോകുകയും ഇല്ല. അങ്ങനെ ചൂണ്ട തോട്ടിലേക്ക് മെല്ലെ ഇടുമ്പോൾ പുറകിൽ നിന്നൊരു പൊട്ടിച്ചിരി കേൾക്കാം.

"ഇങ്ങൾ ന്നെ പറ്റിച്ചു പോന്നതായിരുന്നു ല്ലേ ഞാൻ അതൊക്കെ കണ്ടുപിടിച്ചും. കുഞ്ഞോൾ ആണ്. "ഇങ്ങള് പുയരനെ പുടി ക്കുന്നത് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്" ഒച്ച ഇണ്ടാക്കുന്ന് കരുതിയാണ് അവളെ കൂടാത്തത്. ഒച്ച കേട്ടാൽ മീനുകൾ    വരില്ലത്രെ.

നീറുന്ന വ്യഥയിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് വേണ്ടിയായിരുന്നു അവൾ എഴുതിത്തുടങ്ങിയത്. അല്ലേലും അത് അവളുടെ ചിരകാല അഭിലാഷമായിരുന്ന ല്ലോ. വായനയും ഭാവനയും കുറഞ്ഞ അവൾ എങ്ങനെ എഴുതാനാണ്. അവനെ കുറിച്ചുള്ള ഓർമ്മകളിൽ നിന്ന് ഒരു മോചനവും  ആവുമല്ലോ.

"ഇന്ന് ഭക്ഷണം ഒന്നും ഉണ്ടാകുന്നില്ലേ" എന്ന ചോദ്യം അവളെ വർത്തമാനകാലത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചു. അപ്പോഴേക്കും മഴയും മടങ്ങിപ്പോയിരുന്നു. അടുക്കളയിൽ ചെന്ന്  നോക്കിയപ്പോൾ തലേദിവസത്തെ എച്ചിൽപാത്രങ്ങൾ പോലും അതേപടി കിടക്കുന്നു. സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു. അങ്ങനെ അവൾ കുക്കറും ചൂലും വാക്വം ക്ലീനറും ഒക്കെയായി രൂപാന്തരപ്പെട്ടു.

-MunaThabasum (മൈമൂന ടീച്ചർ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം