ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

നാടിൻ്റെ നന്മയോടൊപ്പം വളർന്ന് 106 വർഷം പിന്നിടുന്ന ചരിത്രത്താളിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിന്റെ 2025-2026 അധ്യയന വർഷത്തിന്  ഗംഭീരമായി തുടക്കം കുറിച്ചു. മുതിർന്ന ക്ലാസിലെ കുട്ടികൾ ഇരുവശങ്ങളിലും നിന്ന് ഒരുക്കിയ പാതയിലൂടെ പുതിയതായി രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ  കുരുന്നുകളെ അധ്യാപകർ തയാറാക്കിയ വർണ്ണതൊപ്പി അണിയിച്ചും, വർണ്ണബലൂണുകൾ കയ്യിലേന്തിയും ചരിത്രത്തിലാദ്യമായി ഭദ്ര ഹരി എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെഴുതിയ പ്രവേശനോത്സവ ഗാനത്തിൻ്റെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു.

തുടർന്ന് വേദിയിൽ പ്രധാന അധ്യാപികയായ ബീന ടീച്ചർ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്ത് സംസാരിച്ചു.മുഖ്യാതിഥി റഹീം കുഴിപ്പുറം പാട്ടും കഥയും പറഞ്ഞ് കുട്ടികളെ കയ്യിലെടുത്തു. നാട്ടിലെ പ്രമുഖ ക്ലബ്ബുകളായ AFC,SASC എന്നിവരുടെ ഭാരവാഹികളെത്തി വിവിധതരം ഗിഫ്റ്റുകൾ നൽകി ആശീർവദിച്ചു. പി.ടി.എ. ഭാരവാഹികളായ ഫഹദ് AK, നിസാർ T എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിൻഷു PK നന്ദിയർപ്പിച്ചു. മധുര പലഹാരവും, പായസ വിതരണവും പ്രവേശനോത്സവ പരിപാടി അതിഗംഭീരമാക്കി.

ലഘുചിത്രം

പരിസ്ഥിതി ദിനം

പരിസ്ഥിതിയുടെ പങ്ക് തിരിച്ചറിയുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നീ ഓർമ്മപ്പെടുത്തലുമായാണ് ഓരോ പരിസ്ഥിതിദിനവും കടന്ന് പോകുന്നത്. ഇത്തവണത്തെ ലോക പരിസ്ഥിതിദിനമാചരിക്കാൻ പതിവുപോലെ വിപുലമായ പരിപാടികളുമായി ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും ഒപ്പം നിന്നു." ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന പ്രമേയം ".അത് ഉൾക്കൊണ്ടു കൊണ്ടു തന്നെ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പ്രധാന അധ്യാപിക ബീന ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി പ്രതിജ്ഞയെടുത്തു. കുട്ടികൾ പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു. കുട്ടികൾ കൊണ്ടു വന്ന വിവിധ തരം തൈകൾ 'കൂട്ടുകാർക്കൊരു തൈ' എന്ന പരിപാടിയോടെ കൈമാറി, കുട്ടികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.തുടർന്ന് മുറ്റത്ത് ഒരു മുറം പച്ചക്കറിക്ക് തുടക്കം കുറിച്ച് കുട്ടികളുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ ഒരു തൈ വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ലാസുകളിൽ പരിസ്ഥിതി ക്വിസ് മത്സരങ്ങൾ നടത്തി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.

കൂട്ടുകാർക്കൊരു തൈ


വായന മാസാചരണം

വായന ദിനം ആചരിച്ചു

നാടിൻ്റെ നന്മ, സാഹോദര്യം, മുന്നേറ്റം, പുരോഗമനം തുടങ്ങി എവിടെയും മാനവരാശിക്ക് കരുത്തു പകരുന്നതാണ് വായന. സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ശ്രമങ്ങൾ വായനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി പാഠശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു.ശ്രീ നാരായണ ഗുരു മുന്നോട്ടുവച്ച 'പഠിച്ച് വലുതാവുക, സംഘടിച്ച് ശക്തരാവുക' എന്ന മുദ്രാവാക്യം ഇവിടങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കടന്നുവരവിന് കാരണമായി. തനിക്ക് നഷ്ടപ്പെട്ട അറിവിൻ്റെ ഖനികൾ തൻ്റെ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആശയ ദാർഢ്യമാണ് അയ്യൻകാളിയെ പോരാളിയാക്കിയത്. ഏതു പുസ്തകത്തിൽ നിന്നും എന്തെങ്കിലുമൊന്ന് കിട്ടാനുണ്ടാകും ജീവിതത്തെ നിലനിർത്തുന്ന ഒന്നാണ് വായന പുസ്തകം വായിച്ചാൽ അത്ഭുതകരമായിട്ട് നമ്മൾ കരുതുന്ന പലതും കിട്ടിയെന്നുവന്നേക്കാം. വായനക്കാരൻ എന്ന പദവി ചെറിയ ഒന്നല്ല.

ഇങ്ങനെ സർവ്വതല വ്യാപിയായ വായനയുടെ പ്രസക്തി വിളിച്ചോതുന്ന വായനാമാസാചരണത്തിന് ജി.എം. എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും പ്രത്യേക അസംബ്ലി വിളിച്ചുചേർത്തുകൊണ്ട് തുടക്കം കുറിച്ചു. പ്രധാനധ്യാപിക ബീന ടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.കൂടെ വായനാദിന സത്യപ്രതിജ്ഞയെടുത്തു. കുട്ടികൾ കഥാവായനയും പാട്ടുമൊക്കെയായി വേദി പങ്കിട്ടു.

തുടർന്ന് വായനയുടെ പ്രസക്തി വിളിച്ചോതുന്ന തരത്തിൽ കുട്ടികൾ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.കുട്ടികളെല്ലാം ചേർന്ന് അധ്യാപകരോടൊപ്പം അക്ഷരവൃക്ഷം വർണ്ണാഭമാക്കി. പിന്നീട് ക്ലാസുകളിൽ വായനാദിന ക്വിസ്മത്സരങ്ങൾ നടത്തി സ്കൂളിൽ വ്യത്യസ്തവും വിപുലവുമായ വായനാവാരാചരണ ആഘോഷങ്ങൾക്ക് ഗംഭീരമായി തുടക്കം കുറിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന വിദ്യാരംഗം കലാ സാഹിത്യവേദിക്ക് ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരിലും തുടക്കം കുറിച്ചു. പ്രധാന അധ്യാപികയായ ശ്രീമതി.ബീന കരുവള്ളി പാത്തിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊണ്ട് ആരംഭിച്ച പരിപാടി എഴുത്തുകാരനും വാഗ്മിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.പി.വി.മോഹനൻ മണ്ണഴി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ചുകൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.ഫഹദ്, വൈ. പ്രസിഡൻ്റ് ശ്രീ.നിസാർ എന്നിവർ സംസാരിച്ചു. അനുബന്ധമായി പാട്ടും കഥയും ആക്ടിവിറ്റികളുമായി കുട്ടികളെ കയ്യിലെടുത്ത് ശ്രീ.പി.വി.മോഹനൻ മണ്ണഴി അതിഗംഭീരമായി കുട്ടികൾക്കുള്ള ശില്പശാല നയിച്ചു. തുടർന്ന് ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരിലെ ജീവനക്കാരൻ കൂടിയായ ശ്രീ.വിജയൻ മണ്ണഴിയുടെ 'ഓറഞ്ച് പാടങ്ങൾ' എന്ന കവിതയുൾപ്പടെ ഷാജി തലോറ എഡിറ്റ് ചെയ്ത് കണ്ണൂർ ഇതൾ ബുക്സ് പുറത്തിറക്കിയ 'ഋതു ഭേദങ്ങളുടെ മർമ്മരം' എന്ന കവിതാസമാഹാരം ശ്രീ.പി.വി.മോഹനൻ മണ്ണഴി പ്രകാശനം ചെയ്ത് ഒരു പുസ്തകം വിപുലമായ സ്കൂൾ ലൈബ്രറിയിലേക്ക് പ്രധാന അധ്യാപികയായ ശ്രീമതി.ബീന കരുവള്ളി പാത്തിക്കലിനു കൈമാറി. പരിപാടി അതിഗംഭീരമാക്കാൻ ഒപ്പം നിന്ന എല്ലാ സഹ അധ്യാപകരെയും ജീവനക്കാരേയും പ്രത്യേകം പരാമർശിച്ചു കൊണ്ട് ശ്രീ.ഫൈസൽ മാഷ് കെ.വി.നന്ദി പ്രകാശിപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. പി. വി. മോഹനൻ മണ്ണഴി നിർവഹിക്കുന്നു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി.

സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന ലഹരിയെ അകറ്റിനിർത്താൻ യുവതലമുറയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യവുമായി അറിവാണ് ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും വിവിധ പരിപാടികളോടെ ആചരിച്ചു.

പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തുകൊണ്ട് പ്രധാന അധ്യാപികയായ ബീന കരുവള്ളി പാത്തിക്കൽ മയക്കുമരുന്ന് ഉപയോഗം കൊണ്ടുണ്ടാക്കുന്ന ദുരന്തഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി, വായന ലഹരി, രചനാ ലഹരി, സാഹിത്യ ലഹരി, സംഗീത ലഹരി, കലാകായിക ലഹരി തുടങ്ങി ഒരു നല്ല ജീവിതം തന്നെ മുഖ്യ ലക്ഷ്യമെന്ന ലഹിരിയിൽ നാം എപ്പോഴും മുഴുകുണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിക്കൊണ്ട് മയക്കുമരുന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

തുടർന്ന് കുട്ടികൾ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം മയക്കുമരുന്ന് വിരുദ്ധസന്ദേശ പ്ലക്കാഡുകളേന്തി സ്കൂളങ്കണത്തിൽ റാലി നടത്തി.

ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി സ്കൂൾതല കർമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹില്ലിൽ വെച്ച് നിർവഹിക്കുന്നതിന്റെയും പ്രസ്തുത ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ ലൈവായി കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത് കുട്ടികൾക്ക് കാണാൻ അവസരമൊരുക്കി.

കൂടാതെ വെങ്കാബോയ്സ് സംഗീത താളത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂംബാ ഡാൻസ് അവതരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം അതിവിപുലമാക്കി.

പേവിഷബാധ: ബോധവൽക്കരണവുമായി കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂൾ

പേവിഷബാധയേറ്റ് ജീവൻ അപകടത്തിലാകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിൽ ഒരു പ്രത്യേക അസംബ്ലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.എൻ (Junior Health Nurse) ആണ് ക്ലാസിന് നേതൃത്വം നൽകിയത്. പേവിഷബാധയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ ക്ലാസ്സിലൂടെ വ്യക്തമായ അവബോധം നൽകി. പേവിഷബാധക്കെതിരെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും, വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു. ഇത്തരം ബോധവൽക്കരണ പരിപാടികൾ സമൂഹത്തിൽ പേവിഷബാധയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാനും സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ബഷീർ ദിനം

ബഷീർ ദിനാചരണം മികവോടെ കുഴിപ്പുറം ജി.എം.എൽ.പി സ്കൂളിൽ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ വിപുലമായ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ബഷീറിന്റെ ജീവിതവും സാഹിത്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന നിരവധി പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ കുട്ടികൾക്കായി ബഷീറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ചും വിശദമായ ക്ലാസെടുത്തു. ഇത് കുട്ടികളിൽ ബഷീർ സാഹിത്യത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ സഹായിച്ചു. ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ, വിവിധ പഠന സാമഗ്രികളുടെ പ്രദർശനം എന്നിവ കുട്ടികൾക്ക് ബഷീറിന്റെ ലോകത്തേക്ക് ഒരു എത്തിനോട്ടം നൽകി. ബഷീർ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. ബഷീർ ദിന ക്വിസ് കുട്ടികളുടെ ബഷീർ സാഹിത്യത്തെക്കുറിച്ചുള്ള അറിവ് അളന്നു. ബഷീർ സ്കിറ്റുകളും ഡോക്യുമെന്ററി പ്രദർശനവും ദിനാചരണത്തിന് മാറ്റുകൂട്ടി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് ദീപ്തസ്മരണ നൽകിയ ഈ ദിനാചരണം കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും മലയാളത്തിന്റെ മഹാനായ എഴുത്തുകാരനെ അടുത്തറിയാനും അവസരമൊരുക്കി.


സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

കുഴിപ്പുറം ജി.എം.എൽ.പി. സ്കൂളിൽ മാതൃകാപരമായ ഇ-വോട്ടിംഗ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്: ജനാധിപത്യപാഠങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ

കുഴിപ്പുറം: ഒരു യഥാർത്ഥ പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും അതേപടി പകർത്തി, കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തി. ജനാധിപത്യ പ്രക്രിയയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയിൽ, വിജ്ഞാപനം പുറപ്പെടുവിക്കൽ, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശ പത്രികാ സമർപ്പണം, പെരുമാറ്റച്ചട്ടം നടപ്പാക്കൽ, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, വിദ്യാർത്ഥികൾക്ക് വോട്ടേഴ്സ് ഐ.ഡി. നൽകൽ, തിരഞ്ഞെടുപ്പ് പ്രചാരണം, പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കൽ, പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ എന്നിവരെ നിയോഗിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രം ഒരുക്കൽ എന്നിങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് EVM-ന്റെയും കൺട്രോൾ യൂണിറ്റിന്റെയും മാതൃകകൾ ഒരുക്കിയാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടത്തിയത്. ബാലറ്റ് പേപ്പറുകൾ പൂർണ്ണമായും ഒഴിവാക്കി ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പ്, ഭാവിയിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച നൽകി. ആവേശം നിറഞ്ഞ പോളിംഗ് പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് സമാനമായ ആവേശത്തോടെയാണ് സ്കൂളിലെ തിരഞ്ഞെടുപ്പ് നടന്നത്. 9 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് കുട്ടി പോലീസ് വോളന്റിയർമാർ ഓരോ വോട്ടറെയും പോളിംഗ് ബൂത്തിനകത്തേക്ക് കടത്തിവിട്ടത്. ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും സജ്ജരായിരുന്നു. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടർ പട്ടികയിൽ ഒത്തുനോക്കിയ ശേഷം വോട്ടറുടെ വിരലിൽ മഷി പുരട്ടി. തുടർന്ന്, EVM-ൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ബട്ടണിൽ വിരലമർത്തുമ്പോൾ കേൾക്കുന്ന ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തിയതിൻ്റെ സ്ഥിരീകരണമായി. തിരഞ്ഞെടുപ്പ് ഫലവും സത്യപ്രതിജ്ഞയും തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് ജനാധിപത്യ രീതികൾ അടുത്തറിയാൻ സഹായിച്ചുവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ അഭിപ്രായപ്പെട്ടു. 30% വോട്ട് നേടി ആയിഷ അംന കെ സ്കൂൾ ലീഡറായും, 27% വോട്ട് നേടി മിദ്‌ലാജ് ഇ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിനുശേഷം വിജയികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കുട്ടികളുടെ ആഹ്ലാദപ്രകടനം സ്കൂൾ അങ്കണത്തിൽ ആവേശം നിറച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡറെയും ഡെപ്യൂട്ടി ലീഡറെയും സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ ഹാരാർപ്പണം നടത്തി അഭിനന്ദിച്ചു.

ചാന്ദ്രദിനാചരണം

ചാന്ദ്രദിനാചരണം 2025: സ്കൂളിൽ വിപുലമായ ആഘോഷങ്ങൾ

കുഴിപ്പുറം : കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിൽ 2025 ജൂലൈ 21-ന് ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ചരിത്രപരമായ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നുനൽകാനും ശാസ്ത്രബോധം വളർത്താനും ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ആഘോഷങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും നിറഞ്ഞ പങ്കാളിത്തത്തോടെ പരിപാടികൾ വിജയകരമാക്കി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടന്ന പ്രത്യേക അസംബ്ലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചർ കുട്ടികൾക്ക് ചാന്ദ്രദിനത്തെക്കുറിച്ച് അവബോധം നൽകി. തുടർന്ന്, അമ്പിളിപ്പാട്ടുകൾ ആലപിക്കുകയും ചാന്ദ്രദിന സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ചാന്ദ്ര മനുഷ്യർ' എന്ന സ്കിറ്റ് ഏറെ ശ്രദ്ധേയമായി. ചന്ദ്രനിൽ ഇറങ്ങിയ ഒരു മനുഷ്യന്റെ അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നർമ്മത്തിലൂടെയും ചിന്തയിലൂടെയും അവർ അവതരിപ്പിച്ചത് കുട്ടികളുടെ സർഗ്ഗാത്മകതയും അവതരണ മികവും വിളിച്ചോതുന്നതായിരുന്നു.കെ.ജി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ ഗ്രൂപ്പ് ഡാൻസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുഞ്ഞുടുപ്പണിഞ്ഞ് അവർ താളത്തിനൊത്ത് ചുവടുകൾ വെച്ചത് കാണികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ചാന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം കുട്ടികൾക്ക് വിജ്ഞാനപ്രദമായ അനുഭവമായി. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് അവർക്ക് നേരിട്ട് മനസ്സിലാക്കാൻ ഇത് സഹായിച്ചു. ബഹിരാകാശത്തെക്കുറിച്ചും ഇന്ത്യയുടെ അഭിമാനകരമായ ചാന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ചുമുള്ള കുട്ടികളുടെ അറിവ് അളക്കുന്നതിനായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇത് കുട്ടികളിൽ ജിജ്ഞാസ വളർത്താനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും പ്രോത്സാഹിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവയിൽ കുട്ടികൾ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തെയും കുറിച്ചുള്ള അവരുടെ ആശയങ്ങൾ വർണ്ണാഭമായ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും അവതരിപ്പിച്ചു. വിവിധതരം റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിക്കുകയും കുട്ടികൾ റോക്കറ്റ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് ശാസ്ത്രീയ തത്വങ്ങളെക്കുറിച്ച് പ്രായോഗികമായ അറിവ് നേടാൻ അവരെ സഹായിച്ചു. ഈ പരിപാടികൾ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ബഹിരാകാശ ഗവേഷണത്തോട് താല്പര്യം ജനിപ്പിക്കുന്നതിനും ഏറെ സഹായകമായി. ഇത്തരം ആഘോഷങ്ങൾ ഭാവിയിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതിക്ക് തുടക്കം: വായനയിലൂടെ അറിവിന്റെ ലോകം തുറക്കുന്നു

കുഴിപ്പുറം: അറിവിന്റെ ലോകം കുട്ടികൾക്ക് മുന്നിൽ തുറന്ന്, വായനയുടെ പ്രാധാന്യം വിളിച്ചോതി ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതിക്ക് തുടക്കമായി. പുതിയ തലമുറയിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ടി.പി. ഇബ്രാഹിമിന്റെ സഹകരണത്തോടെയാണ് ഈ മഹത്തായ പദ്ധതി നടപ്പാക്കുന്നത്.

സ്കൂൾ ലീഡർ കെ. ആയിഷ അംനയ്ക്കും ഡെപ്യൂട്ടി ലീഡർ മുഹമ്മദ് മിഥ്ലാജിനും ആദ്യ കോപ്പികൾ കൈമാറി ടി.പി. ഇബ്രാഹിം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിലൂടെ അറിവും ചിന്താശേഷിയും വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ്രധാനാധ്യാപിക ബീന കരുവള്ളി പാത്തിക്കൽ, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് നിസാർ.ടി., ഫഹദ്.എ.കെ., കെ.വി. ഫൈസൽ, പറമ്പിൽ അബ്ദു എന്നിവർ പങ്കെടുത്തു. മാധ്യമം പ്രതിനിധികളായ ടി.പി. അലവി, സി. അബ്ദുലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു.

കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ കോർണർ PTA യോഗങ്ങൾ വിജയകരമായി സംഘടിപ്പിച്ചു

കുഴിപ്പുറം: കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂൾ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച കോർണർ PTA യോഗങ്ങൾ വിജയകരമായി പൂർത്തിയായി. സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നൂതനമായ സംരംഭം നടപ്പിലാക്കിയത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി കുഴിപ്പുറം പ്രദേശത്തെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിലായാണ് യോഗങ്ങൾ നടന്നത്. ഓരോ പ്രദേശത്തെയും രക്ഷിതാക്കൾക്ക് എളുപ്പത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് യോഗസ്ഥലങ്ങൾ ക്രമീകരിച്ചിരുന്നത്. ഹെഡ്മിസ്ട്രസ് ബീന കരുവള്ളിപാത്തിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഈ യോഗങ്ങളിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ഈ യോഗങ്ങളിൽ ഹെഡ്മിസ്ട്രസ് ബീന കരുവള്ളിപാത്തിക്കൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനപുരോഗതി, അധ്യയന വർഷത്തിലെ പുതിയ പദ്ധതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ, PTA വൈസ് പ്രസിഡന്റ് അബ്ദുറഹീം ടി. കെ. രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയും, കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്, വീടുകളിൽ പഠനാന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. രക്ഷിതാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആശങ്കകളും നേരിട്ട് അധികൃതരുമായി പങ്കുവെക്കാനുള്ള അവസരം ലഭിച്ചു. PTA പ്രസിഡന്റ് നിസാർ ടി., വൈസ് പ്രസിഡന്റ് ഫഹദ് എ. കെ, അധ്യാപകർ, PTA, MTA അംഗങ്ങൾ എന്നിവർ യോഗങ്ങളിൽ സജീവമായി പങ്കെടുത്തു. കോർണർ PTA യോഗങ്ങൾ സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കുട്ടികളുടെ സമഗ്ര വികസനത്തിന് ഒരുമിച്ചു പ്രവർത്തിക്കുന്നതിനും വലിയ സംഭാവന നൽകിയതായി സ്കൂൾ അധികൃതർ അറിയിച്ചു. ഭാവിയിലും ഇത്തരം ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കാൻ സ്കൂൾ ലക്ഷ്യമിടുന്നുണ്ട്.

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ, കുഴിപ്പുറം ജി.എം.എൽ.പി. സ്‌കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

കുഴിപ്പുറം: യുദ്ധക്കെടുതികളുടെ ഓർമ പുതുക്കി, സമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്‌കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ലോകത്തിന് മുൻപിൽ ജപ്പാനിലെ ഈ രണ്ട് നഗരങ്ങൾ നേരിട്ട ദുരന്തത്തിന്റെ ഭീകരത ഒരിക്കലും മറക്കാനാവില്ല. മനുഷ്യരാശിക്ക് ആ ദുരന്തം ഒരു വലിയ പാഠമാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളും അധ്യാപകരും ഒരുമിച്ച് ചിന്തിച്ച ദിനമായിരുന്നു ഇത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മനുഷ്യന്റെ അത്യാഗ്രഹങ്ങൾ എങ്ങനെ ഒരു ജനതയുടെ മുഴുവൻ നാശത്തിന് കാരണമാകുന്നു എന്നതിനെക്കുറിച്ച് ടീച്ചർ കുട്ടികളെ ഓർമിപ്പിച്ചു. ആറ്റംബോംബിന്റെ ഭീകരതയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, കുട്ടികളുടെ മനസ്സിൽ യുദ്ധത്തിനെതിരായ ശക്തമായൊരു നിലപാട് രൂപപ്പെടുകയായിരുന്നു. യുദ്ധക്കെടുതിയുടെ ഭീകരതയുടെ പ്രതീകമായി മാറിയ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ഓർമ്മയിൽ, കുട്ടികൾ കടലാസുകൊണ്ട് കൊക്കുകളെ നിർമ്മിച്ചു. അണുബോംബാക്രമണത്തിൽ രക്താർബുദം ബാധിച്ച്, ആയിരം കൊക്കുകൾ നിർമ്മിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന വിശ്വാസത്തിൽ, തന്റെ രോഗം മാറാൻ വേണ്ടി കൊക്കുകളെ ഉണ്ടാക്കിയ സഡാക്കോയുടെ കഥ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് വിവരിച്ചു. കുട്ടികൾ നിർമ്മിച്ച ഈ കടലാസ് കൊക്കുകൾ, സമാധാനത്തിന്റെ പ്രതീകമായി സ്കൂൾ മുറ്റത്ത് ഉയർത്തിപ്പറത്തി. യുദ്ധത്തിനെതിരായ അവരുടെ ആത്മാർത്ഥമായ ആഗ്രഹം ആ കൊക്കുകൾക്കൊപ്പം ആകാശത്തേക്ക് പറന്നുയരുന്നതായി തോന്നി. തുടർന്ന്, യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സമാധാനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും സ്കൂൾ മുറ്റത്ത് മുഴങ്ങി. ‘യുദ്ധം വേണ്ട, സമാധാനം മതി’, ‘നമുക്ക് പുലരാൻ യുദ്ധം വേണ്ട’, തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ അണിനിരന്നപ്പോൾ അത് ഒരു ഓർമ്മപ്പെടുത്തലായി മാറി. പോസ്റ്റ് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന് മാറ്റുകൂട്ടി. ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളെക്കുറിച്ചുള്ള ഹൃദയഭേദകമായ ഡോക്യുമെന്ററി പ്രദർശനവും നടന്നു. യുദ്ധം വരുത്തിവെക്കുന്ന ദുരിതങ്ങൾ കണ്ട് കുട്ടികളുടെ കണ്ണുകൾ നിറഞ്ഞു. ഒരു പിഞ്ചുകുഞ്ഞിന്റെ മനസ്സിന് പോലും യുദ്ധം എത്രമാത്രം ഭീകരമാണെന്ന് മനസ്സിലാക്കാൻ ഈ ഡോക്യുമെന്ററി സഹായിച്ചു. 'നോ വാർ' ക്യാമ്പെയ്നിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ക്യാൻവാസിൽ ഒപ്പുശേഖരണം നടത്തി. ഇത് യുദ്ധമില്ലാത്ത ഒരു ലോകത്തിന് വേണ്ടിയുള്ള അവരുടെ പ്രതിജ്ഞയായിരുന്നു. ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന യുദ്ധത്തിനെതിരായുള്ള ഒരു ചെറിയ ശബ്ദം. ഭാവിയിൽ സമാധാനത്തിന്റെ കാവലാളുകളായി മാറാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതായിരുന്നു ഈ ദിനാചരണം.

ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം

കുഴിപ്പുറം: അച്ചടക്കത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും നന്മയുടെയും പാഠങ്ങൾ കുട്ടികളുടെ മനസ്സിലേക്ക് പകർന്നുനൽകാൻ കുഴിപ്പുറം ഇരിങ്ങല്ലൂർ ജി. എം. എൽ. പി.സ്കൂൾ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. സേവനവഴികളിലേക്ക് കാൽവെച്ച്, കുരുന്നുകൾക്ക് മാർഗ്ഗദീപമാകുന്ന ബുൾബുൾ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ ഫ്ലോക് ലീഡർ ശ്രീമതി റസീന വള്ളിൽ നിർവഹിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആഴമേറിയ അടിത്തറ പാകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. ചടങ്ങിന് അധ്യക്ഷത വഹിച്ച സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കരുവള്ളിപാത്തിക്കൽ, പുതിയ യൂണിറ്റിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ. നിസാർ ടി., വൈസ് പ്രസിഡന്റ് ശ്രീ. അബ്ദുൽ റഹീം ടി. കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബുൾബുൾ യൂണിറ്റിന് ചിറകുകൾ നൽകുന്ന യൂണിറ്റ് ലീഡർമാരായ ശ്രീമതി ശംസിയ, ശ്രീമതി സുനീറ എന്നിവർ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സദസ്സിന് വിശദീകരിച്ചു. അധ്യാപകർ, പി.ടി.എ., എം.ടി.എ. അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങ്, സേവനത്തിന്റെ പുതിയൊരു പ്രഭാതത്തെയാണ് സ്കൂളിന് സമ്മാനിച്ചത്. സമൂഹത്തിന് ഉപകാരപ്രദമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള സ്കൂളിന്റെ ഈ കാൽവെപ്പ് ഒരു സാംസ്കാരിക മുന്നേറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ വെച്ച് കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ ട്രെയിനറായ ശ്രീ. അബ്ദുൽ അസീസ് കള്ളിയത്താണ് ക്ലാസിന് നേതൃത്വം നൽകിയത്. കുട്ടികളുടെ പഠനത്തിലും മാനസിക വളർച്ചയിലും രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ് നടന്നത്. കുട്ടികളുടെ കഴിവുകൾ തിരിച്ചറിയേണ്ടതിന്റെയും അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പഠനത്തിൽ മാത്രമല്ല, കല, കായികം തുടങ്ങിയ മേഖലകളിലെല്ലാം കുട്ടികളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ദോഷകരമായ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പഠനത്തിൽ ശ്രദ്ധക്കുറവ്, സാമൂഹിക ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ രക്ഷിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും അദ്ദേഹം പ്രായോഗികമായ നിർദേശങ്ങൾ നൽകി. ക്ലാസിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരം ലഭിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം ക്ലാസിനെ കൂടുതൽ സജീവമാക്കി. പരിപാടിയിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. നിസാർ ടി, വൈസ് പ്രസിഡന്റ് ശ്രീ. ടി. കെ. അബ്ദുൽറഹീം, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കരുവള്ളിപാത്തിക്കൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.

'ഇമ്മിണി ബല്യ വായന' അമ്മമാർക്കുള്ള വായനാപദ്ധതിക്ക് തുടക്കമായി.

കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ 'ഇമ്മിണി ബല്യ വായന' അമ്മമാർക്കുള്ള വായനാപദ്ധതിക്ക് തുടക്കമായി. സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാരെക്കൂടി വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. പ്രശസ്ത മോട്ടിവേഷൻ ട്രൈനർ ശ്രീ. മുഹമ്മദ് ഹനീഫ കള്ളിയത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ ഭാവനയെ രൂപപ്പെടുത്തുന്നതിൽ അമ്മമാർക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ,പി. ടി. എ, എം. ടി. എ. അംഗങ്ങൾ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഒരു പുസ്തകം വീതം അമ്മമാർക്ക് നൽകും. ചർച്ചകളും വായനാനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഈ പദ്ധതിയിലൂടെ കുട്ടികൾക്കും അമ്മമാർക്കും ഒരുപോലെ വായനയുടെ സന്തോഷം പകരാൻ കഴിയുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

'രുചിക്കൂട്ട്' പാചക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ജി.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂരിൽ ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട് 'രുചിക്കൂട്ട്' എന്ന പേരിൽ ഒരു പാചക ക്ലബ്ബ് ആരംഭിച്ചു. സ്കൂളിലെ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കരുവള്ളി പാത്തിക്കൽ ആദ്യ അംഗത്തെ ക്ലബ്ബിലേക്ക് ചേർത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും അതുവഴി കുട്ടികളുടെ ആരോഗ്യവും പഠനനിലവാരവും ഉയർത്താനും സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് പ്രത്യാശ പ്രകടിപ്പിച്ചു. അംഗങ്ങളായ അമ്മമാർക്ക് പാചകത്തെക്കുറിച്ച് പുതിയ അറിവുകൾ നേടാനും പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും ക്ലബ്ബ് ഒരു വേദിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

'പത്രമിത്രം' പദ്ധതിക്ക് തുടക്കമായി

ജി.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂരിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുമായി 'പത്രമിത്രം' എന്ന വേറിട്ട പദ്ധതിക്ക് തുടക്കമായി. പത്രവായനയെ ഒരു വിനോദമാക്കി മാറ്റുന്ന ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ദിനംപ്രതി പത്രവാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു. ഇതിന്റെ ഉത്തരങ്ങൾ അന്നുതന്നെ പത്രത്തിൽ നിന്ന് കണ്ടെത്തി ബോക്സിൽ നിക്ഷേപിക്കണം. ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കുട്ടിയെ വിജയിയായി തിരഞ്ഞെടുത്ത് സമ്മാനം നൽകും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കരുവള്ളപാത്തിക്കൽ ആദ്യ വിജയിയായ മിൻഹാ ഫാത്തിമക്ക് സമ്മാനം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ചും അറിവ് നേടുന്നതിലെ ആവേശത്തെക്കുറിച്ചും അവർ സംസാരിച്ചു. ഓരോ ദിവസത്തെയും വാർത്തകൾ അറിയാനും അതുവഴി ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ പദ്ധതി കുട്ടികളെ സഹായിക്കുമെന്നും, ഇത് അവരുടെ പഠനത്തിന് കൂടുതൽ ഉത്തേജനം നൽകുമെന്നും അവർ പറഞ്ഞു.