ഗവ. വി എച്ച് എസ് എസ് കൈതാരം/എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്

എസ് പി സി പാസിംങ്ങ് ഔട്ട്
സല്യൂട്ട്
സല്യൂട്ട്
പാഡിംങ്ങ്' ഔട്ട് തയ്യാറെടുപ്പ്
ജില്ലാ ക്യാമ്പ് പാസിംങ്ങ് ഔട്ട്

കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്ര പഥത്തിൽ സുവർണ്ണലിപികളാൽ രചിക്കപ്പെടുകയാണ് നമ്മുടെ ഒരോ എസ് പി സി ബാച്ചിന്റെയും പാസ്സിംഗ് ഔട്ട് പരേഡ്.നമ്മുടെ അക്ഷരാങ്കണത്തിലെ ഓരോ മൺതരിയെയും പുളകച്ചാർത്ത ണിയിക്കുന്ന പാസ്സിംഗ് ഔട്ട് പരേഡ് ആരുടേയും കർണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കും.ബാന്റ് വാദ്യത്തിന്റെ ബ്യൂഗിൾ മുഴങ്ങുമ്പോൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ബൂട്ട്സിന്റെ കാൽച്ചുവടുകളാൽ അക്ഷരമുറ്റത്തെ രോമാഞ്ചമ ണിയിക്കുന്ന സല്യൂട്ട് സ്വീകരണം നടക്കും. വികാരനിർഭരവും ആവേശകരവു മായ ഈ പരിപാടിയിൽ പങ്കാളികളാകുന്നതിനും നമ്മുടെ അഭിമാനമായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ആശീർവ്വദിക്കുന്നതിനും പ്രദേശവാസികളേവരും നമ്മുടെ വിദ്യാലയത്തിൽ എത്തിചേരാറുണ്ട്.

2013 ൽ നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ച എസ് പി സി ആദ്യബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 2015 ഫെബ്രുവരി 28 ആണ് നടത്തിയത്. ആരെയും അഭിമാനം കൊള്ളിക്കുന്നതും പുളകമണിയിക്കുന്നതുമായ കാഴ്ചയാണ് എസ് പി സി പരേഡിലൂടെ കണ്ടത്. ബഹുമാനപ്പെട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി. ജയരാജ് മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചു. ആര്യ കെ ബി ആയിരുന്നു പരേഡ് കമാൻഡർ. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ആലുവ ഡി.വൈ.എസ്.പി. ഷംസ് പി പി, പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട്, എറണാകുളം വിദ്യാഭ്യാസ ഡയറക്ടർ ഷൈൻമോൻ എന്നിവർ പങ്കെടുത്തു.

രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 2016 ഫെബ്രുവരി 27നാണ് നടത്തിയത്. ബഹുമാനപ്പെട്ട ആലുവ ഡി.വൈ.എസ്.പി. എ വൈ റസ്റ്റം മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പാസിംഗ് ഔട്ട് പരേഡ് കമാൻഡർ ആതിര കെ ബി യും ആയിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പറവൂർ എംഎൽഎ ബഹുമാനപ്പെട്ട വീ ഡി സതീശൻ, സിനിമ-സീരിയൽ താരം കെടാമംഗലം വിനോദ് എന്നിവർ പങ്കെടുത്തു.

മൂന്നാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 2017 ഫെബ്രുവരി 26നാണ് നടത്തിയത്. മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചത് നാർക്കോട്ടിക് ഡി.വൈ.എസ്.പി. ശ്രീ അബ്ദുൽസലാം ആയിരുന്നു. മീനാക്ഷി കിഷോർ ആയിരുന്നു പരേഡ് കമാൻഡർ. തുടർന്നുനടന്ന കലാപരിപാടിയിൽ സിനിമാതാരം സാജൻ പള്ളുരുത്തി പങ്കെടുത്തു.

നാലാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 2018 മാർച്ച് മൂന്നിനാണ് നടത്തിയത്. മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചത് അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി. എറണാകുളം റൂറൽ എൻ ആർ ജയരാജ് ആണ്. പരേഡ് കമാൻഡർ ഭവ്യ എസ് നായരും അണ്ടർ കമാൻഡർ ഷഹനാസും ആയിരുന്നു. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും മുൻ പാർലമെൻറ് അംഗവുമായ സെബാസ്റ്റ്യൻപോൾ പ്രശസ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.

അഞ്ചാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 2019 മാർച്ച് മൂന്നിനാണ് നടത്തിയത് മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചത് പറവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ഷാബു ആയിരുന്നു പരേഡ് കമാൻഡർ ആഗ്നസ് മേരി അലക്സാണ്ടറും അണ്ടർ കമാൻഡർ ദേവിക കെ ജിയും ആയിരുന്നു. തുടർന്ന് എസ്പിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

2020, 2021 വർഷങ്ങളിൽ കൊറോണ പടർന്നു പിടിച്ചത് കാരണം പാസിംഗ് ഔട്ട് പരേഡ് നടന്നില്ല. ഈ വർഷം ഏഴ്, എട്ട് ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 5 ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്നു. അസിസ്റ്റൻറ് കമ്മീഷണർ ഓഫ് കസ്റ്റംസ്, കൊച്ചി ശ്രീ. മൊയ്തീൻ നൈനയാണ് സല്യൂട്ട് സ്വീകരിക്കുന്നത്. പരേഡ് കമാൻഡർ ശ്രീഹരിയും, അണ്ടർ കമാൻഡർ നന്ദന സിജുവുമാണ്.

പ്രധാനാധ്യാപിക പതാക ഉയർത്തുന്നതോടു കൂടിയാണ് പരിപാടികൾ ആരംഭിക്കുന്നത്. പിന്നീട് വർണ്ണശബളമായ പരേഡ്, സല്യൂട്ട് സ്വീകരണവും ,കൂടാതെ വിശിഷ്ടാതിഥി പരേഡ് ദിനസന്ദേശം കേഡറ്റുകൾക്ക് നിൽക്കും. തുടർന്നു സാംസ്കാരിക സമ്മേളനവും ഈ ദിനത്തിന്റെ ഭാഗമാണ്. സന്നിഹിതരാകുന്ന ഏവർക്കും വിഭവസമൃദ്ധമായ പ്രാതലും, ഉച്ചഭക്ഷണവും എല്ലാ പാസിംഗ് ഔട്ട് പരേഡിനും നൽകിവരുന്നു.