ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ

"ലോക്ഡൗൺ" ഈ വാക്ക് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. പരീക്ഷ ഇല്ലാതെ സ്കൂൾ നേരത്തെ അടച്ച സന്തോഷത്തിൽ വീട്ടിൽ എത്തി അധികം വൈകാതെ ലോക്ഡൗണും എത്തി. ദിവസം ചെല്ലുംതോറും ആ വാക്കിന്റെ അർത്ഥം മനസ്സിലായിത്തുടങ്ങി. എല്ലാവരും വീടിനുള്ളിൽ ഇരിക്കണം. വാഹനങ്ങൾ ഓടില്ല, സ്കൂളുകളും ഓഫീസുകളും പ്രവർത്തിക്കില്ല, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം കുറച്ചുനേരം പ്രവർത്തിക്കും. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക്ക് പോലീസിന്റെ തല്ലും കിട്ടും. ഞാൻ വിചാരിച്ചു ഇതൊക്കെ എന്താണിങ്ങനെ? പിന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലായി. പത്രത്തിലും ടിവിയിലും ഒക്കെ ദിവസേന വാർത്തകൾ. എങ്ങും കൊറോണ എന്ന വൈറസ് മനുഷ്യരെ കൊന്നൊടുക്കുന്നു. ലോകമാകെ ഭീതിയിലാണ് നമ്മുടെ ഇന്ത്യ ലോക്ഡൗണിൽ. കേരളത്തിൽ ആദ്യം വളരെ പേടിയോടെയാണ് നാം കൊറോണയെ കണ്ടത്. എന്നാൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ, ആരോഗ്യ പ്രവർത്തകരുടെ വിശ്രമമില്ലാത്ത പ്രവർത്തനം, ജനങ്ങളുടെ സഹകരണം, പോലീസിന്റെ ഇടപെടൽ എന്നിവ കൊണ്ട് നമ്മുടെ പേടി ക്രമേണ കുറഞ്ഞു വന്നു. ആയിരക്കണക്കിന് ആളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ മരിച്ചു വീഴുമ്പോൾ നമ്മുടെ ഇന്ത്യയും, പ്രത്യേകിച്ച് കേരളം, കൊറോണയെ ഒഴിവാക്കുന്നതിൽ വളരെ മുന്നിലെത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം നമ്മുടെ കുഞ്ഞു കേരളം ആണെന്ന് തോന്നി. മലയാളിയായി കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനം തോന്നി. ഞാനും എന്റെ കൂട്ടുകാരും കാത്തിരിക്കുകയാണ്. കളിചിരികൾ നിറഞ്ഞ നമ്മുടെ വിദ്യാലയത്തിൽ എത്താൻ, കൂട്ടുകാരോടൊത്ത് കളിക്കാൻ, പഠിക്കാൻ, പ്രതീക്ഷയുടെ പുലരി വന്നെത്തുന്നത് കാത്തിരിക്കുന്നു.

പൗർണമി ബി എസ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം