ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയ ഭൂപടം
വിദ്യാലയ ഭൂപടം
ഇന്നാട്ടിലെ സുമനസ്സുകൾ ചേർന്ന് സർക്കാരിനു നൽകിയ ഒരേക്കർ സ്ഥലത്തിനും പുറമേ 75സെന്റ് സ്ഥലം കൈതാരത്തെ മറ്റൊരു ജന്മിയായ കാളിപറമ്പിൽ ശ്രീ അബ്ദുള്ള കുട്ടിഹാജി വിദ്യാലയത്തിനായി സൗജന്യം നൽകി. അദ്ദേഹത്തിന്റെ മകനും ടി സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ കെ. എ. മുഹമ്മദ് മാസ്റ്ററിൽ നിന്ന് പിൽക്കാലത്ത് 1 3/4 ഏക്കറിലധികംസ്ഥലം മിതമായ നിരക്കിൽ വിലക്കുവാങ്ങുകയുണ്ടായി. ഇപ്പോൾ 3 ഏക്കർ 56 സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്.
പ്രീ-പ്രൈമറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള ഇവിടെ 943 വിദ്യാർത്ഥികളും 42 അദ്ധ്യാപകരുമുണ്ട്. 8 സ്ഥിരം ജീവനക്കാരും 13 മറ്റ് താൽക്കാലിക ജീവ നക്കാരുമുണ്ട്. 14 കെട്ടിടങ്ങളിലായി 46 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ രണ്ട് ഓഫീസ്മുകൾ, മൂന്ന് സ്റ്റാഫ് റൂമുകൾ, ഒരുസ്മാർട്ട് ക്ലാസ്സ് റൂം, ഒരു ഡിജിറ്റൽ ക്ലാസ്സ് റൂം, ഒരു കമ്പ്യൂട്ടർ ലാബ്,ഒരു കമ്പ്യൂട്ടർ ഹാർഡ് വെയർ യൂണിറ്റ് ഒരു സയൻസ് ലാബ്,ഒരു വി.എച്ച്. എസ്. ഇ ലാബ്, ഒരുവർക്ക് ഷോപ്പ്, ഒരു അക്ഷരഖനി ലൈബ്രറി, ഒരുപാചകപ്പുര, ഒരു പൊതു യോഗ ഹാൾ, ഒരു മിനിഹാൾ, ഒരു എസ്.പി.സി റൂം, സൈക്കിൾ ഷെഡ്, ഒരു ഫൈറ്റ് സ്കൂൾറൂം, ഒരു മഴവെള്ള സംഭരണി, നാല് വാട്ടർ ടാങ്ക്, രണ്ട് സ്കൂൾ ബസ്സ് 18 ശുചി മുറി കൾ എന്നിവയാണ് ഈ വിദ്യാലയത്തിന്റെ ഭൗതിക ഭൂപടത്തിലുള്ളത്.
സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിൽ പ്രമുഖരായ താഴെപറയുന്ന പരേതരായവർ ഈ വിദ്യാലയത്തിലെ തലമുറകൾക്ക് വെളിച്ചം പകർന്നവരായിരുന്നു. ശ്രീമാൻമാർ വിദ്വാൻ ഡി.പി. നെല്ലിപ്പിള്ളി സംസ്കൃതപണ്ഡിതൻ) ടി.കെ. ഗംഗാധരൻ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) അമ്മാഞ്ചിഗണേശൻ (ബാലസാഹിത്യകാരൻ) എൻ. വിശ്വനാഥ അയ്യർ (ശാസ്ത്രപ്രതിഭ) കെ.എം.ജൂലിയൻ ( കോളമിസ്റ്റ്) കെ.കെ. ഭാനുദാസ് (അക്ഷരശ്ലോകം) കെ.കെ. മണി (സാഹിത്യപ്രവർത്തകൻ) ഇന്നും നമ്മോടൊപ്പമുള്ള അഷ്ടപദികാരൻ ശ്രീ.സി.കുമാരൻ, രാഷ്ട്രപതിയിൽ ദേശീയ അവാർഡ് വാങ്ങിയ ശ്രീമതി എം.എ.അമ്മിണി, അഗ്നിനാളങ്ങൾ വിഴുങ്ങുമ്പോൾ ജീവനുവേണ്ടിവിലപിച്ച വിദ്യാർത്ഥികളെ രക്ഷിക്കാൻ തീകുണ്ഠത്തിലേക്കു ചാടി ധീരത കാണിച്ച് രാഷ്ട്രപതിയിൽനിന്ന് "ജീവൻരക്ഷാപഥക് അവാർഡ് ഏറ്റുവാങ്ങിയ ശ്രീ എം എൻ. തങ്കപ്പൻ, അദ്ധ്യാപകസംഘടനാനേതാവ് ആയിരുന്ന ശ്രീ കെ.ആർ. ഗോപി ഇവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വാദ്ധ്യാപകരും അഭിമാനഭാജനങ്ങളും ആയിരുന്നു.
വാദ്യസംഗീതലോകത്ത് പുല്ലാങ്കുഴലുമായി പേരിനൊപ്പം നാടിനെ ചേർത്തുവച്ച് അകാലത്തിൽ പൊലിഞ്ഞുപോയ പുല്ലാങ്കുഴൽ വാദകൻ ശ്രീ. സച്ചിൻ കൈതാരവും, സിനിമാസീരിയൽ നടൻ പ്രദീപ് കൈതാരവും, മിമിക്രി വേദികളിൽ ആരും അറിയാതെ പോയ കലാകാരൻ പഴങ്ങാട്ടുശശി, നാടകകലാകാരന്മാരായ എൻ.എം.ശശിധരൻ സായിദാസ് എന്നിവരും തുടർന്ന് കഥാപ്രസംഗവേദികളിലെ യുവശബ്ദം വിനോദ് എഴുത്തിലും കവിതയിലും പുതിയപ്രകാശങ്ങളായ ശ്രീമാൻമാർ പി.ജി.ഡിക്സൺ, മുരളികാരക്കാട്ട് എന്നിവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അഭിമാന സ്തംഭങ്ങളുമായിരുന്നു.
"ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന വിദ്യാർത്ഥികളുടെ ലഘു സിനിമക്ക് ജില്ലാ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സബ് ജില്ലാ കലോത്സവത്തിലും സംസ്കൃതോത്സവത്തിലും തുടർച്ചയായി ഒന്നാം സ്ഥാനം നേടിപ്പോരുന്ന പറവൂർ സബ്ജില്ലയിലെ ഏകസർക്കാർ വിദ്യാലയവും ഇതാണ്. വിദ്യാഭ്യാസ സാങ്കേതികവകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ കേരളത്തിലെ 100 വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാല യത്തിനും മത്സരത്തിന് അവസരം ലഭിച്ചതും മത്സരത്തിൽ 86 മാർക്ക് കരസ്ഥമാക്കാനായതും ഈ വിദ്യാലയത്തിന്റെ നെറുകയിലെ പൊൻതൂവലാണ്.