ജി.എം.യു.പി.എസ് കാളികാവ് ബസാർ /പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്.വിജയികൾ, ന്യൂ മാത്സ് മത്സര പരീക്ഷയിൽ വിജയം എന്നിവ എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.
അക്കാദമിക് മാസ്റ്റർ പ്ലാൻ
മാതൃകാപ്രവർത്തനങ്ങൾ
സംസ്ഥാന തലത്തിൽതന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിട്ടുണ്ട്.
ഓരോ കുട്ടിയും ഒന്നാമനാണ്
ഓരോ കുട്ടിയും ഒന്നാമനാണ്- ടാലന്റ് ലാബിന്റെ മികച്ച മാതൃക
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ടാലന്റ് ലാബ് എന്നാശയം മുന്നോട്ട് വെക്കുമ്പോൾ അതേറെ സന്തോഷകരമാണ് ഞങ്ങൾക്ക്. 2015-16 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ നടപാക്കിയ ഉറവ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അഭിരുചി / കഴിവ് തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിശീലന പരിപാടികൾ ഒരുക്കിയ 'ഒരോ കുട്ടിയും ഒന്നാമനാണ് ' പദ്ധതിയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ മാതൃകയായി ഇടം പിടിച്ചത് എന്നതിൽ ഏറെ അഭിമാനമുണ്ട്. അധ്യാപകനും നൂതന വിദ്യാഭ്യാസ ആശയങ്ങൾ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ട്രൈയ്നർ കൂടിയായ ഗിരീഷ്മാരേങ്ങലത്ത് ആവിഷ്ക്കരിച്ച് നിലബൂർ മോഡൽ ഗവ.യു.പി സ്ക്കൂളിൽ 2014-15 അധ്യയന വർഷം നടപ്പാക്കിയ പ്രോജക്ടാണിത്.2015-16 അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ ഗിരീഷ് മാഷ് ഈ പ്രോജക്ട് വിദ്യാലയത്തിൽ അവതരിപ്പിച്ചപ്പോൾ സ്റ്റാഫും പി.ടി.എ യും ഈ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു.. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി 18 ൽ അധികം മേഖലകളിൽ (സംഗീതം, നൃത്തം, പാചകം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ, ഷട്ടിൽ, etc..) വിദഗദ്ധരുടെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാക്കുകയായിരുന്നു. അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ച പരിശീലകരെ ലഭ്യമാക്കുന്നതിന് പി.ടി .എ നേതൃത്വം വഹിക്കുന്നു. മാസത്തിൽ ഒരു അവധി ദിനത്തിലാണ് പരിശീലനം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 50 ൽ അധികം അവധി ദിനങ്ങളിൽ ഈ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു.. രക്ഷിതാക്കളും വിദ്യാർഥികളും ഏറ്റെടുത്ത ഈ പദ്ധതി പുതിയ അധ്യയന വർഷത്തിലും കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോവാനുള്ള ശ്രമത്തിലാണ് സ്റ്റാഫും പി.ടി.എ യും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ടാലൻറ് ലാബ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ അതിന്റെ മാതൃക തീർക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാലയം....
ഉറവ
വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉകഴിഞ്ഞ മൂന്നുവർഷങ്ങളായി കാളികാവ് ബസാർ യു.പി.സ്കൂളിൽ നടന്നുവരുന്ന 'ഉറവ-ഉള്ളിൽനിന്നുയരത്തിലേക്കൊരുണരൽ' പദ്ധതിയെക്കുറിച്ചു പഠിക്കാൻ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ എസ്.സി.ഇ.ആർ.ടി.യുടെ പ്രതിനിധികൾ സ്‌കൂളിലെത്തി.
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്തഉറവ പദ്ധതി എസ്.എസ്.എ. സംഘടിപ്പിച്ച സംസ്ഥാന മികവുത്സവങ്ങളിലേക്കുംഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കുംതെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലക്ഷ്യങ്ങൾ
കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40 മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു.ഫുഡ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കരാട്ടെ, അഭിനയം, സംഗീതം, നൃത്തം, ചെസ്സ്, അധ്യാപനം, ചെണ്ടകൊട്ട്, പാചകം, കമ്പ്യൂട്ടർ, പൊതു വിജ്ഞാനം ( GK ), ഇലക്ട്രിക്സ് & ഇലക്ട്രോണിക്സ്, തയ്യൽ, ചിത്രരചന, കഥ, കവിത, കരകൗശലം, തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്. ജൂൺ മാസത്തിൽ രക്ഷിതാക്കൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയെക്കുറിച്ചുള്ള ഒരു നോട്ടീസ് വിതരണം ചെയ്യുകയും കുട്ടികളോടു, ക്ലാസ് അധ്യാപകരോടും സംസാരിച്ച് അവന്റെ/അവളുടെ അഭിരുചി /കഴിവ് തിരച്ചറിഞ്ഞ് സമ്മതപത്രത്തിൽ രേഖപ്പെടുത്തി വരാൻ നിർദ്ദേശിക്കുന്നു. ഫുഡ്ബോളിന് പേരും പെരുമയുമേറ്റ നാട്ടിൽ നിന്നുള്ള കുട്ടികളാകയാൽ ഫുഡ്ബോളിന് കൂടുതൽ എൻട്രി വരാറുണ്ട്.ഇത്തരം കുട്ടികളെ സെലക്ഷൻ ക്യാമ്പ് നടത്തി ഒഴിവാകുന്ന കുട്ടികൾക്ക് മറ്റു മേഖലകൾ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ഓരോ മേഖലയിലും പ്രാദേശിക വിദഗ്ദ്ധരെ പരിശീലനത്തിനായി.പങ്കെടുപ്പിക്കുന്നു .R P മാരെ സംഘടിപ്പിക്കുന്നതിൽ പി.ടി.എ ക്രിയാത്മകമായ നേതൃത്വം വഹിക്കുന്നു. തികച്ചും സൗജന്യമായാണ് പരിശീലകരുടെ സേവനം ലഭ്യമാകുന്നത് എന്നത് ഈ പദ്ധതിക്ക് ഏറെ ഗുണകരമാണ് .ഒപ്പം പി.ടി.എ ക്ക് അധിക സാമ്പത്തിക ബാധ്യത ഈ പ്രോജക്ടുവഴി ഉണ്ടാകുന്നില്ല എന്നത് നേട്ടമാണ്'(അതാത് മേഖലകളിൽ വിജയം കൈവരിച്ച പ്രൊഫഷണുകളാണ് RP മാരായി എത്താറ്.)ഈ പരിശീലന പരിപാടി പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് സാക്ഷ്യപത്രം നൽകുന്നു. മറ്റു കുട്ടികൾക്ക് ഈ പരിശീലന പരിപാടി അടുത്ത അധ്യയന വർഷത്തിലും തുടരുന്നതാണ്.
അതിഥിയോടൊപ്പം
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി.
അതിഥിയോടൊപ്പം - രാമകൃഷ്ണൻ കണ്ണൂർ
റിട്ടേയർഡ് അധ്യാപകനും മോയിൻകുട്ടി വെെദ്യർ സ്മാരക പഠന ഗവേഷണ സ്ഥാപനത്തിൽ മാപ്പിളപാട്ടിൽ പരീശീലനം നേടുന്ന രാമകൃഷ്ണൻ മാസ്റ്ററുമായി സംവദിക്കുവാൻ അവസരം ഒരുക്കുന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ രണ്ടാം ഘട്ടം.
അതിഥിയോടൊപ്പം - അനീഷ് മണ്ണാർക്കാട്, മണികണ്ഠൻ കുമരംപുത്തൂർ
നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ കേരളീയ കലകൾ പരിചയപ്പെടുത്തുന്ന ഭാഗം വായനാനുഭവവും, വീഡിയോ എന്നിവയിലൂടെയാണ് സാധാരണ പരിചയപ്പെടുത്തുക.എന്നാൽ ഓട്ടൻതുള്ളൽ നേരനുഭവമൊരുക്കി കുട്ടികൾക്ക് പുതുമ സമ്മാനിക്കുക എന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ ഭാഗമായി . ഓട്ടൻ തുള്ളൽ കലാരൂപത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് കുട്ടികൾക്കായി ഒരുക്കിയത്. തുള്ളലിലെ വ്യത്യസ്ത വേഷങ്ങൾ, മുഖത്തെഴുത്ത് രീതി, വസ്ത്രധാരണം, പാട്ടുകളിലെ വ്യത്യസ്തത തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് വിശദമാക്കി നൽകി. തുള്ളൽ കലാകാരന്മാരായ കലാമണ്ഡലം അനീഷ്, മണികണ്ഠൻ കുമരംപുത്തൂർ തുടങ്ങിയ കലാകാരന്മാരാണ് തുള്ളൽ അവതരണവുമായി കുട്ടികളോട് സംവദിച്ചത്.
പാഠ്യേതരപ്രവർത്തനങ്ങൾ
പൊതുപ്രവർത്തനങ്ങൾ
കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.
സംഘാടനത്തിന്റെ മാധുര്യം
സംഘാടനത്തിന്റെ മാധുര്യം നുകർന്ന് പ്രൈമറി വിദ്യാർത്ഥികൾ...
പൂക്കളമത്സരവും ഓണസദ്യയും ഓണക്കളികളും നിറഞ്ഞ ഉത്സവത്തിമിർപ്പിൽ മൈലാഞ്ചി മത്സരവും സംഘടിപ്പിച്ച് കാളികാവ് ബസാർ സ്കൂളിലെ ഓണാഘോഷം വേറിട്ട അനുഭവമായി. സ്കൂളിൽ നടന്നു വരുന്ന ഉറവ പദ്ധതിയുടെ ഭാഗമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത് നടത്തിയത്.
സ്വീകരണം,ഭക്ഷണം,ഗെയിംസ് തുടങ്ങി വിവിധ കമ്മിറ്റികളായി തിരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷപരിപാടികളുടെ ഗാമ്പീര്യം തിരിച്ചറിഞ്ഞ് മുഖ്യാതിഥിയായിയെത്തിയ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.മോഹൻ ദാസ് കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.
പൂക്കളമത്സരം, കസേരകളി,വടംവലി തുടങ്ങിയ മത്സര പരിപാടികളും പുലികളിയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം മോഹൻദാസ്, പഞ്ചായത്ത് അംഗം നജീബ് ബാബു, പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹസമ്മാനം
പരസ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയായിരുന്നു നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ. ശിശുദിനത്തിൽ ആ കുുംടുംബത്തിന്റെ ദയനീയജീവിതം ഹൃദയത്തിലാവാഹിച്ച കുട്ടികൾ തങ്ങളാൽ കഴിയുന്നത് ചെയ്ത് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു മിഠായി വാങ്ങാതെ മൂന്നു ദീവസം കൊണ്ട് എണ്ണായിരത്തോളം രൂപയാണ് കുരുന്നുകൾ സമാഹരിച്ചത്. കുഞ്ഞുങ്ങളുടെ സന്മനസ്സിനോട് മുതിര്ന്നവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ കുട്ടികളുടെ സ്വപ്നം പൂവണിയുകയായിരുന്നു. നന്ദി.. പ്രിയപ്പെട്ട രക്ഷിതാക്കൾക്ക്... പൂർവ വിദ്യാർത്ഥികൾക്ക്... കാളികാവിലെ നല്ലവരായ ചുമട്ടുതൊഴിലാളികൾക്ക്... കുട്ടികൾക്ക് നിസ്സീമമായ പിന്തുണ നൽകിയ കാളികാവിലെ മാധ്യമ പ്രവർത്തകർക്ക്.....
ഇഫ്താർ മീറ്റ്
കാളികാവ് ബസാർ മാതൃകാ യുപിസ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നിന്ന്....പുണ്യമാസത്തിന്റെ നന്മകളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കാളികാവിലെ സാമൂഹിക
രാഷ്ട്രീയ രംഗത്തെ സമുന്നത വ്യക്തിത്വങ്ങളും വിവിധ ക്ലബ് പ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട വ്യക്തിത്വങ്ങളും ഒത്തുചേർന്നു....
കലാകായിക പ്രവർത്തനങ്ങൾ
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
സ്കൂൾ സോക്കർ ലീഗ് ആവേശമായി ഇന്ത്യൻ സോക്കർ ലീഗിന്റെ (ISL)മാതൃകയിൽ വിദ്യാലയത്തിൽ സംഘടിിപ്പിച്ച സ്കൂൾ സോക്കർ ലീഗ്(SSL) കുരുന്നുകൾക്ക് അവേശമായി.... വിദ്യാലയത്തിലെ യുപി ക്ലാസുകളിൽ നിന്നു തെരഞ്ഞെടുത്ത ആറു ടീമുകളാണ് ലീഗിൽ മാറ്റുരച്ചത്... ഫൈനലിൽ മുബൈ സിറ്റി ടൈബ്രേക്കറിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടപത്തി ജേതാക്കളായി... കാളികാവ് ഫ്രണ്സ് താരം ഷാജി,മോയ്തീൻ, അധ്യാപകരായ മുനീർ, ജിനേഷ് നേതൃത്വം നൽകി...ഖുമൈനി ക്ലബ് കാളികാവ് സ്കൂൾ സോക്കർ ലീഗിന് ആവശ്യമായ ഫുട്ബോളുകൾ സംഭാവന നൽകി...
റേഡിയോ സ്റ്റേഷൻ
വിദ്യാലയ റേഡിയോ സ്റ്റേഷൻ
അറിവിനൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ വിദ്യാലയ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സും മാറി മാറി ഓരോ ദിവസവും പ്രാർഥന, പ്രഭാത വാർത്തകൾ , ഇന്നത്തെ ചിന്താവിഷയം , കവി പരിചയം തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു. സർഗാത്മശേഷികൾ വളർത്തുന്നതിനും ആശയ പാടവും വികസിപ്പിക്കുന്നതിനും ഇടത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ , തത്സമയ ക്വിസ് മത്സരങ്ങൾ എന്നിവ ഇതിലൂടെ നടത്തി വരുന്നു.
കരാട്ടെ പരിശീലനം
ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ക്ലാസ്സ് ആരംഭിച്ചു. കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
ഔഷധത്തോട്ടം
സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
പൂന്തോട്ട നിർമ്മാണം
വിദ്യാലയ സൗന്ദര്യവൽക്കരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്. സ്‍കൂൾ വരാന്തയിലും നൂറോളം ചട്ടികളിലും വരാന്തകളിൽ ഹാങ്ങിംങ്ങായും ധാരാളം ചെടികൾ പരിപാലിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ നനയ്‍ക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾക്കു മുന്നിലായി ലോണുകളും ഒരുക്കിയിട്ടുണ്ട്. പി.ടി.എ അംഗങ്ങളും ചെടികൾ പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധപതിപ്പിക്കുന്നു
ദിനാചരണങ്ങൾ
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു.
വായനാദിനം
വായനാ വാരാഘോഷം വായനാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം. കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു.
ബഷീർ ചരമദിനം
ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ.
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ
പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്.
ചാന്ദ്രദിനം
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
എപിജെ അബ്ദുൽ കലാം ചരമദിനം
എ.പി.ജെ. അബ്ദുൾ കലാമിനു പ്രണാമം .
ഇന്ത്യയുടെ മിസൈൽമാനു കുഞ്ഞു റോക്കറ്റുകളുണ്ടാക്കി കുരുന്നുകൾ പ്രണാമമർപ്പിച്ചു. വാട്ടർ റോക്കറ്റ് വിക്ഷേപണവും ശാസ്ത്ര പരീക്ഷണങ്ങ ളും കൊണ്ടാണ് എ.പി.ജെ.യു ടെ ഓർമദിനം കുട്ടികൾ അനുസ്മരിച്ചത്. കുരുന്നുകൾ വരച്ച എ.പി.ജെയുടെ കാരിക്കേച്ചറുകളുടെ പ്രദർശനവും ശ്രദ്ധേയമായി. വിദ്യാലയ സയൻസ് ക്ലബാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഹിരോഷിമ ദിനം
'യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന് ഹിരോഷിമാ ദിനാചരണം.'
കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
നാഗസാക്കി ദിനം
യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന് നാഗസാക്കി ദിനാചരണം.
നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ ,പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. മഴക്കെടുതി കാരണം ഈ വർഷം ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ്കുമാർ പതാകയുയർത്തി, പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, ഒ.കെ ഭാസ്ക്കരൻ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകദിനം
അധ്യാപകദിനാചരണം കെങ്കേമമായി
കാളികാവ് ബസാർ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി ' അധ്യാപന ' മേഖല തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി അരങ്ങു തകർത്തത്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി.