ഗവ. യു പി എസ് കണിയാപുരം/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
ലക്ഷ്യം : ഒരു ദേശത്തിന്റെ സ്വന്തമായ സംസ്കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷാ പ്രയോഗങ്ങളും , നാട്ടറിവുകളും , നാടൻ കലകളും, നാടൻ കളികളും പരിചയപ്പെടുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.
പഠനോദ്ദേശ്യങ്ങൾ
- പ്രാദേശിക ഭാഷാ പദങ്ങൾ തിരിച്ചറിയൽ
- നാട്ടറിവുകൾ തിരിച്ചറിയൽ
- സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ തനതായ കലകളും കളികളും തിരിച്ചറിയുക.
ആമുഖം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ , തിരുവനന്തപുരം താലൂക്കിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലും ഉൾപ്പെട്ട സ്ഥലമാണ് കണിയാപുരം എന്ന കൊച്ചു പ്രദേശം.
ഈ നാട് മതസൗഹാർദ്ദത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്. നൂറോളം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു മത വിഭാഗങ്ങൾക്ക് മിക്ക മാസവും ഉത്സവമേളമാണ് .
വിവരശേഖരണം
വിവിധ തരം നാടൻ കലകൾ
- ഒപ്പന
ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.
- കോൽക്കളി
കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്.
നാടൻ കളികൾ
- അക്കുത്തിക്കുത്താന
ചിലയിടങ്ങളിൽ അത്തള പിത്തള തവളാച്ചി എന്ന് പേരുണ്ട്. കുട്ടികൾ കൂട്ടം കൂടിയിരുന്ന് കൈ കമിഴ്ത്തിവച്ച് അക്കുത്തി..... എന്നു പറയുന്നു.ചൊല്ലി നിർത്തുന്നിടത്തെ കുട്ടി കൈ മലർത്തുന്നു .... അങ്ങനെ കൈയുടെ സ്ഥാനം മാറ്റാൻ കഴിയുന്ന കുട്ടി വിജയിയാകുന്നു ഇത് കൂടുതൽ കളിക്കുന്നത് കൊച്ചുകുട്ടികളാണ്
- ഒളിച്ചു കളി
ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ
മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ ആരെയും കണ്ടെത്താനായില്ലങ്കിൽ എണ്ണിയ ആൾ വീണ്ടും എണ്ണണം.
ഈ പ്രദേശത്ത് സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകളും അർത്ഥങ്ങളും
എന്തര് = എന്ത്
നമ്മാട്ടി = മൺവെട്ടി
പയ്യൻ = ആൺകുട്ടി
കുറുക്ക് = മുതുക്
മുടുക്ക് = ജംഗ്ഷൻ
ചാപ്പാട് = ഭക്ഷണം
അപ്പി = ചെറിയ കുട്ടി
നിഗമനം
ജാതിമത കൂട്ടായ്മകൾക്ക് നാടൻകളികളും നാടൻ കലകളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഓരോ ജനവിഭാഗത്തിനും തനതായ ഭാഷാ ശൈലി ഉണ്ട്. നാട്ടറിവുകൾ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി എന്നും നിലകൊളളുന്നു.