ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/പുതിയ ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ജന്മം

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധയുണ്ടായതായി മാധ്യമങ്ങളിലൂടെ കണ്ടിരുന്നു എങ്കിലും നിപ്പയോ എലിപ്പനിയോ പോലെ മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് രമേശ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവന്റെ കണക്കുകൂട്ടലുകൾ തെറ്റി. അവനും അവന്റെ കൂട്ടുകാരും പരീക്ഷ തീർന്നിട്ട് അവധിക്കാലത്ത് ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ പ്ലാൻ ചെയ്തിരുന്നതാണ്. ഒരു സുപ്രഭാതത്തിൽ നമ്മുടെ കൊച്ചുകേരളത്തിലേക്കും കൊറോണ കടന്നുവന്നു. ഇന്ത്യയിലാദ്യമായി കൊറോണ വന്നതും കേരളത്തിലേക്കായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലേക്കു പിന്നീട് വ്യാപിച്ചു. പതിവുപോലെ സ്കൂളിൽ ചെല്ലുമ്പോഴാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരീക്ഷ മാറ്റിവെച്ചതായി സർക്കാർ പ്രഖ്യാപിച്ച വിവരം അറിയുന്നത്. വൈകുന്നേരം ലോക‍്ഡൗണും പ്രഖ്യാപിച്ചു. കളിക്കാൻ പോകാൻ ഇറങ്ങിയപ്പോൾ അമ്മ അനുവദിച്ചില്ല. വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്ന് അമ്മ നിർദ്ദേശിച്ചു. ടിവിയിൽ വരുന്ന ന്യൂസുകൾ ശ്രദ്ധിക്കാൻ അമ്മ അവനെ ഉപദേശിച്ചു. അപ്പോൾ ടിവിയിൽ കൊറോണ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന ഫ്ലാഷ് ന്യൂസുകൾ വരുന്നുണ്ടായിരുന്നു. സാനിറ്റൈസർ ഉപയോഗിക്കുന്നതിന്റെയും ഹാൻഡ്‍വാഷ് ചെയ്യുന്നതിന്റെയും മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം പറയുന്നതായിരുന്നു ഫ്ലാഷ് ന്യൂസുകൾ. വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുവാൻ രോഗവ്യാപനത്തിന്റെയും മരണസംഖ്യ കൂടുന്നതിന്റെയും കണക്കുകൾ എല്ലാവരെയും നിർബന്ധിക്കുന്നതായി ഓരോ ദിവസവും വാർത്തകളിലൂടെ അവർ അറിഞ്ഞു.
ഹോട്ടലുകളും ബേക്കറികളും അടച്ചതിനാൽ പുറത്തുനിന്നുള്ള ഭക്ഷണം എല്ലാവരും ഉപേക്ഷിക്കേണ്ട സാഹചര്യം വന്നു. നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങളായ കപ്പ, ചക്ക, ഓമയ്ക്ക , ചീര, മുതലായവയൊക്കെ തിന്നാൻ രമേശ് തുടങ്ങി. കോളകൾ, ഐസ്ക്രീമുകൾ എന്നിവ ഉപേക്ഷിച്ചു. നാരങ്ങാ വെള്ളവും കരിക്കും വെള്ളവും പൈനാപ്പിൾ ജൂസും കുടിച്ചുതുടങ്ങിയപ്പോഴാണ് കൃത്രിമ പാനീയങ്ങലേക്കാൾ അവയ്ക്കുള്ള മെച്ചം മനസ്സിലായത്. കളിക്കാൻ പറ്റാത്തതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കുവാനും കൃഷിപ്പണിയിൽ സഹായിക്കാനും രമേശ് സമയം കണ്ടെത്തി. അപ്പോഴും ഒരു സംശയം മനസ്സിൽ കിടുന്നു. എന്തുകൊണ്ടാണ് ഇത്തരം പകർച്ചവ്യാധികൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംശയം അവൻ അമ്മയോടു തന്നെ ചോദിച്ചു. അമ്മ പറഞ്ഞു,, ദൈവം ഭൂമിയെയും വൃക്ഷലതാദികളെയും മൃഗങ്ങളെയുമൊക്കെ സൃഷ്ടിച്ചു. എന്നാൽ മനുഷ്യൻ ഇതിനൊക്കെ സ്വയം അധിപനാണ് എന്ന് പ്രഖ്യാപിച്ചു. ഭൂമിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുവാൻ ജീവജാലങ്ങൾക്ക് നാശം വരുത്തുവാനും അവൻ ശ്രമിച്ചു. അതിന്റെ ഫലമായി ഓരോ പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഭാവിയിൽ ഇത് ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകളാണ് നാം സ്വീകരിക്കേണ്ടത്. അമ്മയുടെ ഉപദേശം രമേശിന് സ്വീകാര്യമായി തോന്നി.
പത്രങ്ങളിലൂടെയും മറ്റും ആരോഗ്യ വിദഗ്‍ധർ നൽകുന്ന ഉപദേശങ്ങളും മറ്റും രമേശ് ശ്രദ്ധിച്ചു. അധ്യാപകർ വാട്‍സ് ആപ്പിലൂടെയും മറ്റും പരീക്ഷയ്ക്കു സഹായകരമായ വസ്തുതകൾ കുട്ടികൾക്ക് അയച്ചു കൊടുക്കുന്നു. അതിനുള്ള വർക‍്ഷീറ്റും ഒപ്പമുണ്ടാകും. വീട്ടിലിരുന്ന് പഠനം മുന്നോട്ടു കൊണ്ടുപോകുക എന്നത് കൂട്ടുകാരുടെ അഭാവത്തിൽ രമേശിന് അലോസരമായി തോന്നി. ഈ മഹാമാരി ഇനിയൊരിക്കലും ഭൂമിയിലുണ്ടാകരുത് എന്ന് രമേശ് പ്രാർഥിച്ചു. നമ്മുടെ കൊച്ചുകേരളം ആരോഗ്യ രംഗത്ത് ലോകരാഷ്ട്രങ്ങളെക്കാൾ ഏറെ മുന്നിൽ നിന്നുകൊണ്ട് രോഗപ്രതിരോധം നടത്തുന്നത് രമേശിന് അഭിമാനകരമായി തോന്നി. വികസിത രാജ്യങ്ങൾക്കു പോലും കഴിയാതെ പോയ നേട്ടം ഈ കൊച്ചുകേരളത്തിനുണ്ടാകുന്നത് കണ്ടപ്പോൾ രമേശിന് അഭിമാനം തോന്നി. ഒപ്പം ഭീതിയുപേക്ഷിച്ച് ജാഗ്രതയിലൂടെ മഹാമാരിയെ ചെറുക്കാൻ കഴിയും എന്നുള്ള സന്ദേശം വരുംതലമുറയ്ക്ക് പകർന്നു നൽകേണ്ടത് ആവശ്യമാണെന്ന ഔചിത്യബോധവും അവനുണ്ടായി. ..

ഷാലിൻ നോബി വർഗീസ്
10A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ