ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/നൻമയുടെ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
നൻമയുടെ സമ്മാനം

ദൂരെ അങ്ങ് മേഘ കൊട്ടാരങ്ങൾക്കിടയിൽ തൂവെള്ള നിറം പൂശിയ ഒരു മേഘ കൊട്ടാരം ഉണ്ടായിരുന്നു. അവിടെ ഹിമാൻ എന്നും ഹിമ എന്നും പേരുള്ള ഒരു രാജാവും രാജ്ഞിയും ജീവിച്ചിരുന്നു. അവർക്ക് മൂന്ന് മക്കൾ. ഹിമാൻഷു, ഹൈമിക, ഹിമവതി.

ഹിമവതി മറ്റു രണ്ടു പേരെ അപേക്ഷിച്ച് വളരെ ചെറുതും ആരോഗ്യം കുറഞ്ഞതുമായിരുന്നു. ഹിമവതിയെ മറ്റ് രണ്ടു പേരും എപ്പോഴും കളിയാക്കുക പതിവായിരുന്നു. ഒരു ദിവസം മൂന്നു പേരും കൂടി ഭൂമിയിലേയ്ക്ക് ഒരു യാത്ര പോയി.പോകുന്ന വഴിയിൽ ഉടനീളം ഹിമാൻഷുവും ഹൈമികയും ഹിമവതിയെ കളിയാക്കി കൊണ്ടിരുന്നു. സൂര്യോദയത്തിനു മുന്നെ ഭൂമിയിലെത്തിയില്ലെങ്കിൽ മൂന്നു പേരുടെയും ജീവൻ ആപത്താണ്. ഹിമവതിക്ക് യാത്രയിൽ വേഗത്തിൽ സഞ്ചരിക്കാൻ പ്രയാസമായിരുന്നു. അത് പറഞ്ഞാണവർ അവളെ കുറ്റപ്പെടുത്തിയിരുന്നത്.

ഒരു വിധം അവർ സൂര്യോദയത്തിനു മുമ്പെ ഭൂമിയിലെത്തി. ഭൂമിയലെപ്പോൾ സസ്യജാലങ്ങളെല്ലാം ഉണങ്ങി കരിഞ്ഞു തുടങ്ങിയിരുന്നു.ഇവർ ചെന്നിറങ്ങിയ ഭാഗത്ത് ഒരു കുഞ്ഞു പുൽച്ചെടി നാമ്പ് ദാഹിച്ച് വലഞ്ഞു നിന്നിരുന്നു.ഇവരെ കണ്ടപ്പോൾ പുൽനാമ്പ് സങ്കടത്തോടെ ഹിമാൻഷുവിനോടും ഹൈമികയോടും പറഞ്ഞു. നിങ്ങളിൽ നിന്നും കുറച്ചു ജലം എനിയ്ക്ക് ദയവായി തരുമോ? അല്ലെങ്കിൽ ഞാൻ ഇപ്പോൾ മരിച്ചു പോകും. അഹങ്കാരികളായ അവർ രണ്ടു പേരും പുൽനാമ്പിന്റെ അപേക്ഷ ചെവികൊണ്ടില്ല.പുൽനാമ്പിന്റെ കരച്ചിൽ കണ്ട് സങ്കടം തോന്നിയ ഹിമാവതി പുൽനാമ്പിനോടു പറഞ്ഞു. ഞാൻ അവരുടെ അത്ര വലിപ്പമില്ല എനിയ്ക്ക് നിന്റെ ദാഹം ശമിപ്പിയ്ക്കാനും കഴിയില്ല. എങ്കിലും എന്നെ മുഴുവനായി സ്വീകരിച്ച് നിന്റെ ദാഹം ശമിപ്പിക്കുവാൻ ശ്രമിക്കൂ എന്ന് പറഞ്ഞ് പുൽനാമ്പിനോട് അടുത്തു

പെട്ടെന്ന് അവിടെ വസന്തത്തിന്റെ ദേവത പ്രത്യക്ഷപ്പെട്ടു. ഹിമവതിയുടെ നൻമയിൽ സന്തുഷ്ടയായി ദേവത ഹിമവതിയെ തന്റെ കിരീടത്തിൽ വസിക്കാൻ ഇടം നൽകി.അതിനു ശേഷം അവിടെ മഴ പെയ്യിച്ചു. അഹങ്കാരികളായ ഹിമാൻഷുവും ഹൈമികയും മഴയിൽ അലിഞ്ഞു. പുൽമേടുകൾക്കെല്ലാം മഴ കിട്ടിയ മാത്രയിൽ തളിരിട്ടു പൂക്കൾ വിടരാൻ തുടങ്ങി. അങ്ങനെ പ്രകൃതി മനോഹരിയായി മാറി.

ദേവിക
6 F ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ