അറിയില്ല എനിക്കെന്റെ ഭൂതകാലം
ഓർമ്മതൻ വിജനമാം വീഥിയിൽ തിരയുന്നു
പഴയകാലത്തെ ഞാനിന്നുമേ ..
അറിയില്ല എനിക്കെന്റെ ഭൂതകാലം
അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മധുരവും
ചുണ്ടിലായ് നുണയാൻ കഴിഞ്ഞതില്ല
അച്ഛനന്നോതിയ താരാട്ടിനീണങ്ങൾ
കാതിലായി വന്നു തഴുകിയില്ല
ഒപ്പം വളർന്നെന്റെ കൂടപ്പിറപ്പിന്റെ
മുഖമെന്തേ എന്നിൽ തെളിഞ്ഞതില്ല
കൂട്ടു ചേർന്നെന്നുടെ കൂട്ടർതൻ ചിത്രമെൻ
ചിത്രത്തിലെന്തേ തെളിഞ്ഞതില്ല
അറിയില്ല എനിക്കെന്റെ ഭൂതകാലം
ആദ്യമായ് കവിതയെന്നെഴുതിയ
ഭാഷതൻ അക്ഷരമെല്ലാം മറന്നുപോയി
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചുതന്നൊരു
പുസ്തകത്താളും അടഞ്ഞുപോയി
ചിന്തതൻ ആകാശമാകെയും കാർമുകിൽ
മൂടവേ മഴവിൽ മാഞ്ഞുപോയി
ചുറ്റും നടക്കുന്നതറിയാതെ ഞാനിന്നു
പ്രജ്ഞയില്ലാതെ നിന്നുപോയി
അറിയില്ല എനിക്കെന്റെ ഭൂതകാലം
ഒറ്റക്കിരുന്നീ അടച്ചിട്ട മുറിയിലായി
പൊട്ടിക്കരഞ്ഞു തളർന്നിടുമ്പോൾ
എന്നെവിളിക്കുവാൻ എത്തിടും മരണമേ
നിന്നിലാണഭയമെന്നറിയുന്നുഞാൻ