ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച് . എസ് . എസ് . പെരിങ്ങോട്ടുകുറിശ്ശി ലൈബ്രറി നമ്മുടെ കാലം കാഴ്ചയുടേതാണ് . ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു . കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ ചിന്താസംസ്കാരം മാറി കൊണ്ടിരിക്കുന്നു . അതുകൊണ്ടു തന്നെ വായനയും അതിന്റെ കേന്ദ്രമായ ലൈബ്രറിയും ഏറെ പ്രസക്തമാണ് . അറിവിന്റെ വൈവിധ്യങ്ങൾ സമ്മാനിക്കുന്ന ലൈബ്രറി ഇടങ്ങളാണ് വിദ്യാർത്ഥികളിലെ ചിന്തിക്കുന്ന മനുഷ്യരെ രൂപപ്പെടുത്തുകയുള്ളൂ . ഓരോ പുസ്തക വായനയും നമ്മുടെ വളർച്ചയുടെ പടവുകളാണെന്ന് ഓർമ്മപ്പെടുത്തുന്നു .

നമ്മുടെ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിലായി 7720 പുസ്തകങ്ങളാണ് ഉള്ളത് . ബാലസാഹിത്യം , കഥ , നോവൽ , ജീവചരിത്രം , ആത്മകഥ , നാടകം , തിരക്കഥ , ചരിത്രം , ശാസ്ത്രം , കണക്ക് , ജനറൽ , റഫറൻസ് , ലേഖനം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത് . ലൈബ്രറിയിലെ പുസ്തക വിതരണത്തിനായി യു.പി മുതൽ ഹൈസ്കൂൾ വരെ ഓരോ ക്ലാസിനും ഓരോ പുസ്തക വിതരണ രജിസ്റ്ററുണ്ട് . അതുപ്രകാരം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ക്ലാസുകളിലെ വിദ്യാർത്ഥികൾ ലൈബ്രറിയിൽ വന്ന് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും തുടർന്ന് അതാതു ക്ലാസിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തി വിദ്യാർത്ഥികൾക്ക് കൊണ്ടുപോകാനും അവസരം നൽകുന്നു . യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ക്ലാസ് ടീച്ചറുടെ പേരിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയാണ് ഏൽപ്പിക്കുന്നത് . ഒരു വിദ്യാർത്ഥിക്ക് തനിക്ക് ലഭ്യമായ പുസ്തകൾ പതിനഞ്ച് ദിവസം കൈവശം വെക്കാനുള്ള അവസരം ലഭിക്കുന്നു . മുഴുവൻ പുസ്തകവും വായിച്ചു കഴിഞ്ഞാൽ തിരിച്ചു വാങ്ങി പകരം പുസ്തകം തിരഞ്ഞെടുക്കാനും അവസരം ഒരുക്കുന്നു . എല്ലാ വർഷവും പി എൻ പണിക്കരുടെ ഓർമ്മ വാരവുമായി ബന്ധപ്പെടുത്തി പുസ്തക പ്രദർശനവും നമ്മുടെ വിദ്യാലയത്തിൽ ഒരുക്കാറുണ്ട് .