ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 സ്കൂൾ അധ്യയനവർഷം വളരെ വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി.സി.ഓമന ചടങ്ങിൽ സന്നിഹിതയായിരുന്നു. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ അവകാശങ്ങൾ, പോക്സോ നിയമങ്ങൾ, സൈബർ സുരക്ഷ എന്നിവയെക്കുറിച്ചുളള ശാക്തീകരണ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി.

ജൂൺ-5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ നേത‍ൃത്വത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു.

ജൂൺ 13-ന് മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷ ബാധയ്ക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി.

ജൂൺ 19-ലെ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.രാജൻ വി.പൊഴിയൂർ നടത്തുകയുണ്ടായി.

ജൂൺ-20 ന് സ്റ്റുഡൻറ് എംപവർമെന്റ് പ്രോഗ്രാമിൽ ശ്രീ.ജിജിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.

ജൂൺ-21 ന് മുക്കോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ശ്രീമതി.മഞ്ജുവിന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി. ഒരു വർഷമായി സ്കൂളിൽ നടന്നുവരുന്ന യോഗക്ലാസിലെ അറിവുകൾ കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു.

ജൂൺ 26-ലെ ലഹരി വിരുദ്ധ ദിനത്തിൽ ജനമൈത്രി പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ ശ്രീമതി.പ്രീത കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്ക്കരണ സെമിനാർ നടത്തുകയുണ്ടായി.

ജൂൺ 27 ഹെലൻ കെല്ലർ ദിനം ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യൂക്കറ്റർ ശ്രീമതി.മേബലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

ജൂലൈ 5-ലെ ബഷീർദിനം ഡോക്യുമെന്ററി പ്രദർശനം, പോസ്റ്ററുകൾ, പുസ്തക പരിചയം എന്നിവ നടത്തി വർണാഭമാക്കി.

ജൂലൈ 14-ന് വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ സൈമൺ സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ദുരുപയോഗത്തെകുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജൂലൈ 21-ലെ ചാന്ദ്രദിനം വളരെ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. ക്വിസ് മത്സരം, റോക്കറ്റ് നിർമ്മാണം, ബലൂൺ റോക്കറ്റ് എന്നിവയുടെ വിക്ഷേപണം,അമ്പിളി മാമന് കത്തെഴുത്ത് തുടങ്ങിയവയിൽ എല്ലാ കുട്ടികളും പങ്കെടുത്തു.

ജൂലൈ 27-ന് പാരീസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സ്കൂളിൽ ദീപശിഖ പ്രയാണം നടത്തി.

ആഗസ്റ്റ് 2-ന് വിദ്യാഭ്യാസ വാരാചരണം സ്കൂളിൽ നടത്തുകയും ഓരോ ദിവസവും ഗണിതം, മലയാളം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ആഗസ്റ്റ് 6, 9 എന്നീ ദിനങ്ങൾ ഹിരോഷിമ, നാഗസാക്കി ഓർമ്മപ്പെടുത്തൽ ദിനങ്ങളായിരുന്നു. യുദ്ധ വിരുദ്ധ പോസ്റ്റർ, ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം, പ്രദർശനം എന്നിവയിലൂടെ യുദ്ധവിരുദ്ധ അവബോധം കുട്ടികളിലുളവാക്കി.

ഈ അധ്യയന വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ വർണ്ണാഭമാക്കി.

ആഗസ്റ്റ് 23-ലെ ദേശീയ ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.

ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13-ന് വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി. അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.

കുട്ടികളിലെ ശാസ്ത്രാഭിരുചി, സർഗ്ഗാത്മക സൃഷ്ടികൾ എന്നിവ പരിപോഷിപ്പിക്കുന്നതിലേക്കായി സെപ്റ്റംബർ 23,24 തീയതികളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേള നടത്തുകയും സബ് ജില്ലാ മത്സരങ്ങളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ അധ്യയന വർഷത്തെ ഗാന്ധിജയന്തി ദിനാഘോഷം വളരെ വിപുലമായി ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്ക്കരണ ക്ലാസ് എന്നിവയിലൂടെ ദിനാഘോഷത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

ഒക്ടോബർ 22 വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലേക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.

കേരളപ്പിറവി ദിനവും ശിശുദിനവും വളരെ വിപുലമായ പരിപാടികളോടെയാണ് സ്കൂളിൽ ആഘോഷിച്ചു.

ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് സ്പെഷ്യൽ അസംബ്ലിയിൽ ബി.ആർ.സി സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീമതി.മേബൽ ബോധവത്കരണം നടത്തി. സ്ക്കൂളിൽ എത്താൻ കഴിയാത്ത ആറാം ക്ലാസിലെ അഭിൻ രാജിന്റെ ജന്മദിനത്തിന് സ്കൂളിലെ അധ്യാപകരും ബി.ആർ.സി അംഗങ്ങളും കുട്ടിയുടെ വീട്ടിലെത്തി ജന്മദിനാശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ക്രിസ്തുമസ് കരോൾ, പുൽക്കൂട് തയ്യാറാക്കൽ, കേക്ക് വിതരണം തുടങ്ങി നിരവധി പരിപാടികളോടെ ഈ വർഷത്തെ ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു.

ഒന്നാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുളള കുട്ടികളെ ഉൾപ്പെടുത്തി പഠന വിനോദ യാത്ര സംഘടിപ്പിച്ചു.

ജനുവരി 26-ന് ഹെഡ് മാസ്റ്റർ പതാക ഉയർത്തി റിപ്പബ്ലിക് ദിനാചരണത്തിന് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അന്നേദിവസം നിരാമയ റിസോർട്ടിൽ 21 കുട്ടികളെ അതിഥികളായി ക്ഷണിക്കുകയും ചിത്രരചനാ മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

കായികലോകത്തിന് എന്നും ആവേശം പകരുന്ന ഫുട്ബോൾ രാജാവ് മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും 12 അംഗ സംഘം സ്കൂൾ സംന്ദർശിക്കുകയും കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുകയും ചെയ്തു. കുട്ടികൾക്കായി ഫുട്ബോൾ സമ്മാനിച്ചാണ് അവർ മടങ്ങിയത്.

വിഴിഞ്ഞം ഹാർബർ സ്കൂളിൽ വച്ച് നടന്ന ഒരു ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ യു.പി ക്ലാസിലെ കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി.

സാഹിത്യമേഖലയിൽ കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനായി ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന ഒരു ശിൽപശാല ബി.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു.

ജനുവരി 30 ന് സ്പെഷ്യൽ അസംബ്ലിയോടെ രക്തസാക്ഷി ദിനം ആചരിച്ചു.

വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ പോരാടുന്നതിലേക്ക് ഫെബ്രുവരി 7-ാം തീയതി മജിഷ്യൻ ശ്രീ.നാഥ് അവർകളുടെ നേതൃത്വത്തിൽ ഒരു മാജിക് ഷോ സ്കൂളിൽ സംഘടിപ്പിച്ചു.

ഫെബ്രുവരി 10-ന് സ്കൂൾതല കായിക മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

സാവ്ലോൺ ഹാന്റ് വാഷ് കമ്പനിയുടെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 13-ന് വീഡിയോ പ്രദർശനം നടത്തുകയും എല്ലാ കുട്ടികൾക്കും ഹാന്റ് വാഷ് സൗജന്യമായി നൽകുകയും ചെയ്തു.

ഫെബ്രുവരിയിൽ പബ്ലിക് ഹിയറിംഗിലൂടെ ഒമ്പത് അംഗ സമിതി സ്കൂൾതല പ്രവർത്തനങ്ങൾ വിലയിരുത്തുകയും അതിന്റെ റിപ്പോർട്ട് സ്കൂൾസഭയിൽ അവതരിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 28-ന് ശാസ്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു. ശാസ്ത്രമാജിക്കോടുകൂടി ഹെഡ് മാസ്റ്റർ ശാസ്ത്രദിനം ഉദ്ഘാടനം ചെയ്തു. 5,6,7 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കൈപുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഒന്നാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുളള കുട്ടികൾ പങ്കെടുത്ത ശാസ്ത്രപ്രദർശനത്തിൽ 51 ശാസ്ത്രപരീക്ഷണങ്ങൾ നടത്തി ശാസ്ത്രദിനം ഗംഭീരമാക്കി.

കുട്ടികൾ ആർജ്ജിച്ചെടുത്ത മികവുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനായി മാർച്ച് 12-ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പഠനോത്സവം സംഘടിപ്പിച്ചു. പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികളുടെ പ്രദർശനവും അക്കാദമിക മികവുകളുടെ അവതരണവും നടന്നു.

2024-25 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടന്ന മറ്റ് പ്രവർത്തനങ്ങൾ.....

  • സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.
  • അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ് തുടങ്ങിയ ക്വിസ് പരിപാടികൾ‍
  • ഗണിതലാബ് പ്രവർത്തനങ്ങൾ
  • ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിലുളള ആയിരത്തോളം പുസ്കതകങ്ങൾ കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ഉപയോഗിക്കുന്നു.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.
  • LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.
  • കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിലേക്കുളള പരിശീലനം
  • ബി.ആർ.സി യിൽ നിന്നുളള കായിക അധ്യാപകരുടെ സേവനം
  • ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)
  • CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.
  • PTA/SMC/SRG യോഗങ്ങൾ
  • അധ്യാപകരുടെ പരിശീലന പരിപാടികൾ
  • പഠനോപകരണങ്ങളുടെ വിതരണം
  • ഭവന സന്ദർശനം

ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങളിലൂടെ 2024-25 അധ്യയനവർഷം നിരവധി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

അക്ഷരമുറ്റം ക്വിസ് എൽ.പി വിഭാഗത്തിൽ സബ് ജില്ലാതലം ഒന്നാം സ്ഥാനം, അറിവുത്സവം ക്വിസ് മത്സരത്തിൽ സബ് ജില്ലാതലം എൽ.പി. വിഭാഗത്തിലും യു.പി.വിഭാഗത്തിലും രണ്ടാം സ്ഥാനം, എൽ.എസ്. എസ് സ്കോളർഷിപ്പ് പരീക്ഷയിലെ മികച്ച വിജയം, വെളളനാട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ജി.കെ ക്വിസിൽ എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം തുടങ്ങി വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു.

സബ് ജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവൃത്തിപരിചയ മേളയിൽ ക്ലേ മോഡലിംഗിൽ രണ്ടാം സ്ഥാനം, വെജിറ്റബിൾ പ്രിന്റിംഗിൽ രണ്ടാംസ്ഥാനം, തുടങ്ങി വിവിധ വിഭാഗങ്ങളിലായി എ ഗ്രേഡുകൾ കരസ്ഥമാക്കി.

സർഗോത്സവം സബ് ജില്ലാതലം ജലച്ചായത്തിൽ 4-ാം ക്ലാസിലെ ഗൗതം ഗോപന് ഒന്നാം സ്ഥാനം ലഭിച്ചു.

അറിവുത്സവം, അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, വാങ്മയ പ്രതിഭാ പരീക്ഷ, സുഗമ ഹിന്ദി, ഹെൽപ്പിംഗ് ഹാന്റ്, ഇ-ക്യൂബ് , സുരീലി ഹിന്ദി, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

ശക്തമായ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, എസ്.ആർ.ജി എന്നിവയുടെ നിസ്സീമമായ സഹകരണത്തോടു കൂടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി നമ്മുടെ സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.