കൊറോണക്കഥ
ആരോ ചുമച്ചത് കേട്ടപ്പോഴാണ് ഉറങ്ങിക്കിടന്ന കൊറോണ ഞെട്ടിയുണർന്നത്. ചുറ്റും നോക്കിയപ്പോൾ അതിയായ സന്തോഷം തോന്നി ചീഞ്ഞളിഞ്ഞ മാംസം, കെട്ടിക്കിടക്കുന്ന മലിനജലം, ആരോ തുപ്പിയിട്ട കഫം, ഈച്ച പറക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി.... കൊറോണ തുള്ളിച്ചാടി.ശുചിമുറിയിൽ മൂത്രമൊഴിക്കാൻ വന്ന ചെമ്മീൻ വിൽപ്പന കാരിയുടെ ദേഹത്തേക്ക് കൊറോണ ചാടിക്കയറി. പതിയെപ്പതിയെ അവരുടെ ജീവൻ കാർന്നു തിന്നാൻ തുടങ്ങി. അവരുടെ ദേഹത്ത് തന്നെ പെറ്റുപെരുകി. വൈകിട്ട് വീട്ടിലെത്തിയ ആ സ്ത്രീ തൻറെ കുഞ്ഞുമകളെ ഉമ്മ വെക്കുകയും പ്രായമായ അച്ഛനെ കെട്ടിപ്പിടിക്കുകയും ചെയ്തു. കൊറോണ ആർത്തട്ടഹസിച്ചു... ഇളം ഇറച്ചിക്കും മൂത്ത ഇറച്ചിക്കും രുചി കൂടുതലായിരുന്നു!!
വൈകീട്ട് ജോലികഴിഞ്ഞു വന്ന അച്ഛൻ മകൾക്ക് മുത്തം കൊടുത്തു. കൊറോണ അയാളുടെ വായിലേക്ക് ചാടിക്കയറി. പിറ്റേന്ന് ജോലിക്കുപോയ അയാൾ കൂടെയുള്ളവർക്ക് കൈ കൊടുത്തു.കൊറോണ ഉല്ലാസത്തിന്റെ ഉത്തുംഗശ്യഖലയിൽ ആർമാദിക്കുകയായിരുന്നു. കടലും കടന്ന് ഏഴ് വൻകരകളിലേക്കും കൊറോണ പെറ്റുപെരുകി. തികഞ്ഞ അഹങ്കാരിയായ മനുഷ്യൻ തന്നെ പേടിച്ച് വീടകങ്ങളിൽ ഒളിച്ചു കഴിയുന്നത് കണ്ട് അവൾ രസം കൊണ്ടു . ലോകം മുഴുവൻ ശവപ്പറമ്പായി മാറുമെന്ന് അവൾ സ്വപ്നം കണ്ടു.
പക്ഷേ ...അതുവെറും വ്യാമോഹമാണെന്ന് അവൾ പതിയെ തിരിച്ചറിയാൻ തുടങ്ങി. വീടകങ്ങളിൽ കഴിഞ്ഞ മനുഷ്യരെ അവൾക്ക് തൊടാൻ കഴിഞ്ഞില്ല. ആരുടെയൊക്കെയോ ദേഹത്ത് കയറിക്കൂടാൻ ശ്രമിച്ചെങ്കിലും അവർ സോപ്പും ഹാൻഡ്‌വാഷും സാനിറ്റെെസറും മാസ്ക്കും എല്ലാം ഉപയോഗിച്ചപ്പോൾ അവൾ തോറ്റു തുടങ്ങി ... വൃത്തിയില്ലാതെ കിടന്നിരുന്ന പൊതു ഇടങ്ങളെല്ലാം മനുഷ്യർ വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ , നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ദൈവത്തിൻറെ മാലാഖമാർ കൊറോണ ബാധിച്ച ചിലരെയെല്ലാം രക്ഷിച്ചെടുത്തപ്പോൾ അവളുടെ തോൽവി പൂർണമായി. കൊറോണയിലൂടെ നല്ലൊരു പാഠം പഠിച്ച മനുഷ്യൻ ഇനിയെങ്കിലും സ്വന്തം നാടും വീടും ശരീരവും ശുചിയായി സൂക്ഷിക്കും എന്ന പ്രതീക്ഷയിൽ നന്മയുടെ മാലാഖമാർ നെടുവീർപ്പിട്ടു .....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ
|