ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

താനൂർ ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ

ലഘുചരിത്രം

മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു. സ്വന്തമായി കെട്ടിടമോ ഹോസ്റ്റൽ സൗകര്യമോ ഇല്ലാതിരുന്നിട്ടും ഒരു റെസിഡൻഷ്യൽ ആരംഭിക്കുവാൻ ധൈര്യമായി മുന്നോട്ടിറങ്ങിയ അന്നത്തെ ഫിഷറീസ് സ്കൂൾ ആന്റ് ട്രയിനിംങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീമതി ലീലാവതി അവർകളുടെ നിശ്ചയദാർഢ്യവും താനൂരിലെ മത്സ്യത്തൊഴി ലാളികളുടെ ക്ഷേമവും വികസനവും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന ഏതാനും മികച്ച വ്യക്തിത്വങ്ങളുടെ പ്രത്യേക താൽപര്യവും ഇതിന് തുണയായി. ഈ കൂട്ടത്തിൽ എന്നും സ്മരിക്കേണ്ട പേരാണ് മുൻ ഉപ മുഖ്യമന്ത്രി കൂടി ആയിരുന്ന ശ്രീ. അവുകാദർകുട്ടി നഹ സാഹിബ്, ശ്രീ. കുട്ടി അഹമ്മദ് കുട്ടി സാഹിബ് എന്നിവരുടേത്.

പ്രാഥമിക സൗകര്യങ്ങളൊന്നും സ്വന്തമായില്ലെങ്കിൽ കൂടി താനൂർ ബീച്ച് റോഡിൽ ജമാൽ ബീഡികമ്പനിക്ക് മുന്നിലെ ഒരു പഴയ ഇരുനില വീട് സ്കൂൾ കം ഹോസ്റ്റലായി വാടകക്കെടുത്തുകൊണ്ട് നാൽപത് കുട്ടികളുടെ സ്ഥാനത്ത് ഇരുപതോളം കുട്ടികളുമായി (അതിൽ കൂടുതലും തെക്കൻ ജില്ലയിൽ നിന്നുള്ളവർ) ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

അടുത്ത വർഷം ഒമ്പതാം ക്ലാസ്സ് കൂടി ആരംഭിച്ചപ്പോൾ ചെറിയ വാടക കെട്ടിടത്തിൽ നിന്ന് തിരിയുവാൻ ഇടം കിട്ടാതെ ശ്വാസം മുട്ടിയ സ്കൂൾ, സൗകര്യങ്ങളുള്ള മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാതെ തനൂരിൽ തന്നെ സർക്കാർ ഐസ് പ്ലാന്റിനോട് ചേർന്നുള്ള പുനരധിവാസ കേന്ദ്രം ക്ലാസ്സ്മുറികൾ ആക്കികൊണ്ടും വാടകകെട്ടിടം ഓഫീസും ഹോസ്റ്റലുമാക്കിക്കൊണ്ടും ഈ സ്ഥാപനം ഇവിടെ തന്നെ നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനമെടുക്കുകയാണുണ്ടായത്. വർഷങ്ങളോളം ഇതേരീതിയിലാണ് തുടർന്നത്. പിന്നീടാണ് സ്കൂളിന് സ്വന്തമായി കെട്ടിടവും ഹോസ്റ്റൽ സൗകര്യവും ലഭ്യമായത്.

അന്നുവരെ പട്ടണവാസികളായ സമ്പന്നരുടെ മക്കൾക്ക് മാത്രം സ്വന്തമായിരുന്ന പുത്തനുടുപ്പും പത്രാസും തങ്ങളുടെ കുട്ടികൾക്ക് സ്വന്തമായപ്പോൾ ചിട്ടയായും യൂണിഫോം ധരിച്ചും ജമാൽ ബീഡിക്കമ്പനിക്കുള്ള ഹോസ്റ്റലിൽ നിന്നും ഐസ് പ്ലാന്റിനടുത്തുള്ള ക്ലാസ്സ്മുറികളിലേക്കും തിരിച്ചും ആദ്യ വാർഡനായ ശ്രീ.എ.എൻ ശശിധരന്റെ പിന്നാലെ അച്ചടക്കത്തോടെ നീങ്ങുന്ന തന്റെ മക്കളെ കണ്ടപ്പോൾ കടപ്പുറത്തുകാരിൽ നിന്നും പുറത്തേക്ക് വന്ന ശബ്ദം സന്തോഷത്തിന്റേതും അതിലുപരി ആനന്ദത്തിന്റേതും കൂടിയായിരുന്നു. അങ്ങനെ താനൂരിലെ ഒരു വിഭാഗം ജനങ്ങളുടെ അഭിമാനമായ ഈ സ്ഥാപനം അതിന്റെ മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു. എന്നാൽ സ്കൂൾ ആരംഭകാലത്ത് തന്നെ ഈ സ്കൂളിനെ അന്യമായി കാണുകയും ഇവിടെ വെക്കേഷൻ സമയത്ത് നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴും ഈ കടപ്പുറത്ത് തന്നെയുണ്ട്. ഇവർ ഒരുതരം നിസ്സംഗതയോടെയാണ് ഈ സ്ഥാപനത്തെ നോക്കി കാണുന്നത്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മലപ്പുറം ജില്ലയിലെ തീരദേശത്ത് നിന്നും ഒരുവർഷം കേവലം നാൽപത് കുട്ടികളെ എട്ടാം ക്ലാസ്സിലേക്ക് ലഭിക്കുന്നില്ല എന്നത് ഇപ്പോഴും വിരോധാഭാസമായി തുടരുന്ന ഒരു പരമാർത്ഥമാണ്.

ആദ്യ ഹെഡ്മാസ്റ്ററായ ശ്രീക‍ൃഷ്ണൻ മാസ്റ്റർ മുതൽ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ. സുനിൽ കുമാർ മാസ്റ്റർ വരെയുള്ളവരുടെ മികച്ച നേതൃത്വത്തിലും എ.എൻ ശശിധരൻ മാസ്റ്റർ മുതൽ ശ്രീ. എം പ്രസാദ് മാസ്റ്റർ വരെയുള്ള വാർഡൻമാരുടെ മികച്ച ശിക്ഷണത്തിന്റെയും മുന്നേറിയ സ്കൂളിന് തന്റെ ശൈശവം തൊട്ട് യൗവനം വരെയുള്ള കാലഘട്ടങ്ങളിൽ ശക്തമായ തിരമാലകളെ പോലെ ഉയർച്ചയുടെയും താഴ്ചയുടെയും തകർച്ചയുടെയും വീണ്ടും ശക്തമായ ഉയർച്ചയുടെയും കാലഘട്ടങ്ങളിൽ അധ്യാപകരോടും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഒപ്പം നിന്ന് പ്രവർത്തിച്ച പി.ടി.എ കമ്മറ്റികളെ നന്ദിയോടെ സ്മരിക്കപ്പെടേണ്ടതാണ്.

ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും എസ്.എസ്.എൽ.സി കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മത്സ്യബന്ധനമേഖലകളിലും മറ്റ് സാങ്കേതിക മേഖലകളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടുകൂടി 1989 ൽ ഫിഷ് പ്രൊസ്സസിംഗ് ടെക്നോളജി, ഓപ്പറേഷൻസ് ആന്റ് മെയിന്റനൻസ് മറൈൻ എൻജിൻസ്, 1990 ൽ എന്നീ മെയിന്റനൻസ് ആന്റ് റിപ്പയർ ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ് എന്നീ തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ വി.എച്ച്.എസ്.ഇ കളിലുള്ള മൊത്തം സീറ്റുകളിൽ ഹൈസ്ക്കൂളുകളിൽ നിന്ന് വിജയിച്ച് പോരുന്ന എല്ലാവർക്കും സീറ്റ് നൽകിയതിന് ശേഷം ബാക്കി വരുന്ന സീറ്റുകൾ പുറമെ നിന്നും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾക്കായി മെറിറ്റ് അടിസ്ഥാനത്തിൽ നൽകുകയായിരുന്നു പതിവ്. എന്നാൽ 2005-06 വർഷം മുതൽ വി.എച്ച്.എസ്.ഇ യിലെ മുഴുവൻ സീറ്റും മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി സംവരണം ചെയ്ത് കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. ഇപ്പോൾ വി.എച്ച്.എസ്.ഇ യിൽ ഏകജാലകസംവിധാനം വഴിയാണ് പ്രവേശനം നടത്തുന്നത്. ഇതിനാൽ പലപ്പോഴും ഈ വിദ്യാലയത്തിൽ പത്താംതരം പാസായ കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന വി.എച്ച്.എസ്.ഇ ക്ക് 2016 ൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. നിലവിൽ 12 അധ്യാപകരും 3 ലാബ് അസിസ്റ്റന്റും ഒരു ക്ലർക്ക് ഒരു ഓഫീസ് അറ്റന്റന്റ് എന്നിവരാണ് ഉള്ളത്.

2004 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയത്തിൽ പ്ലസ് ടു അനുവദിച്ച് കിട്ടുന്നത്. യാതൊരു വിധ ഭൗതിക സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും അന്നത്തെ ഹെഡ്മാസ്റ്ററായുരുന്ന ടി.സോമസുന്ദരൻ മാസ്റ്ററുടെയും പി.ടി.എ ഭാരവാഹികളുടെയും കഴിവിന്റെ പരമാവധി ശ്രമം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് താൽകാലിക ഷെഡ് കെട്ടികൊടുത്ത് ഇവിടെ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും ചെയ്തു. ശൈശവ ദശയിൽ തന്നെ എല്ലാ ബാലാരിഷ്ടതകളെയും മറികടന്ന് നല്ല റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ ഹയർസെക്കന്ററി പ്രിൻസിപ്പാളായിരുന്ന ശ്രീ.പി.കെ ബേബിമാസ്റ്ററുടെ പരിശ്രമം ഈ വേളയിൽ പരിശ്രമം ഈ വേളയിൽ നന്ദിയോടെ സ്മരിക്കപ്പെടേണ്ടതാണ്. ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ മികച്ച ഹയർ സെക്കന്ററി സ്കൂളാവാൻ കഴിഞ്ഞെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. 2015-16 വർഷത്തിൽ അധികമായി ഒരു ബാച്ച് കൂടി അനുവദിച്ച് കിട്ടി. നിലവിൽ 25 അധ്യാപകരും 2 ലാബ് അസിസ്റ്റന്റും ഹയർസെക്കന്ററിയിൽ പ്രവർത്തിക്കുന്നത്.

36 വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ആരംഭിച്ചപ്പോൾ തൊട്ട് പത്തിനും പതിനഞ്ചിനും ഇടയിലാണ് ഇവിടെ പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. ഈ വിദ്യാലയത്തിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി യൂണിഫോമും പുസ്തകങ്ങളും ഭക്ഷണം, താമസം, സൗജന്യകമ്പ്യൂട്ടർ പഠനം, എസ്.എസ്.എൽ.സി ബാച്ചിനുള്ള പ്രത്യേക ട്യൂഷൻ തുടങ്ങിയവയെല്ലാം ഫിഷറീസ് ‍ഡിപ്പാർട്ട്മെന്റ് തികച്ചും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഉൾപ്പെടുത്തിയ പഠനയാത്രയും നൽകി വരുന്നു. ഫിഷറീസ് ഹൈസ്ക്കൂളുകൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റൽ, ഹൈസ്ക്കൂൾ കെട്ടിടം, എന്നിവ സജ്ജമായിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിലേക്ക് പുതിയ പ്ലാനറ്റോറിയം, ഗ്യാലറിേയോട് കൂടിയ ഗ്രൗണ്ട് എന്നിവയുടെ പണിയും സ്കൂളിൽ പുരോഗമിക്കുന്നുണ്ട്. മൂന്നു ദശാബ്ദത്തോളം കാലമായി മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിമാത്രം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിച്ച് വരുന്ന ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ വിദ്യാലയത്തിൽ പതിയേണ്ടത് അത്യന്താപേക്ഷിതമാണ്.