ഗവ. യു. പി. എസ്. കുടമുരുട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ ടി.കെ കേശവൻ 1922 ൽ പുല്ലാട് എന്ന ഗ്രാമത്തിൽ ജനിച്ചു. അവിടെനിന്നും റാന്നിയുടെ മലയോര ഗിരിവർഗ്ഗ പ്രദേശമായ വലിയ പതാൽ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മലയാളം മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗിരിവർഗക്കാരുടെ ആവാസ മേഖലയായ ഇടമുറി, പരുവ, കട്ടച്ചിറ, കടുമീൻചിറ, കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ചു. സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തന്റെ സഹജീവികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. കാട്ടു കമ്പുകൾ കൊണ്ട് നിർമ്മിച്ച പുല്ല്, ഈറ എന്നിവകൊണ്ടു മേഞ്ഞ ഷെഡ്ഡ് കളുടെ രൂപത്തിലായിരുന്നു ആദ്യ വിദ്യാലയങ്ങൾ. യാതൊരു പ്രതിഫലവും കൂടാതെ കേരളത്തിൽ അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ പിന്നീട് മറ്റുള്ളവർ കയ്യടക്കുകയുണ്ടായി. അദ്ദേഹം അവസാനം സ്ഥാപിച്ച സ്കൂളാണ് ഇന്ന് കാണുന്ന ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. 1956ൽ പരസഹായമില്ലാതെ സ്വപ്രയത്നത്താൽ അദ്ദേഹം സ്ഥാപിച്ച സ്കൂൾ ആണിത് . ഇത്തരം സ്കൂളുകൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം പോലും ഇല്ലായിരുന്നു. കുടമുരുട്ടി സ്കൂളിന്റെ സ്ഥാപകനും ആദ്യ ഹെഡ്മാസ്റ്ററും കേശവൻ സാർ തന്നെയാണ്.

1961 കേരള ഹരിജൻ വെൽഫെയർ വകുപ്പ് ഗിരിവർഗ്ഗ മേഖലയിലെ ഇത്തരം  സ്കൂളുകൾ ഏറ്റെടുക്കുകയും വയൽ സ്കൂൾ ആയപ്പോൾ നിലവിലുള്ള അധ്യാപകരെ മതിയായ വിദ്യാഭ്യാസ യോഗ്യത യിൽനിന്നും ഇളവു നൽകി നിലനിർത്തി. അങ്ങനെ കേശവൻ സാറും അധ്യാപകനായി തുടർന്നു. 1965ലാണ് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂൾ ഏറ്റെടുത്തത്. ശ്രീ കേശവൻ സാർ ആദിവാസികൾക്കായി സ്ഥാപിച്ച ഇത്തരം സ്കൂളുകൾ ഇന്ന് യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകൾ ആയിവരുന്ന നാട്ടിലെ മുഖ്യധാര വിദ്യാലയങ്ങൾ ആയി മികച്ച നിലയിൽ പ്രവർത്തിക്കുന്നു ഇന്നാട്ടിലെ ജനങ്ങൾ വിദ്യാഭ്യാസകാര്യത്തിൽ കേശവൻ സാറിനോട് കടപ്പെട്ടവരാണ്.

ഇതിനോടകം അദ്ദേഹം തന്റെ വാസസ്ഥലം ചെല്ലക്കാട്,കുടമുരുട്ടി എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 1978 ഇൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും. പിന്നീട് മരണമടയുകയുണ്ടായി

ഒരു അധ്യാപകൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മികച്ച സമുദായ പ്രവർത്തകനും സാധുജനപരിപാലകനും ആയിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന് ഉന്നതിക്കായി ഇന്ത്യൻ ഷെഡ്യൂൾ ട്രൈബ് മഹാസഭ (ഐ എൻ ടി എം) എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിച്ചു പോന്നു. മരണ കാലംവരെ അതിന്റെ നായകൻ അദ്ദേഹം തന്നെയായിരുന്നു. സംഘടനയുടെ പേരിൽ ഉദാരമതികളായവരിൽ നിന്നും സംഭാവന സ്വീകരിച്ച് നിരാലംബരായ സഹജീവികളെ അദ്ദേഹം സംരക്ഷിച്ചു പോന്നു. അവർക്കുവേണ്ടി നീലാംബരി ആശ്രമം എന്ന സ്ഥാപനവും അദ്ദേഹം സ്ഥാപിച്ചിരുന്നു. 1977 കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ ഭാഷാ ഗവേഷണ വിഭാഗത്തിൽ മലവർഗ്ഗക്കാരുടെ ഭാഷാപഠനത്തിൽ ഗവേഷക വിദ്യാർഥികളുടെ ഗൈഡായി നിയമിക്കപ്പെടുകയും യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി. ആദരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സാമൂഹ്യ സാമുദായിക രംഗങ്ങളിൽ നിസ്വാർത്ഥസേവനം കാഴ്ചവെച്ച അദ്ദേഹത്തെ സ്മരിക്കുന്ന അനേകായിരങ്ങൾ ഈ നാട്ടിലുണ്ട്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്കു മുൻപിൽ നമുക്ക് നമിക്കാം .

വിദ്യാഭ്യാസം അന്യമായിരുന്ന ഒരു വർഗ്ഗത്തിന്റെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ച മഹാനായ വ്യക്തിത്വമാണ് കേശവൻ സാറിന്റെത്. പ്രദേശവാസികളായ കെ കെ ഉമ്മൻ, ദേവസ്യ ജോണി എന്നിവർ മുൻകൈയെടുത്ത് ഓല ഷെഡ് ആയിരുന്ന ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സ്കൂളിന് ആവശ്യമായ സ്ഥലം ശ്രീ രാഘവൻ പാലക്കൽ ഉം ശ്രീമതി തങ്ക പാലക്കൽ ഉം ചേർന്നു നൽകി.