ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലൂപ്പാറ-നാടോടി വിജ്ഞാനകോശം
തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്ന കല്ലൂപ്പാറ 1956ൽ കേരള സംസ്ഥാന പുനഃസംഘടനയെ തുടർന്ന് ചെങ്ങന്നൂർ താലൂക്ക് വേർപെടുന്നതുവരെ തിരുവല്ല താലൂക്കിലെ 25 പകുതികളിലൊന്നായിരുന്നു. കല്ലൂപ്പാറ പകുതിയുടെ അന്നത്തെ വിസ്തൃതി 55.05 ചതുരശ്ര കിലോമീറ്ററായിരുന്നു(25,555ഏക്കർ) മല്ലപ്പള്ളി താലൂക്ക് രൂപീകൃതമായപ്പോൾ(1983) കല്ലൂപ്പാറയും മല്ലപ്പള്ളിതാലൂക്കിന്റെ ഭാഗമായി.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 16.86ചതുരശ്ര കിലോമീറ്ററാണ്
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകൾ, കിഴക്ക് മണിമലയാർ, പുറമറ്റം പഞ്ചായത്തുകൾ പടിഞ്ഞാറ് കവിയൂർ പഞ്ചായത്ത്, തെക്ക് മണിമലയാർ, ഇരവിപേരൂർ പഞ്ചായത്തുകൾ എന്നിവയാണ്
ഭൂപ്രകൃതി
കുന്നുകളും മലകളും താഴ്വരകളും ഇടകലർന്നുള്ള പ്രത്യേക ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 50 മുതൽ 200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ പഞ്ചായത്തിലുണ്ട്
മണിമലയാർ
മണിമലയാർ തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. ഉത്ഭവ സ്ഥാനത്ത് പുല്ലുകയാർ എന്ന പേരിലറിയപ്പെടുന്ന ഈ നദി എരുമേലിയ്ക്കു സമീപമുള്ള കൊരട്ടിയിലെത്തുമ്പോൾ കൊരട്ടിയാർ എന്നും അറിയപ്പെടുന്നു. ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വെച്ച് വേമ്പനാട് കായലിൽ ചേരുന്നു.ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, കൊരട്ടി, എരുമേലി, ചെറുവള്ളി, മണിമല, കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പ്പൂർ, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, കല്ലൂപ്പാറ കവിയൂർ, തിരുവല്ല, നീരേറ്റുപുറം,ചക്കുളത്ത് കാവ്, മുട്ടാർ, തലവടി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ സ്ഥലങ്ങൾ മണിമലയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പമ്പയുടെ കൈവഴിയായ കോലറയാർ മണിമലയാറിന്റെ കൈവഴിയിൽ നിരണത്ത് വെച്ച് ചേരുന്നു. പമ്പയുടെ ഒരു പ്രധാനകൈവഴി കടപ്ര കീച്ചേരി വാൽക്കടവിൽ വെച്ച് മണിമലയാറിൽ ചേരുന്നു. തിരുവല്ലയാണ് നദീതീരത്തെ ഏറ്റവും വലിയ പട്ടണം. പത്തനംതിട്ടയിലൂടെ ഒഴുകുന്ന മണിമലയാറിൻ്റെ ജലത്തിൻ്റെ അളവും മറ്റും പരിശോധിക്കുന്ന കേന്ദ്ര ഗവൺമൻ്റെ സ്ഥാപനമായ Central Water commission മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ M.North-Madathumbhagom , Ward -7എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത്. ഇവിടുന്ന് നൽകുന്ന അളവ് പ്രകാരം ആണ് നദിയിലെ ജലനിരപ്പ് കണക്കാക്കുന്നത്.
കല്ലൂപ്പാറ-ഗ്രാമ പഞ്ചായത്ത് വാർഡുകൾ- എണ്ണം=14
ചെങ്ങരൂർ--കാഞ്ഞിരത്തിങ്കൽ--മടുക്കോലി--തുണ്ടിയാംകുളം--തുരുത്തിക്കാട്--കുംഭമല--അമ്പാട്ടുഭാഗം--മഠത്തുംഭാഗം വടക്ക്--ചെറുമത--കല്ലൂർ--ചാക്കോംഭാഗം --കടമാൻകുളം--ശാസ്താങ്കൽ--പുതുശ്ശേരി
ഭരണ ചരിത്രം
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വില്ലേജ് യൂണിയനിൽ നിന്നാണ് കല്ലൂപ്പാറയുടെ തദ്ദേശസ്വയംഭരണ ചരിത്രം ആരംഭിക്കുന്നത്. പാട്ടത്തിൽ ഗോപാലപിള്ളയായിരുന്നു വില്ലേജ് യൂണിയന്റെ അദ്ധ്യക്ഷൻ. തിരുവിതാംകൂറിൽ പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ തന്നെ കല്ലൂപ്പാറ പഞ്ചായത്ത് രൂപമെടുത്തു. കിഴക്കും വടക്കും മണിമലയാറും തെക്ക് കിഴക്ക് മല്ലപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കുന്നന്താനവും കവിയൂരും പഞ്ചായത്തിന് അതിര് വരയ്ക്കുന്നു. 1953-ൽ ആദ്യത്തെ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നു. മരേട്ട് തോപ്പിൽ എം സി നൈനാൻ പ്രസിഡന്റായ ഭരണ സമിതി രൂപം കൊണ്ടു.
സാംസ്കാരിക ചരിത്രം
രാജഭരണകാലത്തു തന്നെ ഭരണസിരാകേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമാണു കല്ലൂപ്പാറ. കൊച്ചി ആസ്ഥാനമാക്കിയ ഇടപള്ളി തമ്പുരാക്കന്മാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഇടപ്പള്ളി കേന്ദ്രമാക്കി ഭരണം നടത്തിയ എളങ്ങല്ലൂർ നമ്പൂതിരിയുടേതായിരുന്നു ‘ഇടപ്പള്ളി രാജ്യം’. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉദയത്തിൽ തിരുവല്ല താലൂക്കിൽ ‘കല്ലൂപ്പാറ പ്രവൃത്തി’ എന്ന ദേശഭാഗം മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, വായ്പൂര്, പുറമറ്റം എന്നീ പ്രദേശങ്ങളെ ഉൾക്കൊണ്ടിരുന്നു. കല്ലൂപ്പാറ, കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ, കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി എന്നീ സ്ഥലങ്ങളും ഇടപ്പള്ളി രാജാവിന്റെ അധീനതയിലായിരുന്നു. ഇത് ഒരു നമ്പൂതിരിയുടെ രാജ്യമാകയാൽ തിരുവിതാംകൂറിന്റെ പടയോട്ടക്കാരനായ മഹാരാജാവ് മാർത്താണ്ഡവർമ്മ ‘ഇടപ്പള്ളിയെ’ ആക്രമിച്ചിരുന്നില്ല. 1820 വരെ സ്വതന്ത്രമായി നിലകൊണ്ട ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായിരുന്നു കല്ലൂപ്പാറ. ബ്രിട്ടീഷ് അധീശത്വത്തോടെ 1820-ൽ ‘ഇടപ്പള്ളിയെ’ കൊച്ചി രാജ്യത്തോടു ചേർത്തു. 1825-ൽ ഈ രാജ്യത്തെ ഇംഗ്ളീഷ് റസിഡന്റ് തിരുവിതാംകൂറിനോടു ചേർത്ത് ഉത്തരവായി. 1825-ൽ ‘കല്ലൂപ്പാറ പ്രവൃത്തി’ തിരുവിതാംകൂറിന്റെ ഭാഗമായി. കല്ലൂപ്പാറ ദേവീക്ഷേത്രത്തിനരികിൽ പുഴയ്ക്കഭിമുഖമായി പ്രത്യേകം പണി കഴിപ്പിച്ച കുളപ്പുര, മാളികയും, എട്ടുകെട്ടും ഇടപ്പള്ളി രാജ പ്രമുഖരുടെ പ്രതാപം വിളിച്ചു പറയും. ഭരണശ്രദ്ധയ്ക്കും സുഖവാസത്തിനുമായി തമ്പുരാൻ ഇവിടെ സന്ദർശിക്കുക പതിവായിരുന്നു. അന്ന് ഇവിടെയുള്ള ക്രിസ്ത്യാനികൾക്ക് ശവസംസ്ക്കാരത്തിനും ആരാധനയ്ക്കും ദൂരെ നിരണത്തുള്ള ക്രൈസ്തവദേവാലയം മാത്രമായിരുന്നു അവലംബം. അവരുടെ കഷ്ടപ്പാടിൽ മനംനൊന്ത ഇടപ്പള്ളി ശ്രേഷ്ഠൻ ഉടൻതന്നെ കല്ലൂപ്പാറ ക്ഷേത്രത്തിനു സമീപം തന്നെ ഒരു പള്ളി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ച് ഉത്തരവായി. തെക്കുംകൂർരാജവംശത്തിന്റെ ആധിപത്യത്തിലിരുന്ന നാടാണ് കല്ലൂപ്പാറ. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കോട്ടയുടെയും പുരാതന ആയോധനവിദ്യ അഭ്യസിച്ചിരുന്ന കളരിയുടേയും അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാനുണ്ട്. പഞ്ചപാണ്ഡവർ നട്ടുവളർത്തിയതെന്നു വിശ്വസിക്കപ്പെടുന്ന അഞ്ചിലവുകളുടെ പേരിൽ അറിയപ്പെട്ട അഞ്ചിലവുങ്കൽ ഇന്നത്തെ പുതുശ്ശേരിയായി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു നിലകൊളളുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുമ്പും അവർണ്ണർക്ക് പ്രവേശനം നിഷേധിക്കാത്ത മധ്യതിരുവിതാംകൂറിലെ ഏകക്ഷേത്രം എന്ന നിലയിൽ കല്ലൂപ്പാറ ദേവീക്ഷേത്രത്തിന് പ്രാധാന്യമുണ്ട്. സർവ്വജാതിയിൽപ്പെട്ടവർക്കും എണ്ണതൊടീക്കാൻ അവകാശം, മറ്റു ക്ഷേത്രങ്ങളേക്കാളുപരി വിളക്കെടുക്കുന്നതിന് സ്ത്രീകൾക്കു പ്രത്യേക നേർച്ച, പള്ളി തിരുന്നാളും ക്ഷേത്ര ഉത്സവങ്ങളും തമ്മിലുള്ള സമന്വയം ഇവ കല്ലൂപ്പാറയുടെ മാത്രം പ്രത്യേകതകളാണ്. പ്രത്യേക പടയണി, ഓട്ടൻ തുള്ളൽ ഇവയിൽ പ്രാദേശിക പരിശീലനവും അവതരണവും കൂടാതെ കാക്കാരിശ്ശി നാടകം തുടങ്ങിയ കേരളീയ കലകൾക്കും ഇവിടുത്തെ ക്ഷേത്രങ്ങളിൽ സ്ഥാനമുണ്ടായിരുന്നു. തെള്ളിയൂർകാവ് വാണിഭത്തെക്കാൾ പുരാതനമായ കല്ലൂപ്പാറ മണപ്പുറത്തെ ഭരണിവാണിഭം, കാർഷിക വിഭവങ്ങൾ, പണിയായുധങ്ങൾ ഇവയുടെ വിപണനത്തിന് ദൂരെ ദിക്കുകളിൽ നിന്ന് വ്യാപാരികളെയും കൃഷിക്കാരെയും ആകർഷിച്ചിരുന്നു.
പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ.

   BAM College, Thuruthicadu-- Engg. Collage, Kallooppara.--  B.Ed Collage, Chengaroor--  MGDHS Puthusserry--Govt HS, Kallooppara-- St.Teresas Convent, Chengaroor.