ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇനി എത്ര?

നീ, ഉളളം പൊളളിക്ക‍ും കനൽ,

മഞ്ഞിന്റെ ആർദ്രമാം ക‍ുളിര്......

നീ,ഉറക്ക‍ുപാട്ടിന്റെ ഈണം

ഉറങ്ങാ രാത്രി തൻ രോദനം.....

നീ,ഇലച്ചാർത്തിന്റെ മ‍ർമ്മരം

മര‍ുഭ‍ൂമിതൻ ഗദ്ഗദം......

നീ,വെൺത‍ൂവലിന്റെ മ‍ൃദ‍ുസ്‍പ‍ർശം

നോവിന്റെ മ‍ുറിപ്പാട‍ുകൾ...

നീ,പ‍ുലരിത്ത‍ുട‍ുപ്പിന്റെ കാന്തി

അസ്തമയത്തിന്റെ ശാന്തി....

ഈ ശാന്തിയിൽ,ഞാന‍ും നീയ‍ും

വിണ്ണ‍ും ഭ‍ൂമിയ‍ും

മൗനത്തിന്റെ വാല്മീകത്തില‍ുറയാൻ

കാലമേ .....ഇനിയെത്ര കാതം?

_ബിന്ദ‍ു കെ

(മലയാളം അധ്യാപിക)

ആഴമറിയാത്തൊരനുഭൂതി

അഗാധതയുടെ അനന്തതയിൽ

അവിരാമം വിഹരിച്ച്

അസ്പഷ്ടമായ് അലസമായ്

ആഴമറിയാത്തൊരനുഭൂതിയായ്

വിത്ത് വിതച്ചക്ഷമനായി

കാത്തിരിക്കുന്നു ഞാൻ

ഒരു കവിത മുളക്കാൻ

തലച്ചോറ്

ഹൃദയത്തോട്

കലഹിക്കുന്ന

ശബ്ദം മാത്രം കേൾക്കാം

എനിക്ക് മാത്രമായ്

സമയം തരുമ്പോൾ

ഞാൻ വരാമെന്നോതി

ഹൃദയം പിന്നെയും

മിടിപ്പ് തുടർന്നു

വെറും മിടിക്കൽ മാത്രം!

_ ജലീൽ ആമയൂർ

പുൽത്തേൻ

നീ ഓർക്കുന്നുവോ.....

പ്ലാവിൻ ചുവട്ടിൽ കളി വീടുവെച്ച് പച്ചിലച്ചോറും  കറിയും വച്ചത്.....

മുളങ്കാട്ടിൽ തത്തിക്കളിക്കുന്ന മഞ്ഞക്കിളിക്കായ് പകലിരുട്ടോളം കൈകാട്ടി നിന്നതും......

മുറ്റത്തുയർത്തിയ വൈക്കോൽ കൂനയിൽ മേൽ തിണർക്കോളം കുത്തി മറിഞ്ഞതും....

തൊടിയിലെ മാവിൽ കേറി 'പുശു'വിനെ പുറത്താക്കി കശുമാങ്ങ തിന്നതും.....

കണ്ണൻ ചിരട്ടയുടെ വായ്മൂടിക്കെട്ടി ചോറ് നിറച്ച് പരൽമീൻ പിടിച്ചതും.....

പാടം പൂട്ടുന്ന ട്രാക്ടറിന് പിന്നിലെ ചേറിൻ മണമുള്ള ബ്രാലിനെ പിടിച്ചതും....

നോമ്പിൻറെ പകലിൽ റബ്ബറിൻ തോട്ടത്തിൽ ചാക്ക് നിറച്ച് 'തോടു' പെറുക്കിയതും....

അയലത്തെ വീട്ടിലെ ഇലഞ്ഞിപ്പൂവിനാൽ മാലകൊരുത്തു നിൻ മാറിൽ ചാർത്തിയതും...

ഇടവഴിയിലെ വേലിപ്പടർപ്പിലെ പുൽ ത്തേൻ പിഴിഞ്ഞ് മുഖത്ത് പുരട്ടിയതും......

പാടവരമ്പിൽ കെണിയൊരുക്കി, കുണുങ്ങിവരുന്ന കുളക്കോഴിയെ പിടിച്ചതും.......

നീ ഓർക്കുന്നുവോ.....

_ മുന തബസ്സും

പ്രണയം

മരുഭൂമിയിലെ കുളിരാണ് പ്രണയം...

മഞ്ഞിന് ആർദ്രതയെന്നപോൽ...നോവിലെ സാന്ത്വനമാണ് പ്രണയം....

നിന്റെ സംഗീതമെന്ന

പോൽ...

തപിക്കും മനസ്സിൻ തണുവാണ് പ്രണയം...

താരാട്ടിന്നീണമെന്നപോൽ...

കൂരിരുട്ടിലെ മിന്നാമിനുങ്ങിൻ വെട്ടമാണ് പ്രണയം..

നിന്റെ കണ്ണിലെ കതിർ വെളിച്ചം പോലെ...

ഏകാന്തതക്കൊരു കൂട്ടാണ് പ്രണയം.... വഹ്നി പടർത്തുന്ന വായു പോലെ...

എങ്കിലും പ്രണയമേ...

കാരമുള്ളുപോൽ നീയെന്റെ ഉള്ളത്തെ കീറി വരിയുന്നതെന്തിന്.....

_ബിന്ദ‍ു കെ

വാക്കുകൾ

ചില വാക്കുകൾ കൂരമ്പുകൾ

ഹൃദയത്തിൽ തുളച്ചു കയറി അടിത്തട്ടിൽ നിന്ന് രക്തം ചീറ്റുന്നു

കൂരിരുട്ടിൽ ദംഷ്ട്ര കാട്ടി പേടിപ്പിക്കുന്നു

പുരുഷാരങ്ങൾക്കിടയിലും  തനിച്ചാക്കുന്നു

ഒരു മർക്കടനെ പോലെ പല്ലിളിച്ചു കാട്ടുന്നു

ആൾക്കൂട്ടത്തിൽ വിവസ്ത്രയാക്കുന്നു

വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു

എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു

എന്നാൽ ചിലവ....

ചെറു തെന്നലായി എന്നെ തലോടുന്നു

മൃദുമന്ദഹാസമായി  എന്നെ പുൽകുന്നു

മുല്ലപ്പൂമാല പോലെ സുഗന്ധം പരത്തുന്നു

വ്യഥയുടെ അഗാധതയിൽ നിന്ന്കൈപിടിച്ചുയർത്തുന്നു

അലസ ദിനത്തിൽ സ്ഥിരോത്സാഹിയാക്കുന്നു

ഇതുവരെ തിരിച്ചറിയാതെ പോയ കഴിവുകളെ ഉന്തി പുറത്ത് ചാടിക്കുന്നു

സുന്ദര സോപാന ത്തിലൂടെ കൈകോർത്തുപിടിച്ച് നടത്തുന്നു

_ മൈമൂന ടീച്ചർ