ഗവ .എൽ .പി .എസ് .കരിയം / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാച്ചൻ മുതലാളി എന്നറിയപ്പെടുന്ന ശ്രീ. പുത്തൻ വിള പരമേശ്വരൻ പിള്ളയുടെ വീട്ടിൽ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സ്കൂളായി ഉയർത്തി. അദ്ദേഹത്തിന്റെ സുഹൃത്തും കരുമ്പുക്കോണത്തെ കുടുംബകാരണവരുമായ ശ്രീ. കൊച്ചുനാരായണ ക്കുറുപ്പ് സ്ഥലം സംഭാവനയായി നൽകുകയും ശ്രീ. നാരായണ പിള്ള സ്കൂളിന്റെ അധ്യാപകനാകു കയും ചെയ്തു . 1911 ഏപ്രിൽ പതിനാറാം തീയതി ഒരു ചെറിയ ഓല ഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. 1922 ൽ ഇതൊരു ഗ്രാന്റ് സ്കൂളായി മാറി . രണ്ടാം ലോകമഹായുദ്ധ കാലത്ത് സാമ്പത്തിക ഞെരുക്കം വന്ന സാഹചര്യത്തിൽ ഈ സ്കൂൾ പട്ടം ബിഷപ്പിനെ ഏൽപ്പിക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് സാഹചര്യങ്ങൾ മാറിയപ്പോൾ അധ്യാപകരായിരുന്ന ശ്രീ. നാരായണ പിള്ള, ശ്രീ. നീലകണ്ഠപിള്ള, ശ്രീ. രാഘവൻ പിള്ള, ശ്രീ. വേലായുധൻപിള്ള, ശ്രീമതി. പാറുക്കുട്ടി അമ്മ എന്നിവരുടെ ഉത്സാഹത്തിൽ സ്കൂൾ വിലയ്ക്കുവാങ്ങി യാതൊരു പ്രതിഫലവും വാങ്ങാതെ സർക്കാരിനെ ഏൽപ്പിച്ചു. അങ്ങനെ 1946 ജൂൺ മാസം ഇത് കരിയം ഗവ.എൽ.പി.എസ് ആയി മാറി .തൊട്ടടുത്തുള്ള ആറ്റുകാൽ കുടുംബം 50 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു. ശ്രീ. നാരായണ അയ്യർ ആദ്യ പ്രഥമാധ്യാപകൻ. ആദ്യത്തെ വിദ്യാർത്ഥി സത്യഭാമ ആയിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂർവ്വവിദ്യാർഥി പാനിച്ചൽ ശ്രീ. എൻ വാസുദേവൻ നായർ ആണ്.

ഈ സ്കൂൾ ഒരു കാലത്ത് 1400 കുട്ടികളും 36 അധ്യാപകരും ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന്‌ കണിയാപുരം എ.ഇ. ഒ യുടെ കീഴിലുള്ള വലിയ സ്കൂളായിരുന്നു.

ഇടക്കാലത്ത് വച്ച് സർക്കാർ സ്കൂളുകൾക്ക് സംഭവിച്ച ശോച്യാവസ്ഥ ഇവിടെയും ഉണ്ടായി. എന്നാൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര പരിശ്രമ ഫലമായി കണിയാപുരം സബ് ജില്ലയിലെ ഒരു മികച്ച സ്കൂളായി ഈ വിദ്യാലയം മാറിയിരിക്കുന്നു.