ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പറവകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പറവകൾ


നജാദിന് പ്രാവുകൾ എന്ന് പറഞ്ഞാൽ ജീവനാണ്. പ്രാവുകളോടുള്ള കമ്പം കാരണം അവൻ്റെ വാപ്പ അങ്ങാടിയിലെ പക്ഷിക്കടയിൽ നിന്ന് രണ്ട് പ്രാവുകളെ വാങ്ങി വീട്ടിൽ കൊണ്ട് വന്നു. മരക്കഷണങ്ങളും പലകയും ചേർത്ത് കെട്ടി ഒരു പെട്ടി തട്ടി കൂട്ടി പ്രാവുകളെ അതിൽ അടച്ചു.നജാദ് ദിവസവും പ്രാവുകൾക്ക് പൊടിയരിയും പയർമണികളും ഗോതമ്പുമണികളും വെള്ളവുമൊക്കെ നൽകി പരിചരിച്ചു.ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം രാവിലെ നജാദ് പതിവ് പോലെ പ്രാവുകൾക്ക് കുറച്ച് പയർമണികളുമായി കൂട്ടിനടുത്തെത്തി. കയ്യിലിരുന്ന പയർ മണികൾ കൂട്ടിനകത്തെ പിഞ്ഞാണത്തിലേക്കിട്ടു കൂടിനകത്തേക്ക് തലയിട്ട് നോക്കി. ഉമ്മാ... ഉമ്മാ.. കൂട്ടിനകത്ത് ഒരു പ്രാവിൻ കുഞ്ഞുമ്മാ.... അവൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവൻ ഓടി അടുക്കളയിൽ ചെന്ന് ഉമ്മയേയും കൂട്ടി കൂട്ടിനരികിലെത്തി. ങാ... മോനേ... ഒന്നല്ല ... മൂന്ന് കുഞ്ഞുങ്ങളുണ്ട് മോനേ... തളള പ്രാവ് മുട്ടയിട്ട് അടയിരിക്കും അങ്ങനെയാണ് കുഞ്ഞുങ്ങൾ വിരിയുന്നത്....നജാദിൻ്റെ ഉമ്മ തള്ളപ്രാവിൻ്റെ ചിറകുകൾക്കിടയിൽ കണ്ണും പൂട്ടിയുറങ്ങുന്ന അടയ്ക്ക വലിപ്പമുള്ള കുഞ്ഞു പ്രാവുകളെ അവന് കാണിച്ച് കൊടുത്തു. കുഞ്ഞു പ്രാവുകളുടെ മാറ്റങ്ങൾ ഓരോ ദിനവും അവൻ നിരീക്ഷിച്ച് കൊണ്ടിരുന്നു. കുഞ്ഞിളം കാലുകൾ നിലത്തൂന്നി തത്തിതത്തി നടക്കുന്നതും ഇടയ്ക്കിടക്ക് അടഞ്ഞ് തുറക്കുന്ന കൺപോളകളും കുഞ്ഞിളം ചുണ്ട് കൊണ്ട് അധികം തൂവലില്ലാത്ത ചിറകുകൾ കോതി ഒതുക്കുന്നതും കണ്ട് നിൽക്കാൻ എന്ത് രസമാണ്.

ഉമ്മാ.. കുഞ്ഞി പ്രാവുകൾ പറക്കാൻ പഠിച്ചുമ്മാ... ഒരു ദിവസം അവൻ സന്തോഷം കൊണ്ട് നീട്ടി വിളിച്ചു. പ്രാവുകളുടെ കുറുകലും ചിറകടിയൊച്ചയും കൊണ്ട് നജാദിൻ്റെ വീട് പരിസരം സജീവമായി.

ഒരു ദിവസം രാവിലെ പതിവ് പോലെ പയർമണികളുമായി കൂടിനരികിലെത്തിയ നജാദ് കൂട് തുറന്ന് കിടക്കുന്നത് കണ്ടു. അവൻ ആകെ പരിഭ്രമിച്ചു. നജാദ് കൂട്ടിനകത്ത് തലയിട്ട് പ്രാവുകളെ എണ്ണി നോക്കി. ഒരെണ്ണത്തിൻ്റെ കുറവ്.

ഉമ്മാ... സുന്ദരി പ്രാവിനെ കാണാനില്ല ... അവൻ നിലവിളിച്ച് കൊണ്ട് ഉമ്മയുടെ അടുത്തേക്കോടി. മോനേ... അപ്പുറത്തെ കുന്നൻ പൂച്ച ഇവിടെക്കിടന്ന് കറങ്ങണ കണ്ട് ... പുറത്തേക്കൊന്നു നോക്കിയേ... ഉമ്മ പറഞ്ഞു.

അവൻ പുറത്തേക്കോടി.വിറക്പുരയുടെ പുറകിലൊരനക്കം. വിറകുപുരയിൽ അടുക്കി വെച്ചിരുന്ന തടികൾക്ക് മുകളിൽ കയറി അവൻ നോക്കി. ടാ ... കള്ളപൂച്ചേ... നിന്നെ ഞാൻ ... അവൻ അലമുറയിട്ടു. ശബ്ദം കേട്ട് പൂച്ച ചാടിയോടി. തെങ്ങിൻ ചുവട്ടിൽ കിടന്ന് സുന്ദരിപ്രാവ് ചിറകടിച്ച് പിടയുന്നു. നജാദിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല .അവൻ തൻ്റെ കൈ കൊണ്ട് അതിനെ കോരിയെടുത്ത് അടുക്കളയിലേക്കോടി. അവൻ്റെ ഉമ്മ മഞ്ഞളരച്ചു കുഴമ്പുണ്ടാക്കി സുന്ദരി പ്രാവിൻ്റെ മുറിവുകളിൽ പുരട്ടി. ഉമ്മാ... അതിനെ കൊല്ലണം ഉമ്മാ... എൻ്റെ സുന്ദരി പ്രാവിനെ വേദനിപ്പിച്ച ആ കള്ളപ്പൂച്ചയെ കൊല്ലണം... നജാദ് സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ പുലമ്പി.

വേണ്ട മോനേ.. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല.പൂച്ച അറിവില്ലാതെ ചെയ്തതായിരിക്കാം. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ്. പൂച്ചയും പട്ടിയും പാമ്പും പറവകളും പൂമ്പാറ്റകളും എല്ലാം ... ഉമ്മ അവൻ്റെ തലയിൽ തലോടി പറഞ്ഞു. നജാദ് കണ്ണുകൾ തുടച്ച് ഉമ്മയെ കെട്ടിപ്പിടിച്ചു.

ഇൻസാഫ്
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ