ഗവ ടെക്‌നിക്കൽ എച്ച്.എസ്. കണ്ണൂർ/അക്ഷരവൃക്ഷം/കരുണം

Schoolwiki സംരംഭത്തിൽ നിന്ന്
കരുണം

ഡിസംബർ മാസത്തിലെ ക്രിസ്തുമസ് കുളിർക്കാറ്റ് വീശിത്തുടങ്ങി. കിരണും അമ്മയും അച്ഛനും അമ്മൂമയും അടങ്ങുന്ന കുടുംബമാണ് കിരണിന്റേത്.അച്ഛൻ അലസഭാവത്തിന്റെയും മദ്യാസക്തിയുടെയും ഉറവിടമാണ്. തന്റെ കാര്യം പോലും നോക്കാനുള്ള ത്രാണി അയാൾക്കില്ല. അവന്റെ അമ്മ പാവം സ്ത്രീയാണ്. കൂടാതെ അനേകം ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്ന വൃക്കരോഗിയും. പ്രായാധിക്യത്താൽ വൃദ്ധയായ അമ്മൂമയും.......സ്വന്തം കുടുംബത്തിന്റെ പട്ടിണി അകറ്റാൻ ദിവസക്കൂലിക്കായി പണി ചെയ്യുന്ന കിരണും അമ്മൂമയുമാണ് കുടുംബത്തിന്റെ അത്താണി. കിരൺ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് പത്രവിതരണത്തിനായി പോകും. പത്തൊൻപത്കാരനായ കിരണിനു ഉപരിപഠനത്തിനായുള്ള എല്ലാ സർട്ടിഫിക്കറ്റുകളും കൈയിലുണ്ടെങ്കിലും അവന്റെ കുടുംബത്തിലെ ദാരിദ്ര്യം ഉന്നതവിദ്യാഭ്യാസത്തിനു വിലങ്ങുതടിയായി നിന്നു. അവൻ പത്രവിതരണം കഴി‍ഞ്ഞ് വർക്ക്ഷോപ്പിൽ ജോലിചെയ്തിരുന്നു. പിന്നെ അവന്റെ വീടിനടുത്തുള്ള പാവപ്പെട്ട കുട്ടികൾക്ക് ട്യൂഷനെടുത്ത് കൊടുക്കാറുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വളരെ തുച്ഛമായ വരുമാനം പോലും അച്ഛൻ മോഷ്ടിച്ച് മദ്യപിക്കുകയും പണം കിട്ടാത്തപ്പോൾ മറ്റുള്ളവരുടെ പറമ്പിൽ നിന്ന് അടയ്ക്ക,തേങ്ങ എന്നിവയൊക്കെ മോഷ്ടിക്കുമായിരുന്നു. ഇതുവരെ അവന്റെ കുടുംബത്തിന് അയാളുടെ ഒരു സഹായവും ലഭിച്ചിരുന്നില്ല.മോഷണസ്വഭാവമായതുകൊണ്ട് നാട്ടിൽ ഇയാൾക്ക് ഒരു വിലയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല ഇയാളെ കാണുന്നത് തന്നെ ജനങ്ങൾക്ക് വെറുപ്പായിരുന്നു. കിരണിന്റെ വർക്ക്ഷോപ്പ് മുതലാളിയായ സുരേന്ദ്രൻ ക്രൂരനും പിശുക്കനുമായിരുന്നു.അങ്ങനെ ഒരിക്കൽ കിരൺ ജോലി ചെയതുകൊണ്ടിരിക്കെ അവന്റെ അച്ഛൻ അന്വേഷിച്ച് അവിടെ എത്തി നൂറ് രൂപ ആവശ്യപ്പെട്ടു.അച്ഛന് കൊടുക്കാൻ അവന്റെ കൈയിൽ ഒന്നുമില്ലായിരുന്നു. ഈ സമയത്ത് ചിട്ടിപിടിച്ച് ലഭിച്ച തുക മുതലാളിയായ സുരേന്ദ്രൻ മേശ വലിപ്പ് തുറന്ന് കിരണിന്റെ വിശ്വാസത്തിൽ അതിൽ വെച്ചു.തക്കം നോക്കിയിരിക്കുകയായിരുന്ന അച്ഛൻ ആരുമറിയാതെ ഇത് കൈക്കലാക്കി. കുറച്ച് സമയം കഴി‍‍ഞ്ഞ് തിരിച്ചെത്തിയ മുതലാളി കണ്ടത് കാലിയായ മേശ വലിപ്പാണ്. കോപത്താൽ മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകിയ മുതലാളി വാതിൽ ചവിട്ടിത്തുറന്ന് ആക്രോശിച്ചു " വലിപ്പിൽ വെച്ച പണം എവിടെ? “. ഇതുകേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയ കിരൺ ആശ്ചര്യത്തോടെ പറഞ്ഞു "ഏതു പണം , ഞാൻ കണ്ടില്ല". കലി പൂണ്ടുനിൽക്കുന്ന മുതലാളിയോട് അവൻ വീണ്ടും വീണ്ടും പറഞ്ഞു ഞാൻ കണ്ടിട്ടേ ഇല്ല. ഇതുകേട്ട മുതലാളി അവനെ ഭീകരമായി മർദ്ദിക്കുകയും ജോലിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. നിമിഷ നേരം കൊണ്ട് ഈ വാർത്ത നാടു മുഴുവൻ പടർന്നു. നീറുന്ന മനസ്സും കുനിഞ്ഞ ശിരസ്സുമായി വീട്ടിൽ എത്തിയ കിരൺ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പങ്കുവെച്ചു. അച്ഛൻ വീട്ടിൽ മദ്യപിച്ചെത്തിയതും അദ്ദേഹത്തിന്റെ കൈയിൽ കൂടുതൽ പണം കണ്ടതും അതുമായി പുറത്തുപോയതുമെല്ലാം അമ്മൂമ അവനോട് വിശദീകരിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അച്ഛൻ വീട്ടിൽ വരാത്തത് നാട്ടുകാർക്ക് പണം മോഷ്ടിച്ചത് കിരണിന്റെ അച്ഛനാണെന്ന് ഉറപ്പിക്കാൻ കാരണമായി. നഷ്ടപ്പെട്ട തുകക്ക് വേണ്ടി മുതലാളി അവനെയും കുടുബത്തെയും ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന ഒരു തുണ്ട് ഭൂമിയും ആ കുടുംബത്തിന് നൽകേണ്ടിവന്നു.

ജീവിതത്തിന്റെ പ്രയാണത്തിൽ ജോലി നഷ്ടമായ കിരൺ ജോലി അന്വേഷിച്ച് പട്ടണത്തിലേക്ക് പോയി.അവസാനം വിധിക്കപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം വിളമ്പാനായിരുന്നു.പക്ഷെ ഹോട്ടലിലെ ശുചിത്വമില്ലായ്മ അവനെ വല്ലാതെ അലോസരപ്പെടുത്തി.മലിനമായ കുടിവെള്ളം, വൃത്തിയില്ലാത്ത അന്തരീക്ഷത്തിലുള്ള പാചകം, പഴകിയ ഭക്ഷണം എന്നിവ അവിടുത്തെ സ്ഥിരം കാഴ്ചയായിരുന്നു. ഇത്തരം മോശമായ കച്ചവടത്തെ കുറിച്ച് അവൻ ഇടയ്ക്കിടെ മുതലാളിയോട് സൂചിപ്പിച്ചു. കിരണിന്റെ അഭിപ്രായത്തെ അവഗണിച്ചുകൊണ്ട് ഇങ്ങനെയൊക്കെ പോയാൽ മതിയെന്ന് ഉടമ അവനോട് ആജ്ഞാപിച്ചു. ഗത്യന്തരമില്ലാതെ കിരൺ രഹസ്യമായി ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനയുടെ ഫലമായി ഹോട്ടൽ താൽക്കാലികമായി അടച്ചിട്ടു. കൂടാതെ നല്ലൊരു തുക പിഴ അടക്കേണ്ടിയും വന്നു.അങ്ങനെ ശുചിത്വത്തിനുവേണ്ടി മുറുകെ പിടിച്ചു തന്റെ രണ്ടാമത്തെ ജോലിയും അവനു നഷ്ടമായി.

ഇങ്ങനെയിരിക്കെ കിരണിന്റെ മുൻമുതലാളിയായ സുരേന്ദ്രൻ അവന്റെ കുടുംബത്തിൽ നിന്ന് തട്ടിയെടുത്ത പ്രകൃതിരമണീയമായ സ്ഥലം ഭൂമാഫിയക്ക് വിൽക്കുകയും അവർ ഒരു കുടിവെള്ളനിർമ്മാണ യൂണിറ്റ് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. പ്രദേശത്ത് കുടിവെള്ള ലഭ്യത കുറയുമെന്നതിനാൽ കിരണിനും കുടുംബത്തിനും ഈ തീരുമാനത്തോടു യോജിപ്പുണ്ടായിരുന്നില്ല.ഇതിനെകുറിച്ച് സമീപവാസികളോട് സംസാരിച്ചെങ്കിലും ഭൂമാഫിയയുടെ സ്വാധീനത്താൽ അവർ പിൻവലിഞ്ഞു.ഈ സാഹചര്യത്തിൽ കുടിവെള്ള കമ്പനി ഉടമ കിരണിന്റെ കുടുംബവുമായി സംസാരിക്കുകയും കിരണിനും അമ്മൂമയ്ക്കും ജോലിയും അമ്മയ്ക്ക് ചികിൽസാ സൗകര്യവും വാഗ്ദാനം ചെയ്തു.പട്ടിണി പാവങ്ങളായ അവർ ഗത്യന്തരമില്ലാതെ അവരുടെ വാഗ്ദാനം സ്വീകരിച്ചു. ഹോട്ടൽ ജോലിക്കിടെ ഉന്നതവിദ്യാഭ്യാസം ചെയ്തതുകൊണ്ട് കുടിവെള്ള കമ്പനിയുടെ ബോംബെയിലുള്ള പ്രധാന ഓഫീസിൽ ജോലി ലഭിക്കുകയും അമ്മയ്ക്ക് അവിടെ നല്ല ചികിൽസ തുടങ്ങുകയും ചെയ്തു.

അങ്ങനെ ഒരു ദിവസം ജോലിക്ക് പോകവെ ഒരു കാർ റോഡരികിൽ ഉണ്ടായിരുന്ന യാചകനെ തട്ടിത്തെറിപ്പിക്കുന്നത് അവൻ കണ്ടു. കണ്ട മാത്രയിൽ ഓടിച്ചെന്ന് അയാളെ എടുത്ത് വാഹനത്തിൽ കയറ്റി അവൻ ഹോസ്പിറ്റിലേക്കു കുതിച്ചു. യാത്രാവേളയിൽ യാചകൻ് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ആ ശബ്ദം അവനു ഉൾക്കിടുലമുണ്ടാക്കി. അതെ അത് അവന്റെ അച്ഛനായിരുന്നു.രക്തത്തിൽ കുളിച്ചുകിടന്നിരുന്ന അച്ഛനെ പ്രവേശിപ്പിച്ചിട്ടുളള ഹോസ്പിറ്റൽ ഐസിയുവിനു പുറത്ത് വിവരം അറിയാനായി അവൻ ഡോക്ടറെ കാത്തിരുന്നു. മസ്തിഷ്കമരണം സംഭവിച്ചെന്നതിനാൽ അച്ഛനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്ന് ഡോക്ടർ അവനെ അറിയിച്ചു. സാമൂഹിക ബോധമുള്ള അവന്റെ മനസ്സ് വീണ്ടും ഉണർന്നെണീറ്റു. അച്ഛന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാൻ അവൻ സന്നദ്ധനായി.അതിൽ ഒരു വൃക്ക തന്റെ അമ്മയ്ക്ക് നൽകാനുളള പരിശോധനയും നടത്തി.അങ്ങനെ കുടുംബത്തിന് ഒരു ഉപകാരവും ചെയ്യാൻ പറ്റാത്ത അദ്ദേഹത്തിന്റെ അവയവദാനത്തിലൂടെ കിരണിന്റെ അമ്മയ്ക്ക് ജീവിതത്തിലേക്കുള്ള പുതുനാമ്പുകൾ തുറന്നുകൊടുത്തു.ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ മാത്രം ഉണ്ടായിരുന്ന കിരണും കുടുംബവും പുതിയ ജീവിതസാഹചര്യത്തിലേക്ക് മാറുകയായിരുന്നു. എല്ലാവരും കുറ്റപ്പെടുത്തിയ അച്ഛനെ പ്രാർത്ഥിച്ചുകൊണ്ട് അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോയി.

ആദിഷ് ബാബു
9 B ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ, തോട്ടട, കണ്ണൂർ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ