Schoolwiki സംരംഭത്തിൽ നിന്ന്
കൃഷിയുടെ മാഹാത്മ്യം
ഒരു കാട്ടിൽ ചിക്കുവെന്ന് പേരുള്ള ആമയും അമ്മുവെന്ന് പേരുള്ള മുയലുമുണ്ടായിരുന്നു. രണ്ടു പേരുടെയും അച്ഛനമ്മമാർ കർഷകരായിരുന്നു. ചിക്കു കുട്ടിക്കാലം മുതൽ അവന്റെ അച്ഛനമ്മമാരെ കൃഷിയിൽ സഹായിക്കുമായിരുന്നു. അമ്മുവിന് കൃഷിപ്പണിയോട് തികഞ്ഞ പുച്ഛമായിരുന്നു. കാലം കടന്നു പോയി. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരായി. അവരുടെ മാതാപിതാക്കൾക്ക് വയസായതോടെ കൃഷിയൊന്നും ചെയ്യാൻ വയ്യാതായി. ചിക്കു തന്റെ ഉദ്യോഗത്തിനൊപ്പം തന്നെ കൃഷിപ്പണിയും തുടർന്നു പോന്നു. "നിന്റെ കൈയിൽ ഇഷ്ടം പോലെ പണമുണ്ടല്ലോ. എല്ലാ സാധനവും കടയിൽ വാങ്ങാനും കിട്ടും. പിന്നെ നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് കൃഷി ചെയ്യുന്നത് ?" - അമ്മു പലപ്പോഴും പരിഹാസത്തോടെ ചോദിക്കും.
അങ്ങനെയിരിക്കെ കാട്ടിൽ ഒരു മാരക രോഗം പിടിപെട്ടു. സിംഹരാജൻ കാട്ടിൽ ' ലോക് ഡൗൺ' പ്രഖ്യാപിച്ചു. മുന്നറിയിപ്പൊന്നും കൂടാതെ കടകമ്പോളങ്ങളെല്ലാം മാസങ്ങളോളം അടച്ചിടേണ്ട സ്ഥിതിയായി. അമ്മുവിന്റെ വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളെല്ലാം കാലിയായി. കാട്ടിൽ മിക്കവരുടേയും സ്ഥിതി അങ്ങനെ തന്നെയായിരുന്നു. മൃഗങ്ങളുടെ കഷ്ടത കണ്ട ചിക്കു ആവശ്യമായ ഭക്ഷണസാധനങ്ങൾ എല്ലാവർക്കും സൗജന്യമായി എത്തിച്ചു കൊടുത്തു. ഇതറിഞ്ഞ മൃഗരാജൻ ചിക്കുവിന് കാട്ടിലെ മികച്ച കർഷകനുള്ള "കർഷകരത്നം " പുരസ്കാരം നൽകി ആദരിച്ചു. ചിക്കുവിനെ മുൻപ് കളിയാക്കയതോർത്ത് അമ്മുവിന് ലജ്ജ തോന്നി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ
|