ഗവ:എൽ പി എസ്സ് ചെറിയകുന്നം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


ഭൗതിക സൗകര്യങ്ങൾ

ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂമും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാളും  ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ്‌ മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റും കൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്.

സ്മാർട്ട്‌ ക്ലാസ്സ്‌

      ഈ സ്കൂളിലെ ഒരു ക്ലാസ്സ്‌ സ്മാർട്ട്‌ ക്ലാസ്സ്‌റൂം ആണ്. അതോടൊപ്പം തന്നെ ഓരോ ക്ലാസ്സിലേക്കും ആയി മൂന്നു ലാപ്ടോപ്പും അനുബന്ധ ഉപകരങ്ങളും,രണ്ടു ഡസ്ക്ടോപ്പ് കമ്പ്യൂട്ടറും,രണ്ട് എൽ സി ഡി പ്രൊജക്ടറും ഉണ്ട്.

സ്കൂൾ ലൈബ്രറി


വളരെ വിശാലമായ ഒരു ലൈബ്രറി സൗകര്യമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.  കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ഭാഷണം, ലേഖനം തുടങ്ങിയ ശേഷികൾ വികസിപ്പിക്കുന്നതിനും സ്കൂൾ ലൈബ്രറിയും ഒപ്പം ക്ലാസ്സ്‌ ലൈബ്രറിയും പ്രയോജനപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതി തയ്യാറാക്കുകയും അവ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നു.

ജൈവകൃഷി

   സ്കൂൾ ഉച്ചഭക്ഷണ പരിപാടി പോഷകസമ്പുഷ്ടവും, വിഭവസമൃദ്ധവും, ചെലവ് കുറഞ്ഞതും, വിഷരഹിതവുമാക്കുന്നതിനുവേണ്ടി സ്കൂൾ വളപ്പിൽ രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ജൈവകൃഷി ചെയ്യുന്നു. വാഴ, ചേമ്പ്, ചേന, കപ്പ, വഴുതന, ഇഞ്ചി, പച്ചമുളക്, കോളീഫ്ലവർ, കറിവേപ്പില, ഓമ, കാന്താരി, കോവൽ, കാബേജ്, തക്കാളി എന്നിവ ഇപ്പോൾ പച്ചക്കറിത്തോട്ടത്തിൽ ഉണ്ട്.നിലം ഒരുക്കൽ, തടം എടുക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ചെയ്യുന്നു. വെള്ളം ഒഴിക്കൽ, ദൈനംദിന പരിചരണം തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചെയ്യുന്നു.

പൂന്തോട്ടം

   വളരെ മനോഹരമായ ഒരു പൂന്തോട്ടമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഇതു സ്കൂൾ പരിസരം കൂടുതൽ ആകർഷകമാക്കുന്നു. ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും സാധ്യമായ സ്ഥലങ്ങളിൽ എല്ലാം തന്നെ കുട്ടികളും അധ്യാപകരും ചെടികൾ നട്ടുവളർത്തുന്നു.വൈവിധ്യമാർന്ന ധാരാളം ചെടികൾ ഇവിടെ ഇപ്പോൾ ഉണ്ട്.

കിണർ

    ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ പ്യൂരിഫയറും ഉണ്ട്.

ഉച്ചഭക്ഷണം

ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമാണ്.ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും പഴവും നൽകുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ഫുഡ്‌ ആയി ബിരിയാണിയും കൊടുക്കുന്നു. ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭങ്ങൾ ഉൾപെടുത്തിയുള്ള ഒരു മെനു തയ്യാറാക്കി അതിനനുസരിച്ചുള്ള സ്വാദിഷ്‌ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കൂടുതലായും ഉപയോഗിക്കുന്നത് . വൃത്തിയുള്ള ഒരു ചെറിയ പാചകപ്പുരയാണ് ഇവിടെയുള്ളത്.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനവശ്യമായ പാത്രങ്ങളും ഗ്ലാസുകളും ഇവിടെയുണ്ട്.