ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പ്

2020 മാർച്ച് 31 ചൊവ്വാഴ്ച 8.00 പി എം
നാളെ ലോക വിഡ്ഢി ദിനം. കഴിഞ്ഞ വർഷമൊക്കെ തമാശയും കുസൃതികളുമായി കടന്നുപോയ ദിനം. പക്ഷേ ഈ വർഷം ആ തമാശയോ കളിചിരിയോ ഒന്നും എങ്ങും കാണാനില്ല. കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. രാവിലെ എത്തിയ പത്രത്തിലും കൊറോണ തന്നെയാണ് നായകൻ. എപ്പോൾ ടെലിവിഷൻ ഓൺ ചെയ്താലും കൊറോണ വാർത്തകൾ മാത്രം. ആകെ ഭയപ്പെടുത്തുന്ന ഒരവസ്ഥ. പക്ഷേ ഇപ്പോൾ എന്നെ പേടിപ്പെടുത്തുന്നത് മറ്റൊന്നുമല്ല. നമ്മുടെ നാടിനടുത്ത് ഇന്നൊരു മരണം നടന്നിരിക്കുന്നു. കൊറോണ ബാധിച്ച് പോത്തൻകോട് മഞ്ഞമലയിലുള്ള അബ്ദുൾ അസീസ് എന്നയാളാണ് മരിച്ചത്. എൻ്റെ അച്ഛൻ്റെ കുടുംബ വീട്ടിൽ നിന്നും ഒരു രണ്ടു കിലോമീറ്റർ മാത്രമേയുള്ളു മഞ്ഞമലയിലേക്ക്. കൊറോണ നമ്മുടെ കെെയെത്തും ദൂരത്ത് എത്തിയിരിക്കുന്നുവെന്ന വാർത്തയാണ് ഈ ദിവസം എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത്. അച്ഛൻ്റെ വീട്ടുകാർ അസുഖം വന്നാൽ പോകുന്നത് വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ഞാനും മുമ്പ് ഒന്നുരണ്ടു തവണ അവിടെ പോയിട്ടുണ്ട്. മരിച്ച വ്യക്തി രോഗം ബാധിച്ച ശേഷം ആ ആശുപത്രിയിൽ വന്നിരുന്നുവെന്നാണ് വാർത്തകൾ. വേങ്ങോടും അച്ഛൻ്റെ വീടായ വെള്ളാണിക്കലും തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളു. വെള്ളാണിക്കലുള്ള ജനങ്ങൾ എന്ത് ആവശ്യത്തിനും ആശ്രയിക്കുന്നത് വേങ്ങോടാണ്. ചന്ത, പാൽ സൊസെെറ്റി, ആശുപത്രി അങ്ങനെ എല്ലാം അവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു വാർത്ത അറിഞ്ഞതു മുതൽ എല്ലാവരും വലിയ പേടിയിലാണ്. പോത്തൻകോട് പഞ്ചായത്തും അച്ഛൻ്റെ നാടായ മാണിക്കൽ പഞ്ചായത്തും നെല്ലനാട്, മംഗലപുരം, വെമ്പായം പഞ്ചായത്തുകളും അടച്ചുപുട്ടിയിടാനാണ് തീരുമാനമെന്ന് വാർത്തകൾ വരുന്നു. എന്തായാലും അതു നന്നായി. രോഗം പടരാതെ തടയാമല്ലോ. മരിച്ചയാളുമായി ബന്ധപ്പെട്ടവരെ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. നാളെ നല്ല വാർത്തകൾ ഉണ്ടാകട്ടെ. എന്തായാലും ഒന്നുറപ്പാണ്, നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.

ഹിത എ ആർ
5 സി ഗവ. യു. പി. എസ്. ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ