ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ

ഈർക്കിൽ കളി

തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ്  തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ എന്ന പേരിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കാറുള്ളത്. ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം. പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും. അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും.

കുളംകര

രണ്ടോ അതിലധികമോ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് കുളംകര. ആദ്യം തന്നെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഒരു വൃത്തം വരക്കുന്നു. വൃത്തത്തിന് ചുറ്റുമായി കുട്ടികൾ നിൽക്കണം. വൃത്തത്തിനു നടുവിലായി ഒരു നേതാവും. നേതാവാണ് കളി നിയന്ത്രിക്കുന്നത്. വൃത്തത്തിന് ഉൾവശം കുളവും പുറംഭാഗം കരയും ആയി സങ്കല്പിക്കണം. നേതാവ് കുളം, കര എന്ന് മാറി മാറി പറയുന്നതിന് അനുസരിച്ചു കുട്ടികൾ കുളത്തിലേക്കും കരയിലേക്കും മാറി മാറി ചാടണം. ചിലപ്പോൾ നേതാവ് കുളം അല്ലെങ്കിൽ കര എന്ന് തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കും. ആ സമയം തെറ്റായ ചാട്ടം നടത്തുന്ന കുട്ടികൾ കളിയിൽ നിന്നും പുറത്ത് പോകും. കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടി വിജയിക്കുകയും ചെയ്യും.

കുറ്റിയും കോലും

ആദ്യം ഒരു കുഴിയുണ്ടാക്കുന്നു .വലിയ ഒരു കോലു ഉപയോഗിച്ചു ചെറിയ കോല് ഉപയോഗിച്ചു കുഴിയിലെ കുഴിയിലെ കോല് തട്ടുന്നു .തട്ടി ഏറ്റവും ദൂരെ അടിച്ച ഇടുന്നവർ ജയിക്കുന്നു .

ഒളിച്ചുകളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച്, ഏതെങ്കിലും മരത്തിനോട് / ചുമരിനോട് അഭിമുഖമായി നിന്ന് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.

ചിലയിടങ്ങളിൽ ഈ കളിയെ സാറ്റ് എന്ന് പറയുന്നു. അവിടങ്ങളിൽ എണ്ണിയ ആൾ മറ്റുള്ളവരെ കണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീട് എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ചവരിൽ ആരെങ്കിലും, എണ്ണിയ ആൾ മരത്തിൽ തൊട്ട് അയാളുടെ പേര് പറയുന്നതിന് മുൻപ് ഓടി വന്ന് മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്.

അമ്മാനക്കളി

കരുക്കൾ ഒന്നൊന്നായി ക്രമത്തിൽ മുകളിലേക്ക് എറിയുകയും അവ തിരിച്ചു വീഴുമ്പോൾ കൈ കൊണ്ട് അതേ നിരയിൽ പിടിച്ചെടുക്കുകയും വീണ്ടും മുകളിലേക്ക് എറിയുകയും ചെയ്യുന്നു. പരിചയം ഏറിയവർ ഇത് അതിവേഗത്തിൽ ആവർത്തിക്കുന്നു. കരുക്കൾ താഴേക്കു പതിക്കുമ്പോൾ അവ വെട്ടിപ്പിടിച്ച് മുകളിലേക്കു എറിയുന്ന രീതിയും നിലനിന്നിരുന്നു. കളിക്കിടയിൽ കരു താഴെ വീഴുകയോ കൈക്കുള്ളിൽ ഇരുന്നു പോകുകയോ ചെയ്താൽ കളിക്കുന്ന വ്യക്തി പുറത്താകും.

തൊട്ടുകളി

പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ രീതി. ഒരു കാൽ മടക്കിവച്ചു ചാടിക്കൊണ്ട് മറ്റുള്ളവരെ തൊടാനായി ശ്രമിക്കുന്ന തരം തൊട്ടുകളിയും തെക്കൻ കേരളത്തിലുണ്ട്. ഇതിന് കൊന്നിത്തൊട്ടുകളി എന്നാണ് പറയുന്നത്. തൊട്ടുകളി മൈതാനത്തിലും പറമ്പിലുമെന്നപോലെ കുളത്തിലും മറ്റും കളിക്കുന്ന പതിവും തെക്കൻ കേരളത്തിലുണ്ട്. മുങ്ങിയും നീന്തിയും തൊടാൻ വരുന്നയാളിൽനിന്ന് മാറിമാറിപ്പോവുകയാണ് ഇതിൽ ചെയ്യുന്നത്.

ചെമ്പഴുക്കാക്കളി

''ആർ കൈയിലാർക്കൈയിലോ മാണിക്യ ചെമ്പഴുക്കാ ഓടുന്നുണ്ടോടുന്നുണ്ടേ ആ മാണിക്യചെമ്പഴുക്ക''എന്ന് തുടങ്ങുന്ന പാട്ട് ഈ കളിയുടേതാണ്. കളിക്കാർ വട്ടത്തിലിരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിനു നടുവിൽ നിർത്തും. ഒരു അടയ്ക്കയോ അല്ലെങ്കിൽ നിറമുള്ള മറ്റെന്തെങ്കിലും സാധനമോ കണ്ണുകെട്ടിയ കുട്ടി കാണാതെ മറ്റു കുട്ടികൾ കൈമാറും. സാധനം ആരുടെ കൈയിലാണെന്ന് കണ്ണുകെട്ടിയ കുട്ടി കണ്ടെത്തണം. കണ്ടെത്തിയാൽ പഴുക്ക കൈയിലുള്ള കുട്ടിയാണ് പിന്നീട് നടുവിൽ നിൽക്കേണ്ടത്.

അണ്ടർ ഓവർ

ഒരു വട്ടവും അതിനു മുമ്പിൽ കുറച്ച് അകലത്തിൽ ഒരു വരയും വരച്ചാൽ 'അണ്ടർ ഓവർ' കളിക്കാനുള്ള സ്ഥലം തയ്യാറായി.ഈ വട്ടത്തിൽ പുറതിരിഞ്ഞ് നിന്ന് ഒരാൾ ഒരു ചെറിയ കമ്പ് പുറകോട്ട് എറിയുകയും ആ കമ്പ് ഒറ്റക്കാലിൽ ചാടി ചെന്ന് തട്ടി തട്ടി തിരിച്ച് വട്ടത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് 'അണ്ടർ ഓവർ'

കളിക്കുന്നവർ ആദ്യം കമ്പ് എറിയാനുള്ള ക്രമം നിശ്ചയിക്കുന്നു. കമ്പ് എറിയുന്ന ആൾ കമ്പുമായി വട്ടത്തിൽ മറ്റുള്ളവർക്ക് പുറം തിരിഞ്ഞ് നിൽക്കുന്നു. മറ്റുള്ളവർ വര്യ്ക്ക് പുറകിലായി നിൽക്കുന്നു. വട്ടത്തിൽ നിൽക്കുന്ന ആൾ "അണ്ടർ" എന്ന് പറയുമ്പോൾ മറ്റുള്ളവർ "ഓവർ"എന്ന് പറയും.ഇത് പറഞ്ഞ് കഴിയുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ തന്റെ കൈയ്യിലെ ചെറിയ കമ്പ് പുറകോട്ട് പൊക്കി എറിയുന്നു. എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം പോകണം. അപ്പുറം പോയില്ലങ്കിൽ എറിയുന്ന ആൾ ഔവ്ട്ടാവുകയും അടുത്ത ആൾക്ക് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.വട്ടത്തിൽ നിൽക്കുന്ന ആൾ കമ്പ് പുറകോട്ട് എറിയുമ്പോൾ വരയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് ആ കമ്പ് പിടിക്കാം. ഇങ്ങനെ കമ്പ് വരയ്ക്ക് പിന്നിൽ നിൽക്കൂന്നവർ പിടിച്ചാൽ കമ്പ് എറിയുന്ന ആൾ ഔവ്ട്ടാവുകയും കമ്പ് പിടിച്ച ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും.(ഇങ്ങനെ കമ്പ് പിടിച്ചാൽ, നേരത്തെ നിശ്ചയിച്ച കമ്പ് എറുയാനുള്ള ക്രമം നോക്കാതെ കമ്പ് പിടിച്ച ആൾക്കായിരിക്കും അവസരം). ഔട്ടായ ആൾ വരയ്ക്ക് പിന്നിൽ മറ്റുള്ളവരുടെ കൂടെ കമ്പ് പിടിക്കാനായി നിൽക്കണം.വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് കമ്പ് എറിയുമ്പോൾ ആരും പിടിക്കാതയും വരയ്ക്ക് അപ്പുറത്തുമാണ് പോയതെങ്കിൽ കമ്പ് എറിഞ്ഞ ആൾ ഒറ്റക്കാലിൽ(ഒരു കാൽ മുട്ടിന്റെ അവിടെവെച്ച് മടക്കി പിടിക്കണം) ചാടി ചാടി ഈ കമ്പിന്റെ അടുത്ത് എത്തണം. എന്നിട്ട് കാലുകൊണ്ട് കമ്പിന്റെ പുറത്ത് ചവിട്ടണം. എന്നിട്ട് ഒറ്റക്കാലുകൊണ്ട് ആ കമ്പ് തട്ടി തട്ടി വട്ടത്തിന്റെകത്ത് എത്തിക്കണം.  കമ്പിൽ ചവിട്ടാൻ വരുമ്പോഴും കമ്പ് തട്ടിക്കൊണ്ട് പോകുമ്പോഴും മടക്കി പിടിച്ചിരിക്കുന്ന കാൽ നിലത്ത് കുത്തിയാൽ ഔട്ടാകും. അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.കമ്പ് തട്ടി വട്ടത്തിന്റെകത്തേക്ക് കൊണ്ടൂപോകുമ്പോൾ കമ്പ് തട്ടി വീഴ്ത്തുന്നത് വട്ടത്തിന്റെ വരയിൽ ആണങ്കിലും ആൾ ഔട്ടാകും. കമ്പ് വട്ടത്തിന്റെ വരയിൽ വീഴാതെ വേണം വട്ടത്തിന്റെകത്ത് എത്താൻ.

വട്ടത്തിന്റെ വെളിയിൽ നിന്ന് എവിടെ നിന്നാണോ അവസാനം കമ്പ് തട്ടി വട്ടത്തിനകത്തേക്ക് ഇട്ടത്, അവിടെ നിന്ന് വട്ടത്തിന്റെകത്ത് വീണ കമ്പിൽ ഒറ്റക്കാലിൽ തന്നെ ചാടി ചവിട്ടുകയും ചെയ്യണം. ഇങ്ങനെ ചെയ്താലേ പോയിന്റ് (പണം) കിട്ടൂ. ഇങ്ങനെ ചാടി ചവിട്ടാൻ കഴിഞ്ഞില്ലങ്കിലും ആൾക്ക് പോയിന്റൊന്നും കിട്ടാതെ ഔട്ടാവുകയും അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും. പോയിന്റ് നേടികഴിഞ്ഞാൽ അയാൾക്ക് തന്നെ കളി തുടരാം. എന്നുവെച്ചാൽ ഈ ആൾക്ക് തന്നെയാണ് പിന്നയും(ഔട്ട് ആകുന്നതുവരെ) വട്ടത്തിൽ നിന്ന് കമ്പ് എറിയാനുള്ള അവസരം.

വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറത്ത് ചെന്ന് വീഴുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ ഒറ്റക്കാലിൽ ചാടി വന്ന് ആ കമ്പിൽ ചവിട്ടണം. മറ്റേകാൽ കുത്താതെ തന്നെ കമ്പ് തിരിച്ച് തട്ടി തട്ടി വട്ടത്തിനകത്തെക്ക് കൊണ്ടു പോകണം. വട്ടത്തിനകത്ത് വീഴ്ത്തുന്ന കമ്പിൽ ചാടി ചവിട്ടിക്കഴിയുമ്പോൾ ആൾക്ക് ഒരു പോയിന്റ് കിട്ടും.

പട്ടയും ചുള്ളിയും

ഇരുപത് സെൻറീ മീറ്റർ നീളമുള്ള മരകമ്പാണ് ‘ചുള്ളി’. കളിക്കുന്നതിൽ ഒരാൾ, നീളത്തിലുള്ള ഒരു ചെറിയ കുഴിയുടെ മീതേ, ‘ചുള്ളി ‘വച്ച് ഒരു പട്ട(വടി) കൊണ്ട് കോരി ‘ചുള്ളിയെ’ ദൂരെ തെറിപ്പിക്കും.അപ്പോൾ മറ്റു കുട്ടികൾ ‘ചുള്ളി’ പിടിക്കാൻ നോക്കും. താഴെ വീഴുന്നതിനു മുമ്പ് ആരെങ്കിലും ‘ചുള്ളിയെ’ പിടിച്ചാൽ പട്ട കൊണ്ട് ‘ചുള്ളി’ തെറിപ്പിച്ചവന് കളി നഷ്ടപ്പെടും.

ഓലപ്പന്തുകളി

തെങ്ങോലയോ പനയോലയോ മെടഞ്ഞുണ്ടാക്കുന്ന പന്താണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർ രണ്ടു ടീമായാണ് കളിക്കുക. ആദ്യം ഒരു മരക്കുറ്റിയോ കല്ലോ ഗ്രൗണ്ടിൽ ഉറപ്പിക്കും. കളി തുടങ്ങുമ്പോൾ ഒരു ഗ്രൂപ്പിലെ കളിക്കാർ കുറ്റിയുടെ അടുത്തും മറ്റേ കൂട്ടർ എതിർ ഭാഗത്ത് നിന്നുമാണ് കളിക്കുക.

കോട്ടിക്കളി

കോട്ടികളിക്ക് നിരവധി പ്രാദേശിക വകഭേദങ്ങളുണ്ട്.മണ്ണിൽ ചെറിയ കുഴിയുണ്ടാക്കിയ ശേഷം അൽപം അകലെ ഒരു വരയിടുന്നു. അവിടെ നിന്നും കോട്ടി കുഴിയിൽ വീഴ്ത്തുകയാണ് വേണ്ടത്. കുഴിയിൽ വീണ കോട്ടി കളിക്കാരന് സ്വന്തമാക്കാം.  കള്ളി വരച്ച്  എതിർ ടീം പറയുന്ന കോട്ടിക്ക് എറിഞ്ഞ് അത് കള്ളിയുടെ പുറത്തേക്ക് തെറിപ്പിച്ചാൽ കോട്ടി ആ കള്ളിയിലെ കോട്ടി മുഴുവൻ കളിക്കാരന് സ്വന്തമാക്കുന്നത് വേറൊരു കളി.

മറ്റൊന്ന് ഓരോ മീറ്റർ ഇടവിട്ട് തുല്യഅകലത്തിൽ മൂന്ന് ചെറിയ കുഴികൾ കുഴിക്കുന്നു. ആദ്യ കുഴിയിൽ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒൻപതു പ്രാവശ്യം കോട്ടി കുഴിയിൽ വീഴ്ത്തണം. വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോൾ, മറ്റുള്ളവരുടെ കോട്ടികൾ അടുത്തെങ്ങാനും ഉണ്ടെങ്കിൽ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്.

ചട്ടി പന്ത്

ഇത് രണ്ട് ടീമായി കളിക്കുന്ന കളിയാണ്. ഒരു പന്തും കുറച്ച് ഓടിൻറെ കഷ്ണങ്ങളുമാണ് ഈ കളിക്കാവശ്യം. ഒരു ടീം അട്ടിയാക്കി വെച്ച ഓടിൻറെ കഷ്ണങ്ങളിലേക്ക് പന്തെറിയുന്നു. ഓടിൻറെ കഷ്ണങ്ങൾ വീണാൽ എറിഞ്ഞ ടീം ആ കഷ്ണങ്ങൾ വീണ്ടും അട്ടിയാക്കി വെയ്ക്കണം. ആ സമയം എതിർ ടീം അട്ടിയാക്കി വെക്കുന്ന ആൾക്കാർക്ക് നേരെ പന്തെറിഞ്ഞ് അവരെ തടസ്സപ്പെടുത്തുന്നു. ആർക്കെങ്കിലും ഏറ് കൊണ്ടാൽ ആ ടീം അയോഗ്യരായി. ഇങ്ങനെ പന്തേറ് കൊള്ളാതെ ഏത് ടീമാണോ ഓട്ടു കഷ്ണങ്ങൾ മുഴുവനായി അട്ടിയാക്കി വെക്കുന്നത്. അവർ കളിയിൽ വിജയിക്കും. ഒരേ സമയം രണ്ടു ഭാഗത്തേക്കും ശ്രദ്ധ കൊടുക്കേണ്ട ഒരു കളിയാണിത്.

നമ്മുടെ പഴയ കാലത്തെ കളികളൊന്നും വെറും കളികളായിരുന്നില്ല. ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കുന്ന നല്ല പാഠങ്ങളായിരുന്നു ഓരോന്നും. കൊല്ലും കൊലയും കളികളായി മാറിയ നവ സാങ്കേതിക വിദ്യയുടെ കാലത്ത് നന്മയുടെ, സ്നേഹത്തിൻറെ, ഒരുമയുടെ കൂട്ടായ്മകളായ പഴയ കളികളും കളിക്കളങ്ങളും ചില വലിയ ഒാർമ്മപ്പെടുത്തലുകൾ കൂടിയാണ്.

കൂട്ടപ്പെര

മെടഞ്ഞതോ അല്ലാത്തതോ ആയ തെങ്ങിൻറെ ഒാലകൾ, പഴയ തുണികൾ,ശീലകൾ എന്നിവ ഉപയോഗിച്ച് വീടുണ്ടാക്കി കളിക്കുന്ന രീതിയാണ് കൂട്ടപ്പെര.

കൂട്ടപ്പെര നമ്മുടെ കുടുംബാംഗങ്ങളുടെയും കുടുംബ ജീവിതത്തിലെയും സാഹചര്യങ്ങളും പെരുമാറ്റങ്ങളും കുട്ടികൾ അവതരിപ്പിക്കുന്ന രീതിയാണ്. കുട്ടികളിൽ സാമൂഹ്യ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഇത്തരം കളികൾ അവസരം ഒരുക്കിയിരുന്നു.

പാമ്പും കോണിയും

വീടിനുള്ളിൽ കളിക്കാവുന്ന കളിയാണിത്. 1 മുതൽ 100 വരെയെഴുതിയ കള്ളികളുള്ളതാണ് കളിക്കളം. ഇതിൽ പാമ്പിൻറെയും കോണിയുടെയും രൂപങ്ങൾ വരച്ചിട്ടുണ്ടാവും. ആറു വശങ്ങളിലായി 1 മുതൽ 6 വരെ അടയാളപ്പെടുത്തിയ സമചതുര കട്ടകൊണ്ടാണ് കളിക്കുന്നത്. കട്ട നിലത്തിടുമ്പോൾ മുകളിലെ വശത്തുള്ള സംഖ്യ നോക്കി കളത്തിലെ കരു നീക്കണം. കരു നീക്കി ഏണിയുള്ള കളത്തിലെത്തിയാൽ ആ ഏണിയുടെ മറ്റേ അറ്റമുള്ള കളത്തിലേക്ക് കരു നീക്കാം മറിച്ച് പാമ്പുള്ള കളമാണെങ്കിൽ താഴോട്ടിറങ്ങേണ്ടി വരും. ഇങ്ങനെ കളിച്ച് നൂറാമത്തെ കളത്തിലേക്ക് കരു എത്തിച്ചയാൾ വിജയിക്കും. നല്ല ഏകാഗ്രതയും ശ്രദ്ധയും വേണ്ട കളിയാണിത്.