ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ഔദാര്യം
ഔദാര്യം
അതെ പൂർണവളർച്ച എത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ. അവൻ ധീരനാണ് സ്വതന്ത്രനാണ് സർഗാത്മകനാണ്. അവന് വെട്ടിപ്പിടിക്കാൻ അസാധ്യമായി ഈ ഭൂഗോളത്തിലോ പ്രപഞ്ചത്തിലോ ഒന്നും തന്നെയില്ല. ദിനംപ്രതി ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു. ലക്കും ലഗാനുമില്ലാതെ.. ഈ ഭൂഗോളത്തിന് താങ്ങാവുന്നതിലും എത്രയോയേറെ. ഇരുകാലികൾ ഇവിടെ അങ്ങ് നടന്നു വിലസാൻ തുടങ്ങി. വെറും വിലസൽ അല്ല ഒരു ഒന്നൊന്നര വിലസൽ അവർക്ക് പാർക്കാൻ പുരയിടം വേണം, മണ്ണ് വേണം ഫ്ളാറ്റുകളും ഫാക്ടറികളും എണ്ണം ദിനംപ്രതി കൂടി വന്നു. തിക്കും പൊക്കും കാറുകൾ, ബസ്സുകൾ, മോട്ടോർ വാഹനങ്ങൾ. എവിടെയും വിഷാംശം. ഫാക്ടറികളിൽ നിന്നും, എണ്ണിയാലൊടുങ്ങാത്ത എണ്ണ കപ്പലുകളിൽ നിന്നും, നദികളിൽ നിന്നും, ഏറ്റവും ഒടുവിൽ മനുഷ്യനിർമ്മിതമായ എണ്ണ, വിഷം, ചപ്പുചവറുകൾ, അഴുക്കുകൾ സർവ്വത്ര എത്തിച്ചേരുന്നത് അനന്തമായ അനേകകോടി ജീവജാലങ്ങളെ ഉൾക്കൊള്ളുന്ന സമുദ്രത്തിലും. ജനസംഖ്യ വർധനവിനനുസരിച്ച് ദിവസേന വീടുകളുടെയും മാളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആവശ്യം കൂടി കൂടി വന്നു.. ഒപ്പം കാലനും പിന്നാലെ വന്നു. വയലുകളും കാടുകളും മരങ്ങളും പൂക്കളും ചിത്രശലഭങ്ങളും എന്തിന് ഒരു പുൽക്കൊടി പോലും ഇവിടെ വിരളമായി. ചെറുതു മുതൽ വലുത് വരെയുള്ള സകലമാന ജീവികളും ഓടി ഒളിച്ചു, ഭയമാണ്. ജലജീവികൾ ജഡമായി ചത്തുപൊന്തി. ഭക്ഷ്യോൽപ്പാദനം കുറഞ്ഞുവന്നു. രാസവസ്തുക്കളും വിഷവും മനുഷ്യൻ അവനുവേണ്ടി പ്ലേറ്റുകളിൽ നിറച്ചുവെച്ചു. സാംക്രമിക രോഗങ്ങൾ പടർന്നു തുടങ്ങി. അതിനെന്താ, വൈദ്യശാസ്ത്രം ദിനംപ്രതി പുരോഗമിക്കുകയല്ലേ!!അഹങ്കാരം... അവൻറെ കാലടികളോടെ മർദ്ദനം സഹിക്കവയ്യാതെ ഭൂഗോളം നിലവിളിക്കാൻ തുടങ്ങി. ആര് കേൾക്കാൻ! അവൾ ആർത്തു വിളിച്ചു. പുല്ലുവില! ഏറ്റവുമൊടുവിൽ രോഷം സഹിക്കവയ്യാതെ അവൾ പൊട്ടിത്തെറിക്കുമാർ ഒന്നുലഞ്ഞു.ആകാശവും ഭൂമിയും ഒന്നാകുമാർ വെള്ളം ഉയർന്നുപൊങ്ങി. വെള്ളപ്പൊക്കം ഭീകര പ്രളയത്തിലേക്ക് പരിണമിച്ചു. അത് നഗരത്തെ ചുറ്റി വളഞ്ഞു. ശ്വാസംമുട്ടിച്ചു ഞെരിച്ചു. 44 നദികളും ഒന്നിച്ചു പൊരുതാൻ വന്നു.... എന്നിട്ടും പഠിച്ചില്ല. അതിനു നമ്മൾ നൽകി, 'അതിജീവനം' എന്ന അഹങ്കാരത്തിന്റെ അലങ്കാരം. മനുഷ്യർ;അവർ ബുദ്ധിരാക്ഷസന്മാരാണ്. ഭൂമി ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്ന് കണ്ടപ്പോൾ ജനപ്പെരുപ്പം ഭൂഗോളത്തെയും മറികടക്കുമെന്ന് വന്നപ്പോൾ അവൻ വാസസ്ഥലം തേടി അങ്ങ് ബഹിരാകാശത്തും എത്തി. അതെ, ചൊവ്വയിൽ ജലാംശമുണ്ട്.. ചന്ദ്രനിലും പാർക്കാം. കെട്ടും ഭാണ്ഡവുമായി തയ്യാറായി നിൽക്കുകയാണ് ഓരോന്നോരോന്നായി വെട്ടിപ്പിടിക്കാൻ. "ഈ ഭൂഗോളത്തിനും മാനവരാശിക്കും രക്ഷയില്ലേ?" എന്ന് ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീറിനോട് ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ഇങ്ങനെ:"രക്ഷ! ... ഈ ഭൂഗോളത്തിനും നമ്മൾ അടക്കമുള്ള മാനവരാശിക്കും ഭയങ്കരമായ രോഗം പിടിപ്പെട്ടിരിക്കയാണ്. രോഗകാരണം മാനവരാശി എന്നു പറയുന്ന നമ്മൾ തന്നെ. നമ്മുടെ ബുദ്ധിശൂന്യത, നമ്മുടെ ആലോചനയില്ലായ്മ.ഇതിന്റെ അന്തിമം നാശമാകുന്നു. ഈ പരമസത്യം നമുക്ക്, മനുഷ്യർക്കറിയാം. ബുദ്ധിയുപയോഗിച്ച് നമ്മൾ മനുഷ്യർ തന്നെ ഇതിന് മറുമരുന്ന് കണ്ടെത്തണം." ലോകമൊട്ടാകെ വിറച്ചിരിക്കുന്നു, കൊറോണ എന്ന പീക്കിരി വൈറസ് കാരണം.പുറത്തേക്കൊന്നെത്തിനോക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇന്ന് പ്രകൃതി സംതൃപ്തയാണ്. ഫാക്ടറികളിൽ പുകക്കുഴലുകൾ കത്തുന്നില്ല. നിരത്തുകളിൽ വാഹനങ്ങളുടെ തിരക്കില്ല, ശബ്ദകോലാഹലങ്ങൾ...ഇല്ല തീർത്തും ശാന്തത. ഒളിച്ചിരുന്നവർ ഇന്ന് പുറത്തെത്തി ആഹ്ലാദിക്കുന്നു ഉണ്ടാവണം പ്രകൃതിയിൽ ഒരിടം കുറച്ചു കാലത്തേക്കെങ്കിലും സ്വന്തം ആയതിന്. ഇനിയും അഹങ്കാരം അലങ്കാരമാക്കി അതിജീവനം എന്ന് മുദ്രകുത്തണ്ട, നാശത്തിന് ഒരു ഒടുക്കം കണ്ടാൽ അതുംഔദാര്യമായി കൂട്ടിക്കോണം. ധീരനായ മനുഷ്യന് സംഹാരരൂപിയായ ഒരുവളുടെ ഔദാര്യം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം