ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/ കർപ്പൂരം

Schoolwiki സംരംഭത്തിൽ നിന്ന്
കർപ്പൂരം

കർപ്പൂരം കർക്കിടക വാവിൻ്റെ രണ്ടു ദിവസം മുൻപ് , നല്ലൊരു മഴ മണ്ണിലേക്ക് പെയ്തിറങ്ങി. വൻമരങ്ങൾ അലറിക്കരയുന്ന ശബ്ദം എങ്ങും മാറ്റൊലി ക്കൊണ്ടു. മൊസേക്കിട്ട തറയിൽ നിന്നും എണീറ്റ് ആ നാലു വയസുകാരൻ തൻ്റെ മുറിയിലേക്കോടി. അവൻ ആ ജനലുകൾ തുറന്നിട്ടു. മഴ തിമിർത്തു പെയ്യുന്നു. ആ ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന അവനിൽ മഴത്തുള്ളികൾ പുളകങ്ങൾ കോരിയെറിഞ്ഞു. അങ്ങകലെ ആകാശത്തോളം മുട്ടുന്ന ഒരു വലിയ തെങ്ങ് ചാഞ്ചാടുന്നത് അവൻ നോക്കി നിന്നു. ഒറ്റ ജീവിയെയും പുറത്തു കാണാനില്ല. കാക്കകളും, പക്ഷികളും , വീട്ടിൽ അമ്മ മീൻ വൃത്തിയാക്കുമ്പോൾ വരുന്ന പൂച്ചയും ഒക്കെ ഇപ്പോൾ എവിടെ എന്തെടുക്കുകയാകും എന്നു സങ്കല്പിക്കാൻ ശ്രമിച്ചു. ജാലകപ്പാളിയിലൂടെ മഴത്തുള്ളികൾ ശീതമടിച്ചപ്പോൾ കുഞ്ഞിരാമൻ്റെ കുഞ്ഞു മേനിയിലേക്ക് ഇറ്റു വീണു. മ്ലാനവദനയായ ഒരു സുഭഗയെ ദ്യോതിപ്പിക്കും വിധം പ്രകൃതി മുഴുവൻ ഇരുണ്ടു. അങ്ങകലെ വയൽ വരമ്പുകൾ മഴ പ്പെണ്ണ് കുത്തിക്കീറി, അവൾ കാണുന്ന ഇടത്തേക്ക് ക്കെല്ലാം നീർ ചാലുകളായി വിളിക്കാത്ത അതിഥിയെ പോലെ കയറി ചെന്നു. കുഞ്ഞിരാമൻ്റെ കുഞ്ഞു മനസ്സിലും ഉദകപ്പോള കാവടിയാടി. അമ്മ, കുടുംബത്തു പോയിരിക്കയാണ്. ഇതു വരെ തിരികെ വന്നില്ല. മൂത്ത അമ്മാവൻ വീട്ടിൽ വന്നു. അച്ഛനോട് എന്തോ പറഞ്ഞിട്ട് പെട്ടെന്നു പോയി. അമ്മാവൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ൾ ആ മഴയത്ത് ഒരു നായ്ക്കുട്ടി ഒരു അണ്ണാറക്കണ്ണനെ തൊടിയിലിട്ട് ഓടിക്കുന്നതു കണ്ടു.അച്ഛൻ്റെ ശബ്ദം കേട്ടു . മോനേ നമുക്കു അമ്മ വീടു വരെ പോകാം. എന്തിന് ' എന്നു ചോദിക്കാൻ കുഞ്ഞിരാമനു തോന്നിയില്ല. അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി ...." മുത്തച്ഛനു സുഖമില്ലെന്ന് " . കുഞ്ഞിരാമനെ അച്ഛൻ കുളിപ്പിച്ചു. അച്ഛൻ കുളിപ്പിക്കുന്നത് കുഞ്ഞിരാമന് ഇഷ്ടമല്ല. കുഞ്ഞിരാമന് അമ്മയാണു പഥ്യം. മഴ ഒട്ടൊന്നു ശമിച്ചതായി തോന്നുന്നു. അച്ഛൻ കുഞ്ഞിരാമനെ ഒരുക്കി, പൗഡർ ഒക്കെ ഇടീച്ചു. അച്ഛൻ ഒരു കട്ടൻ ചായ ഇട്ടു. ഒരു കുഞ്ഞു ഗ്ലാസിൽ കുഞ്ഞിരാമനും പഞ്ചസാര അല്പം കൂട്ടി കൊടുത്തു. കുഞ്ഞിരാമന് അമ്മയെ എത്രയും വേഗം കണ്ടിരുന്നെങ്കിലെന്നു തോന്നി. അച്ഛൻ ചായ്പ്പിൽ ചാരി വച്ചിരുന്ന ബി.എസ്.എ. ഫുൾ സൈക്കിൾ എടുത്തു കൊണ്ടുവന്നു. അതിൽ കുഞ്ഞിരാമന് ഇരിക്കാൻ ഹാൻ്റിലിനും അച്ഛൻ്റെ വലിയ സീറ്റിനും ഇടയ്ക്ക് ഒരു കുഞ്ഞു സീറ്റ് അച്ഛൻ ഫിറ്റ് ചെയ്തിരുന്നു. കുഞ്ഞിരാമൻ വീടും പരിസരവും ഒന്നു നോക്കി. പലയിടത്തും ഊറ്റിറങ്ങിയിട്ടുണ്ട്. മഴവെള്ളം മേലെ പറമ്പിൽ നിന്നും തൊടിയുടെ സമീപമുള്ള പ്ലാവിൻ്റെ തടിയിലുരുമ്മി താഴേയ്ക്കു കുതിച്ചൊഴുകുന്നു. അച്ഛൻ സൈക്കിൾ ചവിട്ടുമ്പോഴും നനയുന്നുണ്ട്. അച്ഛൻ്റെ തലയിൽ ഒരു പ്ലാസ്റ്റിക് കവറാണ് ഇട്ടിട്ടുള്ളത്. കുഞ്ഞിരാമൻ്റെ തലയിൽ ഒരു ഗൾഫ് തൊപ്പിയും. തൂവാനത്തുമ്പികൾ മണ്ണിലേക്കു വീഴുന്നതിൻ്റെ ആഘാതം കുഞ്ഞിരാമൻ നേരിട്ടനുഭവിച്ചു. മഴയുടെ ഒച്ച കൂടി വരുന്നതായി അവനു തോന്നി.എവിടെയെങ്കിലും കയറി നിൽക്കാൻ അച്ഛനു തോന്നാനായി കുഞ്ഞിരാമൻ പ്രാർത്ഥിച്ചു. "നമ്മൾ ഇപ്പോഴങ്ങെത്തും" എന്ന അച്ഛൻ്റെ മറുപടി കുഞ്ഞിരാമൻ്റെ ഉൾഭയത്തെ ചുരുക്കി. വഴിയാകെ മഴവെള്ളം കെട്ടി ഒരു സമുദ്രം തന്നെ തീർക്കുകയാണെന്നു കുഞ്ഞിരാമനു തോന്നി. വിക്ടറി ട്യൂഷൻ സെൻ്ററിനു സമീപമെത്തിയപ്പോൾ അരപ്പൊക്കം വെള്ളം. കുഞ്ഞിരാമനെ സൈക്കിളിൽ ഇരുത്തി , അച്ഛൻ സൈക്കിളും പിടിച്ച് മുന്നോട്ടു നടന്നു. ഓലമടലുകൾ, ഡപ്പികൾ, സിഗററ്റ് പാക്കറ്റ് ഒക്കെ ആ വെള്ളത്തിൽ ഒഴുകി വരുന്നുണ്ടായിരുന്നു. തവളകളുടെ കരച്ചിൽ അതിനു പശ്ചാത്തല സംഗീതമൊരുക്കി. ജംഗ്ഷനായപ്പോൾ ഒഴുക്ക് ഒട്ടൊന്നു ശമിച്ചു. അച്ഛൻ സൈക്കിളിൽ കയറി, വീണ്ടും ചവിട്ടി തുടങ്ങി. അമ്മ വീടെത്തി ,ധാരാളം ജനങ്ങൾ കൂടി നിൽപ്പുണ്ട്. അക്കരത്തെ കുഞ്ഞമ്മ കുഞ്ഞിരാമനെ അച്ഛൻ്റെ കയ്യിൽ നിന്നും വാങ്ങി ഇടപ്പുരയിലിരുന്നു കരയുന്ന അമ്മയുടെ അടുത്തെത്തിച്ചു. അവിടെ കുട്ടേട്ടനും ഇരിപ്പുണ്ട്. കുഞ്ഞിരാമനെ കണ്ടതും ഏട്ടൻ 'അച്ഛനെവിടെ'? എന്നു ചോദിച്ചു. ഏതോ ഒരു സ്ത്രീ ജനം കുഞ്ഞിരാമനെ ഇറയത്തു കിടത്തിയിരിക്കുന്ന മുത്തച്ഛൻ്റെ മൃതദേഹത്തിന് അടുത്തെത്തിച്ചു. എന്തോ ഒരു മണം കുഞ്ഞിരാമൻ്റെ മൂക്കിലേക്ക് തുളഞ്ഞു കയറി. കർപ്പൂരത്തിൻ്റെയും, സാമ്പ്രാണിത്തിരിയുടെയും, മുത്തച്ഛൻ്റെ ആത്മാവിൻ്റെയും, ഗന്ധം കുഞ്ഞിരാമൻ്റെ അകതാരിൽ നിറഞ്ഞു. കുഞ്ഞിരാമൻ്റെ ഹൃദയത്തിൻ്റെ നനുത്ത വാതിലുകൾ ആ സുഗന്ധം തട്ടിത്തുറന്നു.കുഞ്ഞിരാമൻ പുറത്തേക്കോടി. അപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു


രാഹുൽ ഗോപികൃഷ്ണൻ
ഗവ ഹൈസ്കൂൾ ചിറക്കര
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ