ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹൈടെക് വിദ്യാലയം
വിദ്യാലയത്തിൽ ലഭ്യമായ ഹൈടെക്ക് സംവിധാനങ്ങളുടെ വിശദവിവരങ്ങളാണ് ഈ താളിലുള്ളത്. ഹൈടെക്ക് വൽക്കരണത്തിന്റെ തുടക്കം, ഹൈടെക്ക് സംവിധാനങ്ങൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തുന്നു എന്നത് സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും ഈ പേജിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
സ്കൂളിന്റെ ഹൈടെക് വൽക്കരണം
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ.
ആവേശകരമായ തുടക്കം
സർക്കാരിന്റെ ഈ പദ്ധതി പ്രഖ്യപിച്ച ഉടനെ വിളിച്ചുചേർക്കപ്പെട്ട രക്ഷിതാക്കളുടെ യോഗത്തിൽ, രക്ഷിതാക്കളൊന്നടങ്കം പുർണപിന്തുണ പ്രഖ്യാപിക്കുകയും രക്ഷിതാക്കളിൽനിന്നും പൂർവ്വവിദ്യാർഥികൾ സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്നും ആവശ്യമായ ഫണ്ട് ശേഖരിക്കാൻ പി.ടി.എ. മുന്നോട്ട് വരികയും ചെയ്തു. ഏതാനും ദിവസങ്ങൾക്കകം തന്നെ മുഴുവൻ ക്ലാസുമുറികളും പഴയ വൈദ്യുതി ലൈനുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുകയും ക്ലാസുമുറികൾ പെയിന്റ് ചെയ്യുകയും ആവശ്യമായ ഫാനുകൾ ലൈറ്റുകൾ കർട്ടനുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ആദ്യഘട്ടത്തിൽ തന്നെ പ്രവർത്തിക്കുന്ന മുഴുവൻ ക്ലാസുമുറികളും ഹൈസ്കൂൾ സജ്ജീകരിച്ചു. അതോടൊപ്പം തന്നെ ഹയർസെക്കണ്ടറി വിഭാഗം മൂന്ന് ബാച്ചിലായി വരുന്ന 6 ക്ലാസുമുറികളും ഹൈടെക്ക് സംവിധാനത്തിനായി തയ്യാറാക്കി.
മുഴുവൻ ക്ലാസുമുറികളും ഹൈടെക് ആക്കി
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വരെ ഒരു മാസത്തോളം ഹൈടെക് ക്ലാസുമുറികൾ ഉപയോഗിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. ആദ്യഘട്ടത്തിൽ ലഭിച്ച അഞ്ച് പ്രൊജക്ടറുകളും അനുബന്ധ സൌകര്യങ്ങളും നേരത്തെ തന്നെ ഉപയോഗപ്പെടുത്തുകയും. തുടർന്ന് വെക്കേഷൻ കാലയളവിൽ ലഭിച്ച മുഴുവൻ ഉപകരണങ്ങളും ജൂൺ മാസത്തിന് മുമ്പ് തന്നെ ക്ലാസുമുറികളിൽ സജ്ജീകരിക്കുകയും ചെയ്തു. നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. ക്ലാസുമുറികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമം പിന്നീട് മലപ്പുറം എം.എൽ.എ. ശ്രീ ഉബൈദുല്ല വിപുലമായ ചടങ്ങിൽ നിർവഹിക്കുകയുണ്ടായി.
ഹൈടെക്ക് വൽക്കരണത്തിന്റെ ആരംഭം മുതൽ ഓരോ ഡിവിഷൻ വർദ്ധിച്ചുവരുന്നതിനാൽ വർഷവും ഹൈടെക്ക് സൗകര്യമില്ലാത്ത ക്ലാസുകൾ കൂടി വരുന്നു. ഇപ്പോൾ രണ്ട് ക്ലാസുമുറികൾക്ക് ഈ സൗകര്യം ഒരുക്കാനായിട്ടില്ല. ആദ്യ വർഷങ്ങളിൽ കൂടുന്ന ക്ലാസുകൾക്ക് ഉപകരണങ്ങൾ അനുവദിച്ചു തന്നിരുന്നെങ്കിലും രണ്ട് വർഷമായി ആ സൗകര്യം ലഭിക്കുന്നില്ല. ഈ പരിമിത താമസം വിനാ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.