ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ അനന്തുവിന്റെ കുഞ്ഞിക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
അനന്തുവിന്റെ കുഞ്ഞിക്കിളി
ഒരു ദിവസം അനന്തു സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു. മുറ്റത്തേക്ക് കടക്കുമ്പോൾ പെട്ടെന്ന് എന്തോ ശബ്ദം കേട്ടു . എന്തോ അവിടെ അനങ്ങുന്നു.സൂക്ഷിച്ചുനോക്കി ഒരു കിളിക്കുഞ്ഞ് .അനന്തു ഓടിച്ചെന്ന് അതിനെ എടുത്തു. വലിയ സന്തോഷത്തോടെ അവൻ വീട്ടിലേക്കോടി. കുഞ്ഞിക്കിളിയെ കിട്ടി. അവൻ വിളിച്ചു പറഞ്ഞു. അമ്മ വന്ന് നോക്കി. പാവം ഇത് പറക്കാറായിട്ടില്ല . പൂച്ച പിടിക്കാഞ്ഞത് ഭാഗ്യം. അപ്പോഴാണ് ആണ് ജോലി കഴിഞ്ഞ് അച്ഛൻ വന്നത് .അച്ഛാ എന്റെ കുഞ്ഞിക്കിളിക്ക് ഒരു കൂട് ഉണ്ടാക്കി തരുമോ അനന്തു ചോദിച്ചു.കൂടൊക്കെ ഉണ്ടാക്കിത്തരാം. ആദ്യം അതിന് എന്തെങ്കിലും ഭക്ഷണം കൊടുക്കണ്ടേ. അച്ഛൻ മുന്തിരിയുടെ ചെറിയ ഒരു കഷണം അതിന്റെ വായിൽ വെച്ചു കൊടുത്തു. കുഞ്ഞിക്കിളി ആർത്തിയോടെ അത് തിന്നു. പാവം അതിന് വല്ലാതെ വിശന്നിട്ടുണ്ടാവും .അനന്തുവിന് സങ്കടം തോന്നി.

കുഞ്ഞിക്കിളിയെ അച്ഛൻ കൊടുത്ത കടലാസ് പെട്ടിക്കുള്ളിലാക്കി. അവന്റെ മുറിയിൽ വച്ചു അതിനെയും നോക്കി നോക്കി കുറേ നേരം ഇരുന്നു. രാത്രി അച്ഛൻ വീണ്ടും അതിന് ഭക്ഷണം കൊടുത്തു . കുഞ്ഞി ക്കിളിയെ പൂച്ച പിടിക്കുമെന്നോർത്ത് അനന്തുവിന് ഉറങ്ങാനേ കഴിഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് അവൻ ഞെട്ടിയുണർന്നു പെട്ടിയിലേക്ക് നോക്കും. കുഞ്ഞിക്കിളി അവിടെത്തന്നെയുണ്ട് സമാധാനമായി .രാവിലെ അച്ഛനെ വിളിച്ചുണർത്തി അതിന് ഭക്ഷണം കൊടുപ്പിച്ചു .

കുറേനേരം അതിനെ നോക്കിയിരുന്നു. അമ്മയെ നോക്കാൻ ഏൽപ്പിച്ച് സ്കൂളിലേക്ക് പോയി .മൂന്നു നാല് ദിവസം കൊണ്ട് കുഞ്ഞിക്കിളി അവനോട് ഇണങ്ങി. ഒരു ദിവസം അവളുടെ ശബ്ദം കേട്ട് വേറൊരു കിളി ജനലിൽ വന്നിരുന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി .അത് കേട്ട കുഞ്ഞികിളി ചിറകിട്ടടിച്ചു. ശബ്ദം കേട്ട് അച്ഛനും അമ്മയും വന്നു .ഇത് ആ കിളിക്കുഞ്ഞിന്റെ അമ്മയാണെന്ന് തോന്നുന്നു .നീ അതിനെ തുറന്നു വിട്ടേക്കൂ പാവം കരയുന്നത് കേട്ടില്ലേ. അവൻ സമ്മതിച്ചില്ല. അമ്മയും അച്ഛനും നിർബന്ധിച്ചപ്പോൾ അവൻ സങ്കടത്തോടെ അതിനെ തുറന്നുവിട്ടു. കുഞ്ഞിക്കിളി അമ്മയുടെ അരികിലേക്ക് പറന്നു .ആ കൂട്ടിലേക്ക് നോക്കുമ്പോൾ അവന് വലിയ സങ്കടം തോന്നി .

എന്നാൽ പിറ്റേദിവസം രാവിലെ കുഞ്ഞിക്കിളിയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത് .മുറ്റത്തെ മരക്കൊമ്പിൽ അവന്റെ കുഞ്ഞിക്കിളിയും അതുപോലെ വേറൊരു കിളിയും .അമ്മ പറഞ്ഞു അതിന്റെ ഇണക്കിളി ആണെന്ന് .അവൾ വലുതായി .എന്നും അവർ മുറ്റത്തെ മരക്കൊമ്പുകളിൽ അങ്ങോട്ടുമിങ്ങോട്ടും പാറിനടക്കും .എന്നാൽ കുറേ ദിവസത്തേക്ക് കുഞ്ഞിക്കിളിയെ കണ്ടതേയില്ല .അവളെ വല്ല ജന്തുക്കളും പിടിച്ചു തിന്നു കാണും എന്ന് അവൻ ഉറപ്പിച്ചു .അവന് സങ്കടമായി. ദിവസങ്ങൾ കഴിഞ്ഞു.

ഒരു ദിവസം രാവിലെകുഞ്ഞിക്കിളിയുടെ ശബ്ദം കേട്ട് അവൻ മുറ്റത്തേക്ക് ഓടി. അവന്റെ ഓട്ടം കണ്ടു അച്ഛനും അമ്മയും വന്നു. മുറ്റത്തെ മരക്കൊമ്പിൽ കുഞ്ഞിക്കിളിയും ഇണക്കിളിയും രണ്ടു ചെറിയ കിളികളും. അനന്തു സന്തോഷം കൊണ്ട് തുള്ളിച്ചാടി .അന്ന് ഞാൻ കുഞ്ഞിക്കിളിയെ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ അതിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നോർത്തപ്പോൾ അനന്തുവിന്റെ കണ്ണുകൾ നിറഞ്ഞു.

- അഫീഫ ഷെറിൻ.പി
3A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ