ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തണ്ണീർമുക്കം

തണ്ണീർമുക്കം

ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് തണ്ണീർമുക്കം. ഭൂമിശാസ്ത്രപരമായി വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാൽ ആയിരുന്നു ഈ പ്രദേശത്തിന് 'തണ്ണീർമുക്കം' എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. തിരുവിതാംകൂറിലെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ മുറ ജപത്തിനായി വടക്കൻ ദേശങ്ങളിൽ നിന്നും ജലമാർഗ്ഗം സഞ്ചരിച്ച് എത്തുന്ന നമ്പൂതിരിമാർ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും ആയി തണ്ണീർ മുക്കത്ത് ഇറങ്ങുമായിരുന്നു.. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്. ഇവിടെ വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തണ്ണീർമുക്കം ബണ്ട് പ്രശസ്തമാണ്.

ഭൂ പ്രകൃതി

ഭൂപ്രകൃതിയിലും ജന ജീവിതത്തിലും വേമ്പനാട്ടുകായലിന്റെ നിർണായക സ്വാധീനം അനുഭവപ്പെടുന്ന ഗ്രാമമാണ് തണ്ണീർമുക്കം. പൊതുവേ കരിനിലങ്ങളും വേലിയേറ്റ പ്രദേശങ്ങളും വെള്ളക്കെട്ടും നിറഞ്ഞ ഭൂപ്രകൃതിയാണ് തണ്ണീർമുക്കത്തിന്റെത്. സിലിക്ക മണൽ ധാരാളം ആയി കാണപ്പെടുന്ന തണ്ണീർമുക്കം കേരളത്തിന്റെ വിഭവ ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.

അതിരുകൾ

വേമ്പനാട്ട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന തണ്ണീർ മുക്കത്തിന്റെ വടക്ക് കിഴക്ക് വശങ്ങളിൽ വേമ്പനാട്ടുകായലും തെക്ക് ഭാഗത്ത് തണ്ണീർമുക്കം തെക്ക് വില്ലേജും കഞ്ഞിക്കുഴിയും പടിഞ്ഞാറ് ദേശീയപാതയും ചേർത്തല മുൻസിപ്പാലിറ്റിയും അതിരുകൾ ആയി വർത്തിക്കുന്നു.

വ്യവസായം

കയർ വ്യവസായ രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഗ്രാമമാണ് തണ്ണീർമുക്കം. പ്രധാന വ്യവസായവും കയർ ഉത്പാദനം തന്നെ. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് കയർ ഫാക്ടറികൾ ആരംഭിച്ചത്. വേമ്പനാട്ട് കായലിൽ നിന്ന് ലഭിക്കുന്ന വെള്ള കക്കയാണ് വ്യാവസായിക പ്രാധാന്യമുള്ള മറ്റൊരു പ്രകൃതി വിഭവം.

ആരാധനാലയങ്ങൾ

  • കൊക്കോതമംഗലം സെയിന്റ് തോമസ് പള്ളി
  • ചാലി നാരായണപുരം ക്ഷേത്രം
  • തണ്ണീർമുക്കം തിരുരക്തദേവാലയം
  • ഇലഞ്ഞാംകുളങ്ങര ക്ഷേത്രം