ഗവ. എൽ പി എസ് തോന്നയ്ക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് ഫോൿലോർ അഥവാ"നാട്ടറിവ്". പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.

സാംസ്കാരിക ചരിത്രം

തോന്നയ്ക്കൽ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ആധികാരികമായ രേഖകളോ,ചരിത്ര രേഖകളോ ഇല്ല. കേട്ടുകേൾവികളും കെട്ടുകഥകളും മാത്രമാണവ. അവയിലൊന്ന് തോന്നൽ കല്ലുകളെക്കുറിച്ചാണ്. തോന്നൽ കല്ലുകളുള്ള ഈ പ്രദേശം തോന്നയ്ക്കലായി പരിണമിച്ചു എന്ന് പറയപ്പെടുന്നു. തോന്നലിൽ നിന്ന് തോറ്റവുമായി തോറ്റത്തിൻ ദേശം തോന്നയ്ക്കലായി എന്നും പറയാറുണ്ട്. ഓരോ നാടിനും അതിന്റേതായ ചില പദങ്ങളും പ്രയോഗങ്ങളുമുണ്ട്. അച്ചി-ഭാര്യ ,അക്കച്ചി-ചേച്ചി ,അവുത്തുങ്ങൾ-അവർ എന്നിങ്ങനെ ധാരാളം പദങ്ങൾ ഉപയോഗിക്കാറുണ്ട്. ഓരോ നാട്ടിലും വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ ഉണ്ടാകുമല്ലോ. ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു മരച്ചീനിപ്പുട്ട്, കട്ടപ്പം, ആലില അട, വാഴപ്പിണ്ടി അവിയൽ, മാങ്ങ അവിയൽ തുടങ്ങിയവ. കൃഷിയെ ആശ്യയിച്ചു കഴിയുന്ന ഒരു ജനവിഭാഗമാണ് ഇവിടെ ഉണ്ടായിരുന്നത്.തെങ്ങ്, മാവ്, പുളി, കശുമാവ് തുടങ്ങിയ വൃക്ഷങ്ങളാൽ നിബിഡമായിരുന്നു ഈ പ്രദേശം.ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആവിർഭാവത്തോടെ തോന്നയ്ക്കൽ ഗ്രാമത്തിന്റെ കാർഷിക ചരിത്രത്തിൽ നിർണായക മാറ്റം സംഭവിച്ചു. നാട്ടിലെമ്പാടും ചെറിയ ചെറിയ കലാ സാംസ്കാരിക സംഘങ്ങൾ രൂപപ്പെടുത്തി നാടകങ്ങളും വിൽപാട്ടുകളും കാക്കാരിശ്ശി നാടകങ്ങളും തിരുവാതിരക്കളികളുമെല്ലാം അവതരിപ്പിച്ചിരുന്നു. തോന്നയ്ക്കൽ സാംസ്കാരിക സമിതി ഉൾപ്പടെയുള്ള സംഘടനകളുടെ രൂപീകരണമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്.