ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രാദേശിക ചരിത്രം

ഓരോ ചരിത്രനിർമിതിക്കും പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രധാന പങ്കുവഹിക്കുന്നു. പുറത്തൂരിന്റെയും ഭൂമിശാസ്ത്രം തന്നെയാണ് അതിന്റെ ചരിത്രനിർമിതിയിൽ പ്രധാന പങ്കുവഹിക്കുന്നത്. പടിഞ്ഞാറേ ദിക്കിൽ അറബിക്കടലും കിഴക്ക് തൃപ്രങ്ങോട് പഞ്ചായത്തും അതിരായി വരുന്ന ഭൂവിഭാഗമാണ് പുറത്തൂർ ഗ്രാമ പഞ്ചായത്ത്. കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന നിളാനദിയോട് ഓരം ചേർന്ന് പഞ്ചായത്ത് നിൽക്കുന്നു. തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽനിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര്- ദേശം) എന്ന അർഥത്തിലാണ് പുറത്തൂർ എന്ന സ്ഥലനാമത്തിന്റെ ഉദ്ഭവം. അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ-പൊന്നാനിപ്പുഴയും പുറത്തൂർ ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖനഗരമായിരുന്ന പൊന്നാനിക്ക് അക്കരെ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ മറ്റുള്ളവർ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു. ആദ്യകാലത്ത് ഈ പ്രദേശത്ത് കടലായിരുന്നാ വനമേഖലയായിരുന്നാ എന്ന കാര്യം ഇന്നും തർക്കവിഷയമാണ്. രണ്ടു വിശ്വാസങ്ങളും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായ വിധത്തിൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗവേഷകപ്രാധാന്യമുള്ള വിഷയമായി ഇത് ഇന്നും നിലനിൽക്കുന്നു. മത്സ്യത്താഴിലാളി വിഭാഗങ്ങളും സാധാരണക്കാരിൽ സാധാരണക്കാരായ ഒട്ടേറെ ജനങ്ങളും താമസിക്കുന്ന ഗ്രാമപഞ്ചായത്തായ പുറത്തൂരിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.

വിദ്യാലയ ചരിത്രം

പുറത്തൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.പുറത്തൂർ ഗ്രാമപഞ്ചായത്തിലെ അത്താണിക്കൽ നൂറുൽ ഇസ്ലാം മദ്രസയിൽ 3/9/1974 നാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായ രണ്ടു വർഷം അതേ മദ്രസയിൽ വിദ്യാലയം പ്രവർത്തനം തുടരുകയും ചെയ്തു.1974 മുതൽ 1976 വരെ ഹെഡ്മാസ്റ്റർ ഇൻ- ചാർജ്ജ് ആയി സേവനമനുഷ്ഠിച്ചത് ശ്രീ. കെ. മുഹമ്മദ് മാസ്റ്ററായിരുന്നു.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. മൂന്ന് ഡിവിഷനിലായി 118 കുട്ടികളാണ് അന്നുണ്ടായിരുന്നത്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ പരമേശ്വരൻ നമ്പൂതിരിമാഷായിരുന്നു. മുഹമ്മദ് മാസ്റ്റർ, വി.വി രാമൻ മാസ്റ്റർ എന്നിവരും ആദ്യകാലഘട്ടത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊന്നാനിക്കാരനായ ഒരു ഭൂവുടമയിൽനിന്ന് മൂന്ന് ഏക്കർ സ്ഥലവും വെങ്ങാലിൽ അപ്പുനായരുടെ സ്ഥലവും കണ്ണന്തളി ശിവക്ഷേത്രത്തിന്റെ സ്ഥലവും കൂടിച്ചേർന്ന് സ്കൂളിന്റെ പ്രവർത്തനമണ്ഡലം മെച്ചപ്പെടുത്തി. ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി പ്രസിഡണ്ടും ശ്രീ. ഗംഗാധരൻനായർ സെക്രട്ടറിയും ശ്രീ. സി.കെ നാണു ട്രഷററുമായിട്ടുള്ള വിദ്യാലയവികസനസമിതിതയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ നിർമാണപ്രവർത്തനം നടന്നത്. സർക്കാരിലേക്ക് കെട്ടിവെക്കാനുള്ള 25000 രൂപ ശേഖരിച്ചതും ഈ സമിതിയുടെ നേതൃത്വത്തിലായിരുന്നു.ശ്രീ. യു.പി നാരായണൻ, കൊച്ചാപ്പു മാസ്റ്റർ, ദാമോദരമേനോൻ, ശ്രീധരമേനോൻ, അലവിഹാജി, ബാപ്പുഹാജി തുടങ്ങിയവരായിരുന്നു മറ്റു അംഗങ്ങൾ. ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനമേള നടത്തിയായിരുന്നു പണം കണ്ടെത്തിയത്. 1976 ജൂൺ 1 മുതൽ ഓലഷെഡ് കെട്ടി വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. അതേ വർഷം ആദ്യ S.S.L.C ബാച്ച് പുറത്തിറങ്ങി. സ്കൂളിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ നിർണായകപങ്കു വഹിച്ച മാന്യദേഹമാണ് പള്ളീലത്ത് വേലായുധസ്വാമി. വെളുത്താട്ടില്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെ പിതാവിൽനിന്ന് സൗജന്യമായി ഫർണീച്ചർ ഉണ്ടാക്കാനുള്ള പലക ലഭിച്ചു. വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ 370 കുട്ടികൾ പഠി ക്കുന്നുണ്ടായിരുന്നു. അച്ചുതൻ നായർ എന്ന ഹെഡ് ക്ലാർക്കും വികസനപ്രവർത്തനങ്ങളിൽ നന്നായി സഹായിച്ചിരുന്നു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സ്കൂൾ സ്ഥാപക അംഗങ്ങൾ

സ്കൂൾ സ്ഥാപക അംഗങ്ങൾ

സ്കൂൾ സ്ഥാപക അംഗങ്ങൾ [1974]. ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി [പ്രസിഡണ്ട് ] , ശ്രീ എം.കെ ഗംഗാധരൻ നായർ [സെക്രട്ടറി ]ശ്രീ. സി.കെ നാണു [ ട്രഷറർ], ശ്രീ .ദാമോദര മേനോൻ, ശ്രീ.കൊച്ചാപ്പു മാസ്റ്റർ, ശ്രീ അലവി ഹാജി, ശ്രീധരമേനോൻ തുടങ്ങിയവർ നിയമസഭാ സ്പീക്കർ ബാവ ഹാജിക്കും കോഴിക്കോട് DDE ക്കും ഒപ്പം