ഗവ. യു.പി.എസ്. പിറമാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിറമാടം എന്ന ദേശം

പുറംമേട്...................!! പുറമഠം.....................!! പിറമാടം...................!!

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട ഒരു പ്രദേശമാണ് പിറമാടം.പിറമാടത്തിൻറെ അതിരുകളിൽ തൊട്ടുകിടക്കുന്ന സ്ഥലങ്ങൾ കിഴക്ക് മാറാടി,വടക്ക് കായനാട്,പടി‍ഞ്ഞാറ് ഊരമന,തെക്ക് മണ്ണത്തൂർ.പിറമാടത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളും പാമ്പാക്കുട പഞ്ചായത്തിൽപ്പെട്ടതാണ്.പിറമാടത്തിന്റെ അതിരുകളിൽ ചേർന്നു കിടക്കുന്ന മാറാടി, രാമമംഗലം പഞ്ചായത്തുകാരും പിറമാടംകേന്ദീകരിച്ച് പ്രവർത്തിക്കുന്നതു കൊണ്ട് അവരും പിറമാടത്തുകാരായിട്ടാണ് കണക്കാക്കപ്പെടുന്നത്.

         ചെറുകുന്നുകളും തടങ്ങളും ഉൾപ്പെട്ട മൊത്തത്തിൽ ഒരു ഉയർന്ന പ്രദേശമാണ്  പിറമാടം.കാടും മേടുമായി കിടന്നിരുന്ന ഈ പ്രദേശത്ത് കുടിയേറിപ്പാർക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ആദിവാസികൾ എന്ന് പറയാവുന്ന ഒരു വിഭാഗം ഇവിടെ പാർത്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കൂടാതെ കർത്താക്കൻമാർഎന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വിഭാഗം ആൾക്കാരും ഇവിടെ താമസമാക്കിയിരുന്നു.അവർ താരതമ്യേന പ്രബലൻമാരായിരുന്നു.അവരുടെ ആധിപത്യത്തെ ചെറുത്തു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അശക്തരായ ആദിവാസികൾ ഇവിടം വിട്ട് പോവുകയായിരുന്നു.അവരുടെ പ്രമാണിത്തം അറിഞ്ഞിരുന്ന ആൾക്കാർ, കർത്താക്കൻമാർ വാണിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പറയുന്നത്.കാലക്രമത്തിൽ  എന്തോ പകർച്ചവ്യാധികൾ പിടിപെട്ട് ഒട്ടേറെ പേർ ചത്തൊടുങ്ങിയ സാഹചര്യത്തിൽ  പ്രബലരായിരുന്ന  കർത്താക്കൻമാർ ഇവിടം വിട്ട് പോയി എന്ന് പറയപ്പെടുന്നു.
          കാടും മേടുമായി കിടന്നിരുന്ന ഈ പ്രദേശത്ത് കുടിയേറി കൃഷിചെയ്യുക അത്ര എളുപ്പമല്ല എന്നു ക ണ്ട് അവഗണിക്കപ്പെട്ട എന്ന അർത്ഥത്തിൽ ഈ പ്രദേശത്തെ പുറംമേട് എന്ന് പറഞ്ഞിരുന്നു.കുറേ കാലത്തിനു ശേഷം അധ്വാനം കൈമുതലാക്കിയ കർഷകർ ഇവിടെ കടന്നുവന്ന് കാടും മേടും വെട്ടിത്തെളിച്ച് കൃഷിയിറക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തു.കാലക്രമത്തിൽ പുറംമേട് എന്നുള്ള പേരുതന്നെ മാറ്റി പുറമഠം എന്നാക്കുകയും പിന്നീടത് പിറമാടം എന്നായിത്തീരുകയും ചെയ്തു.ഏറെ പുരാതനമല്ലാതിരുന്ന അക്കാലത്ത് ഇവിടം പല കാട്ടു മൃഗങ്ങളുടേയും ആവാസ കേന്ദ്രമായിരുന്നുവെന്ന്ചിലസ്ഥലനാമങ്ങളിൽ നിന്ന്   അനുമാനിക്കാം.കടുവകളെ കണ്ടിരുന്ന സ്ഥലം കടുവക്കാടെന്നും കാട്ടുപോത്തുകളുടെ താവളമായിരുന്നിടം പോത്തോളിയെന്നും അറിയപ്പെട്ടു.പിറവം മൂവാറ്റുപുഴ റോഡിനരികെ പിറമാടം യു പി സ്കൂളിന് തൊട്ടുതാഴെ ഇന്നുള്ള കുളത്തിൽ വേനൽക്കാലത്ത് മാനുകൾ കൂട്ടമായി വന്ന് വെള്ളം കുടിച്ചിരുന്നു എന്നത് ഏറെ പഴയകാര്യമൊന്നുമല്ല.അങ്ങനെ മാനുകൾ വെള്ളം കുടിച്ചിരുന്ന കുളം മാൻകുളമായി.കാലക്രമത്തിൽ  മാൻകുളങ്ങര എന്നത് മാൻകുളത്തിൽ(മാങ്കുളത്തിൽ) എന്നായി മാറി.ഇത് ഇത്തരത്തിലുള്ള ചില ഉദാഹരണ ങ്ങൾ മാത്രം.

പള്ളിക്കൂട്ടം പള്ളിക്കൂടമായി

ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം നിലനിന്ന കാലത്താണ് ആധുനിക രീതിയിലുള്ള സാർവത്രികമായ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നത്.ക്രിസ്ത്യാനികളുടെ പള്ളിയോട് ബന്ധപ്പെട്ടാണ് കേരളത്തിൽ സ്കൂളുകൾ അനുവദിച്ചിരുന്നത്. ഇങ്ങനെ തുടങ്ങിയ വിദ്യാലയങ്ങൾക്ക് പള്ളിക്കൂട്ടം എന്നാണ് ജനങ്ങൾ പറഞ്ഞിരുന്നത്. ഇതു കാലക്രമത്തിൽ പള്ളിക്കൂടം ആയി മാറി.ഇത് തികച്ചും അർത്ഥവത്തായിരുന്നു.

പിറമാടം ഗവ.യു പി സ്കൂളിന് ആരംഭം കുറിച്ചത് പള്ളിപണിയിലൂടെയാണ്.ഇന്ന് മുഖ്യമായും മൂന്ന് കെട്ടിടങ്ങളാണുള്ളത്.അ നാട്ടിലെ പ്രബുദ്ധരായ വിശാലമനസ്കരായ ആളുകൾ കൂടിയാലോചിച്ച് പള്ളിയുടെ നിർമ്മാണം കുറച്ചു കൂടി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുവാനും പള്ളിക്കു വേണ്ടി പണിത കെട്ടിടം സ്കൂൾ തുടങ്ങുന്നതിനും തീരുമാനിച്ച് ആസ്ഥലവും കെട്ടിടവും സർക്കാരിലേക്ക് എഴുതിക്കൊടുത്തു. അങ്ങനെ അക്ഷരാർത്ഥത്തിൽ പള്ളിക്കൂട്ടം പള്ളിക്കൂടമായി മാറി.പിറമാടം ഗവ.ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.
    ഈവിദ്യാലയം തുടങ്ങുന്നതിന് നേതൃത്വംനൽകിയ  ആദരണീയരായ പൂർവ്വികർ ഇടപ്പാലക്കാട്ട് തൊമ്മൻ തൊമ്മൻ ,ഈ നാട്ടുകാർക്ക് തികച്ചും സൗജന്യമായി ആയുർവേദചികിത്സ നൽകിയിരുന്ന വർക്കി വൈദ്യൻ,ഇടപ്പാലക്കാട്ട് സൈമൺ അച്ചൻ,പാരമ്പര്യവിഷചികിത്സകനായിരുന്ന കാലാപ്പിള്ളിൽ ഉലഹന്നൻ വൈദ്യൻ,മേപ്പാടത്ത് തൊമ്മൻ മത്തായി കിഴക്കേടത്ത് ഇത്താപ്പിരി അബ്രാഹാം,മാങ്കുളത്തിൽ വർക്കി പൈലി ,വർക്കി സ്കറിയ തുടങ്ങയവർ ആയിരുന്നു.വിദ്യാലയത്തിൽ പിറമാടം നിവാസികളായ കുട്ടികളെക്കൂടാതെ ഊരമന,കായനാട്,മാറാടി ,മണ്ണത്തൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ വന്നുപഠിച്ചിരുന്നു. രണ്ടുകിലോമീറ്ററോളം തോടും മേടും കടന്ന് ശൂലം മല കയറിയിറങ്ങിയാണ്    കായനാട്ടുനിന്നുള്ള കുട്ടികൾ സ്കൂളിൽ വന്നിരുന്നത്. വർഷകാലത്ത് ശൂലം തോട് കടന്നു വരാൻപറ്റാത്തതുകൊണ്ട് പലവഴികൾ മാറി കയറിയാണ് അവർ കഷ്ടപ്പെട്ട് ഇവിടെ എത്തിയിരുന്നത്.

ഈ പ്രതിസന്ധികൾ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് 7-8 വയസ്സ് ആയിട്ടാണ് കായനാട്ടുകാർ കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. നാലാം ക്ളാസ്സിൽ എത്തുമ്പോഴേക്കുംപലർക്കും 12-13 വയസ്സ് പ്രായമാകുമായിരുന്നു.ഏതായാലും സ്കൂൾ പ്രവർത്തനം സുഗമമായി പോയിരുന്നു. സകൂളിനു വേണ്ടി ആ ദ്യം പണിത കെട്ടിടം അന്നു വൈക്കോൽ മേഞ്ഞതായിരുന്നു. ഈ കാലഘട്ടത്തിൽ പിറമാടം ഗ്രാമത്തിൽ ഓടു മേഞ്ഞ വീടുകൾ അപൂർവ്വമായിരുന്നു.അധികം വീടുകളും വൈക്കോൽ കൊണ്ട് മേഞ്ഞതായിരുന്നു.

ഒരു കുംഭമാസക്കാലം നാലുമണിക്ക് സ്കൂൾ വിട്ടു.കുട്ടികളെല്ലാം തന്നെ അവരവരുടെ വീടുകളിൽ എത്തിയിട്ടുണ്ടാവും.പുതുമഴ പെയ്താൽ കൃഷിയിറക്കത്തക്കവണ്ണം നിലമൊരുക്കുന്ന സമയം ഇതിന്റെ ഭാഗമായി മിക്ക കൃഷിസ്ഥലങ്ങളിലും കരിയിലയും ചപ്പുചവറുകളും വാരിക്കൂട്ടിതീയിട്ടുകത്തിക്കുമായിരുന്നു. സ്കൂളിനുസമീപത്തുള്ള ഒരുപറമ്പിൽ ഇങ്ങനെ തീയിട്ടുകത്തിച്ചുകൊണ്ടിരുന്ന സമയം. അവിടെനിന്നും പറന്നു വന്ന ഒരു തീപ്പൊരി വൈക്കോൽമേഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ വീണു. അത് അവിടെയിരുന്ന് നീറിപ്പുകഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ വൻ അഗ്നിഗോളമായി മാറി. ഇതു കണ്ട ആളുകൾ ബഹളം കൂട്ടി ഓടിയെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മണ്ണുവാരിയെറിഞ്ഞും താഴെയുള്ള കുളത്തിൽ നിന്നും വെള്ളം കോരി കൈമാറി എത്തിച്ച് മുകളിലേക്ക് കോരി എറിഞ്ഞും അഗ്നിയുടെ താണ്ഡവത്തിന് ശക്തി കുറച്ചു.ഇതിനിടയിൽ ഏതാനും ആളുകൾ കെട്ടിടത്തിന്റെ മുകളിൽ കയറി മധ്യഭാഗത്തുനിന്നും വൈക്കോൽ വകഞ്ഞുമാറ്റി ഒരു വിടവുണ്ടാക്കി തീ പടരാതെ കെട്ടിടത്തിന്റെ പകുതിഭാഗം തീയിൽനിന്നും രക്ഷപ്പെടുത്തി.അധികൃതർ എത്തി കാര്യങ്ങൾ വിലിരുത്തി കെട്ടിടം ഓടുമേയാനുള്ള അനുവാദവും ലഭിച്ചു. അങ്ങനെ ഉർവശീശാപം ഉപകാരമായതുപോലെ അതുവരെ വൈക്കോൽ മേഞ്ഞിരുന്ന സ്കൂൾ കെട്ടിടം ഓടുമേഞ്ഞതായി.ഈ സംഭവം നടന്നത് 1948 കാലയളവിലായിരുന്നു.

ഈ കാലത്ത് സ്കൂളിൽ കുട്ടികൾ ധാരാളം ഉണ്ടായിരുന്നു .ഏറെ താമസിയാതെ ഒരുദിവസം ഹെഡ്മാസ്റ്റർ ഒരു രക്ഷാകർതൃയോഗം വിളിച്ചു. യോഗതീരുമാനം മൂന്നു ക്ളാസ്സുകൾ കൂടി അനുവദിച്ച് സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അപേക്ഷിക്കണം എന്നുള്ളതായിരുന്നു.നാട്ടുകാർ അപേക്ഷ തയ്യാറാക്കി അധികൃതർക്കെത്തിച്ചു .അധികൃതർ ആ അപേക്ഷ അനുഭാവപൂർവം പരിഗണിച്ചു. അപ്ഗ്രേഡ് ചെയ്യണമെങ്കിൽ സ്കൂളിന് മിനിമം വിസ്തീർണ്ണം സ്ഥലം വേണ്ടിയിരുന്നു അന്ന് അത് ഉണ്ടായിരുന്നില്ല.സ്കൂളിൽ വീണ്ടും യോഗം വിളിച്ചുകൂടുതലായി വേണ്ടിയിരുന്ന സ്ഥലം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.ഇതിന് അനുയോജ്യമായ സ്ഥലം വടക്കുവശത്തുള്ളത് മാത്രമായിരുന്നു.പ്രസ്തുത സ്ഥലം മാങ്കുളത്തിൽ ശ്രീ വർക്കി സ്കറിയയുടേതായിരുന്നു.രക്ഷാകർതൃ സമിതിക്കാർ ഉടമയെ കണ്ട് ബോധ്യപ്പെടുത്തി. സ്കൂളിന്റെ ആവശ്യം പരിഗണിച്ച് നാമമാത്രമായപ്രതിഫലം പറ്റിക്കൊണ്ട് അര ഏക്കർ സ്ഥലം സ്കൂളിന് വിട്ടുകൊടുത്തു. ഇതിനു വേണ്ടിവന്ന പണം നാട്ടുകാരിൽ നിന്ന് സ്വരൂപിക്കുകയാണുണ്ടായത്.ഇതാണ് ഇപ്പോഴത്തെ കളിസ്ഥലം.

ഇതുകൂടാതെ സ്കൂൾ അനുവദിച്ചസമയത്തും 13 സെന്റ് സ്ഥലവും കൂടി ശ്രീ വർക്കി സ്കറിയ തന്നെ സൗജന്യമായി നൽകിയിരുന്നു.എന്നാൽ ഏഴു സെന്റ് കൂടി മാത്രമേ മിനിമം വിസ്തീർണ്ണം തികയ്ക്കാൻ ആവശ്യമായിരുന്നുള്ളൂ.അതിനാൽ ബാക്കി 6 സെന്റ് സ്ഥലം തിരികെ എഴുതിക്കെടുത്തു.ആവശ്യമായസ്ഥലം ലഭ്യമായതോടുകൂടി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഉത്തരവായി. സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടുകൂടി ഒരുകെട്ടിടം പണിയാൻ അനുവദിച്ചു. സ്കൂൾ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറിയായത് 1962 ൽ ആണ്.

കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരുന്നു.ഏറെ താമസിയാതെ ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം സർക്കാരിൽ നിന്നും പണിതു കിട്ടി.ഏഴ് ക്ളാസ്സുകൾ പൂർത്തിയായതോടുകൂടി വീണ്ടും സ്ഥല പരിമിതി ഉണ്ടായി.അപ്പോൾ മൂന്ന് ക്ളാസ്സുകൾ നടത്തത്തക്ക വലുപ്പത്തിൽ ഷെഡ് നിർമ്മിച്ചു. 1965 ൽ കുട്ടികളുടെ എണ്ണം 450 ആയി.സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.

കടപ്പാട് - ശ്രീ എം എസ് പോൾ (പൂർവ വിദ്യാർത്ഥി,മുൻ അധ്യാപകൻ)