കുറ്റിപ്പുറത്തിനു മലഞ്ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട് 800 വർഷത്തിലധികം പഴക്കമുള്ളൊരു ചരിത്രമുണ്ട്. നിളാനദിയിലൂടെയായിരുന്നു തുറമുഖനഗരവുമായി ബന്ധപ്പെട്ടിരുന്നത്. ചെങ്ങണയിൽകടവ്, കാങ്കപ്പുഴക്കടവ്, മല്ലൂർകടവ് എന്നിവ അക്കാലത്ത് ചെറിയ തുറമുഖങ്ങൾ തന്നെയായിരുന്നു. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള പ്രദേശമാണിത്. കുറ്റിപ്പുറം-ചെമ്പിക്കൽ-തിരൂർ റോഡിനു “ടിപ്പു സുൽത്താൻ റോഡ്” എന്ന പേരു വരാൻ കാരണം തന്നെ ഇതാണ്. 1900-ാമാണ്ടിൽ കുറ്റിപ്പുറത്ത് ഉൽക്ക വീണ സംഭവമുണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടം കൽക്കത്താ മ്യൂസിയത്തിൽ ഇപ്പോഴും പ്രദർശനത്തിനു വച്ചിട്ടുണ്ട്. പഴയ കാലത്ത് കുറ്റിപ്പുറം ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ നടന്നിരുന്ന ശനിയാഴ്ച ചന്ത പ്രശസ്തമായിരുന്നു. ഒപ്പം കന്നുകാലിച്ചന്തയുമുണ്ടായിരുന്നു. അക്കാലത്ത് മരക്കച്ചവടത്തിലും മുൻപന്തിയിൽ കുറ്റിപ്പുറമുണ്ടായിരുന്നു. കൂടാതെ മാങ്ങ, ചക്ക മുതലായ പഴവർഗ്ഗങ്ങൾ വാഗണുകളിലും, ലോറികളിലും കുറ്റിപ്പുറത്തു നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. പുരാതനകാലം മുതൽ പൊന്നാനി തുറമുഖം വഴി കുറ്റിപ്പുറത്തു നിന്നുള്ള വാണിജ്യ സുഗന്ധവിളകളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നു. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് കുറ്റിപ്പുറം. കുറ്റിപ്പുറം പാലമാണ് കുറ്റിപ്പുറത്തിന്റെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായത്.

              ഈ ഗ്രാമത്തിന്റെ ജനവാസചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാഗപറമ്പ് പ്രദേശത്ത് അഞ്ചും ആറും അടി താഴ്ചയുള്ള പൌരാണിക ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. കുറ്റിപ്പുറത്തെ ചുള്ളക്കാട്ടിൽപറമ്പിൽ എന്ന സ്ഥലത്ത് ഒരു കുടുംബത്തിന് കഴിയാൻ മാത്രം വലിപ്പമുള്ള പൌരാണിക ഗുഹയുമുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴ വലയം ചെയ്തിരിക്കുന്നു.
               നടുവട്ടംപാടം, ഇരുവപ്പാടം, കായൻപാടം, കൊളത്തോൾപാടം, കുന്താണിപാടം, പാഴൂർപാടം, പൂങ്കോറപാടം, ചെല്ലൂർപാടം, കഴുത്തല്ലൂർപാടം, എടച്ചലംപാടം, പേരശനൂർ പുഞ്ചപ്പാടം, പൈങ്കണ്ണൂർ പാടം, കുളക്കാട് പാടം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന നെൽക്കൃഷി സ്ഥലങ്ങൾ. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ നിളാതീരം, സമതലം, ഉയർന്ന സമതലം, ചെറുചെരിവ്, കുന്നിൻപ്രദേശം എന്നിങ്ങനെ പ്രധാനമായും അഞ്ചു മേഖലകളായി തിരിക്കാം. “പൂതപ്പാട്ടി”ന്റെ രചയിതാവും മലയാളകവിതയിലെ ആധുനികധാരയുടെ വക്താവുമായിരുന്ന പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദൻ നായർക്ക് ജൻമം നൽകിയത് കുറ്റിപ്പുറമാണ്. അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരനും ആധുനിക ഇന്ത്യൻ ചിത്രകലയിലെ “റാഡിക്കൽ പ്രസ്ഥാന”ത്തിന് രൂപം കൊടുത്തവരിൽ പ്രധാനിയുമായിരുന്ന കെ.പി.കൃഷ്ണകുമാറും കുറ്റിപ്പുറം സ്വദേശിയാണ്.